അജികുമാര്‍ കിംസ് ആശുപത്രിയില്‍ സംഘടിപ്പിച്ച ചിത്ര പ്രദര്‍ശനം ജിവിതത്തിന്റെ നേര്‍ക്കാഴ്ചയായി
തിരുവനന്തപുരം 15 മാര്‍ച്ച്: വൃക്കദിനത്തോടനുബന്ധിച്ചു കാട്ടാക്കട സ്വദേശിയായ അജികുമാര്‍ കിംസ് ആശുപത്രിയില്‍ സംഘടിപ്പിച്ച ചിത്ര പ്രദര്‍ശനം സ്വന്തം ജിവിതത്തിന്റെ തന്നെ നേര്‍ക്കാഴ്ചയായി. ജിവിത സാഹചര്യങ്ങളാണ് അജികുമാറിനെ വരയുടെ ലോകത്തേയ്ക്ക് എത്തിച്ചത്. ചെറുപ്പം മുതലേ വൃക്കരോഗത്തിന് ചികില്‍സയിലായിരുന്ന അജികുമാറിന്റെ ജീവിതം മാറ്റിമറിച്ചത് കിംസില്‍ നടന്ന വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയായിരുന്നു.
വൃക്ക മാറ്റിവച്ചതിനുശേഷം വേണ്ടി വന്ന ദീര്‍ഘനാളത്തെ ആശുപത്രി ജീവിതമാണ് അജികുമാര്‍ പടം വരയ്ക്കാനായി തിരഞ്ഞെടുത്തത്. ഈ കാലയളവില്‍ തന്നെ പരിചരിക്കാന്‍ എത്തിയ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും ചിത്രങ്ങള്‍ അജികുമാറിന്റെ കാന്‍വാസില്‍ തെളിഞ്ഞു. വരകള്‍ കൂടുതല്‍ മികവാര്ന്നപ്പോള് പിന്നെ ഏറെ സമയവും വരയുടെ ലോകത്തായി അജികുമാര്‍. ശസ്ത്രക്രിയയിലൂടെ തന്നെ ജീവിതത്തിലേയ്ക്കു കൈപിടിച്ചു നടത്തിയ ഡോക്ടര്‍മാരോടുള്ള നന്ദി സൂചകമായാണു പ്രദര്‍ശനത്തിനു ചിത്രങ്ങള്‍ വരച്ചത് എന്ന് അജികുമാര്‍ പറഞ്ഞു.
ഒന്നര വര്‍ഷം മുന്‍പു സമാനമായ രോഗം മൂലം സഹോദരി മരിക്കാനിടയായതിനെ തുടര്‍ന്നാണു വിദഗ്ധ ചികില്‍സക്കായി അജികുമാര്‍ കിംസില്‍ എത്തിയത്. അമ്മ തന്നെയാണു വൃക്കദാനം ചെയ്തത്. കിംസ് ആശുപത്രിയിലെ വൃക്ക രോഗ ചികില്‍സാ വിഭാഗം ഡോക്ടര്‍മാരായ ഡോ. ലിസി തോമസ്, ഡോ. ബി. സതീഷ്, ഡോ. പ്രവീണ്‍ മുരളീധരന്, യൂറോളജിസ്റ്റ് ഡോ. രേണു തോമസ് എന്നിവരാണു ശസ്ത്രക്രിയക്കു നേതൃത്വം നല്‍കിയത്.