രണ്ടു ദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് പെട്രോളിയം ഉത്പന്നങ്ങള്‍ക്കുള്ള ക്ഷാമം രൂക്ഷമാകും

തിരുവനന്തപുരം 10 മാര്‍ച്ച് (ഹി സ): സംസ്ഥാനത്ത് പെട്രോളിയം ഉത്പന്നങ്ങള്‍ക്കു രണ്ടു ദിവസത്തിനകം കടുത്ത ക്ഷാമം നേരിടും. ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് പുറത്തിറക്കിയ നിയമങ്ങള്‍ പാലിക്കാന്‍ കഴിയില്ലെന്നു കാണിച്ച് ടാങ്കര്‍ ലോറിത്തൊഴിലാളികള്‍ നടത്തുന്ന അനിശ്ചിതകാല സമരത്തെ തുടര്‍ന്നാണിത്. പെട്രോളിയം ഉത്പന്നങ്ങളുടെ അടിക്കടിയുള്ള വര്‍ധന സഹിക്കുന്ന ജനങ്ങള്‍ക്കു വീണ്ടും ഇരുട്ടടിയെന്നോണമാണ് തൊഴിലാളികളുടെ അനിശ്ചിതകാല സമരപ്രഖ്യാപനം വന്നിരിക്കുന്നത്. സര്‍ക്കാരും ലോറിത്തൊഴിലാളി സംഘടനാ നേതാക്കളും ചര്‍ച്ച നടത്തുന്നുണ്ട്. എന്നാല്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള നിയമങ്ങള്‍ പാലിക്കുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നു നേതാക്കള്‍ പറഞ്ഞിട്ടുണ്ട്. സുരക്ഷിതത്വത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ നിയമത്തില്‍ വിട്ടുവീഴ്ച നടത്തില്ലെന്നാണറിയുന്നത്.
ഈ വര്‍ഷം ജനുവരി മുതല്‍ ഇതുവരെ സംസ്ഥാനത്ത് ടാങ്കര്‍ ലോറിഅപകടങ്ങള്‍ പത്തെണ്ണമാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം കണ്ണൂരിലും കരുനാഗപ്പള്ളിയിലും ഉണ്ടായ ടാങ്കര്‍ ലോറി അപകടങ്ങളില്‍ ആള്‍നാശവും സംഭവിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ മുന്നോട്ടു വെച്ചിരുന്നെങ്കിലും ഒന്നും നടപ്പാക്കാനുള്ള ആര്‍ജ്ജവം ഇതുവരെയും കാട്ടിയിട്ടില്ല.
പെട്രോളിയം ഉത്പന്നങ്ങളുടെ ഗതാഗതം തിരക്കേറിയ വീഥികളിലൂടെ നടത്താതെ ജലമാര്‍ഗ്ഗം അവംലംബിക്കാന്‍ നേരത്തേ തീരുമാനമെടുത്തിരുന്നതാണ്. എന്നാല്‍, ഓരോ അപകടങ്ങള്‍ ഉണ്ടാകുന്ന സമയത്തു മാത്രമാണ് ഈ തീരുമാനം ഉദ്യോഗസ്ഥര്‍ പൊടിതട്ടിയെടുക്കുന്നത്. ജലമാര്‍ഗം പെട്രോളിയം ഉത്പന്നങ്ങള്‍ കടത്തുന്നതിന് നിരവധി പ്രശ്‌നങ്ങളുണ്ടെന്നാണ് അധികൃതരുടെ ഭാഷ്യം.
ഇത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ നടപ്പാക്കേണ്ട പദ്ധതിയുമാണ്. പെട്രോളിയം ഉത്പന്നങ്ങള്‍ കയറ്റുന്നതിനാവശ്യമായ ഉപകരണങ്ങള്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഉണ്ടായെങ്കില്‍ മാത്രമേ ജലമാര്‍ഗ്ഗം അവംലംബിക്കാന്‍ കഴിയൂ. ദീര്‍ഘകാല പദ്ധതികള്‍ നടപ്പിലാക്കാന്‍ കാലതാമസം വരുന്നതു കൊണ്ട് സംസ്ഥാന ദുരന്തനിവാരണ വകുപ്പ് പുതിയ മാര്‍ഗ്ഗങ്ങള്‍ ട്രാന്‍പോര്‍ട്ട് വകുപ്പിനോടു നടപ്പാക്കാന്‍ നിര്‍ദേശിച്ചു. ഈ നിര്‍ദേശങ്ങളാണ് വകുപ്പ് നിയമങ്ങളാക്കി ടാങ്കര്‍ലോറി തൊഴിലാളികളെ സര്‍ക്കുലറിലൂടെ അറിയിച്ചത്. പെട്രോളിയും ഉത്പന്നങ്ങള്‍ കൊണ്ടു പോകുന്ന ലോറികള്‍ക്കു മുന്നില്‍ പൈലറ്റ്‌വാഹനം ഉണ്ടായിരിക്കണം. ടാങ്കറും മറ്റു വണ്ടികളും തമ്മില്‍ അരകിലോമീറ്റര്‍ ദൂരം അകലം ഉണ്ടായിരിക്കണം. ടാങ്കറില്‍ രണ്ടു ഡ്രൈവര്‍മാരും ഒരു ക്ലീനറും ഉണ്ടായിരിക്കണം. വാഹനത്തില്‍ തീ അണയ്ക്കാനുള്ള സംവിധാനങ്ങള്‍ ഉണ്ടായിരിക്കണം.
രാത്രി സമയങ്ങളില്‍ മാത്രമേ ടാങ്കറുകള്‍ ഓടാന്‍ പാടുള്ളൂ. തുടങ്ങിയുള്ള നിയമങ്ങളാണ് സര്‍ക്കുലറില്‍ പറയുന്നത്. ഇതു പ്രാവര്‍ത്തികമാക്കാന്‍ കഴിയില്ലെന്നാണു ലോറി ഉടമകളും തൊഴിലാളികളും പറയുന്നത്. സംസ്ഥാനത്ത് അങ്ങോളമിങ്ങോളം ഇന്ധനവും പാചകവാതകവും മണ്ണെണ്ണ, രാസപദാര്‍ഥങ്ങള്‍ എന്നിവയും കൊണ്ടുപോകുന്ന രണ്ടായിരത്തോളം ടാങ്കറുകളും ലോറികളുമാണ് പണിമുടക്കുക

Add a Comment

Your email address will not be published. Required fields are marked *