സഭയിലെ പീഡനം

തിരുവനന്തപുരം ഹിന്ദുസ്ഥാന്‍ സമാചാര്‍: ബജറ്റ് അവതരണ വേളയില്‍ പ്രതിപക്ഷ വനിതാ എംഎല്‍എമാര്‍ ലൈംഗികമായി അക്രമിക്കപ്പെട്ടെന്ന പരാതിയില്‍ പ്രതിപക്ഷം ഉറച്ചു നിന്നതോടുകൂടി യുഡിഎഫിന്റെ നില പരുങ്ങലിലാകുന്നു. വനിതകളെ സംരക്ഷിക്കാനുള്ള നിയമം പ്രതിപക്ഷം ദുരുപയോഗം ചെയ്യുന്നതായി മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി ഇന്നു ആരോപിച്ചതോടെ ഇത് സംബന്ധിച്ച ഭരണപക്ഷത്തിന്റെ ആശങ്കകള്‍ തന്നെയാണ് വെളിയില്‍ വരുന്നത്. തങ്ങളുടെ വനിതാ എംഎല്‍എ മാരെ ലൈംഗികമായി അക്രമിച്ചതായുള്ള പരാതിയില്‍ സ്പീക്കര്‍ എന്ത് നടപടി സ്വീകരിക്കുമെന്ന് അറിയട്ടെ എന്നുള്ള ഇടതു മുന്നണി നേതാക്കളുടെ തീരുമാനം വെളിയില്‍ വന്നതോടെ സ്പീക്കര്‍ എന്‍.ശക്തന്‍ കൂടി സമ്മര്‍ദ്ദത്തിലായി. സ്പീക്കര്‍ നടപടി എടുത്തില്ലെങ്കില്‍ അടിയന്തിരമായി ഇടതുമുന്നണി യോഗം ഇടതു നേതാക്കള്‍ വിളിച്ചു കൂട്ടിയേക്കും.

എല്‍ഡിഎഫ് യോഗമായിരിക്കും ഈ വിഷയത്തില്‍ പ്രക്ഷോഭ തീരുമാനം പ്രഖ്യാപിക്കുക. വനിതാ എംഎല്‍എ മാരെ യുഡിഎഫ് ലൈംഗികമായി ആക്രമിച്ചു എന്ന വിഷയത്തില്‍ ഇടതു മുന്നണി പ്രക്ഷോഭത്തിന്നിറങ്ങാന്‍ തീരുമാനിച്ചതോടെ തനിക്കു ലഭിച്ച പരാതി ഇനി തുടര്‍ നടപടികള്‍ക്കായി പോലീസിനു കൈമാറേണ്ട അവസ്ഥ സ്പീക്കര്‍ക്ക് വന്നു ചേര്‍ന്നിട്ടുണ്ട്. സ്പീക്കര്‍ പരാതി പോലീസിനു കൈമാറിക്കഴിഞ്ഞാല്‍ പോലിസ് നടപടി വൈകാന്‍ സാധ്യതയില്ല. അങ്ങിനെയെങ്കില്‍ ജാമ്യമില്ലാവകുപ്പ് പ്രകാരമാകും പോലിസ് നടപടികള്‍. ബജറ്റ് അവതരണ വേളയില്‍ സഭയിലുണ്ടായ അക്രമങ്ങളില്‍ എങ്കില്‍ ആദ്യം അകത്തുപോകേണ്ടി വരിക ഭരണപക്ഷ എംഎല്‍എമാര്‍ക്കാകും.

ബജറ്റ് അവതരണ ദിവസമായ 13-ന് ലഭിച്ച പരാതി സ്പീക്കര്‍ എന്‍.ശക്തന്‍ പോലീസിനു കൈമാറാത്തതിനു കാരണം ഉമ്മന്‍ചാണ്ടി ചെലുത്തുന്ന സമ്മര്‍ദംമൂലമാണെന്നാണ് ഇടതു മുന്നണി നേതാക്കള്‍ കണക്കുകൂട്ടുന്നത്‌. ഇത് സംബന്ധിച്ചു നല്‍കിയ പരാതി എന്തുകൊണ്ട് പൊലിസിന് കൈമാറിയില്ല എന്ന ചോദ്യം ഉയര്‍ന്നപ്പോള്‍ സ്പീക്കര്‍ എന്‍.ശക്തന്‍ അര്‍ത്ഥഗര്‍ഭമായി ഉമ്മന്‍‌ചാണ്ടിക്ക് നേരെ മുഖം തിരിച്ചപ്പോള്‍ തന്നെ ഇക്കാര്യത്തിന് ഉത്തരമായതായി ഇടതു നേതാക്കള്‍ കണക്കുകൂട്ടുന്നു. സ്പീക്കറുടെ കയ്യിലിരിക്കുന്ന ജമീലാ പ്രകാശത്തിന്റെ പരാതി ഇനി പോലീസിനു കൈമാറാതിരിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് സ്പീക്കര്‍ എത്തി നില്‍ക്കുന്നത്.

തങ്ങള്‍ പരാതി നേരിട്ട് സ്പീക്കറുടെ കയ്യില്‍ തന്നെയാണ് നല്‍കിയത് അതുകൊണ്ട് തന്നെ അത്തരം ഒരു പരാതി കിട്ടിയില്ലെന്ന് കള്ളം പറയാന്‍ സ്പീക്കര്‍ക്ക് ഒരിക്കലും കഴിയില്ലെന്നാണ് ജമീലാ പ്രകാശം ഹിന്ദുസ്ഥാന്‍ സമാചാറിനോട് പ്രതികരിച്ചത്. സ്പീക്കര്‍ക്ക് പരാതി നല്‍കിയതിന്റെ പുറമേ പ്രതിപക്ഷ നേതാവിനും പരാതി നല്‍കി. അദ്ദേഹം തങ്ങളുടെ സാന്നിധ്യത്തില്‍ തന്നെ വാര്‍ത്താസമ്മേളനംവിളിക്കുകയും ആ സമ്മേളനത്തില്‍ ജമീലാ പ്രകാശം തന്നെ ചിത്രങ്ങളുടെ സഹായത്തോടെ ലൈംഗിക പീഡനം വിശദമാക്കുകയും ചെയ്തു. പരാതിയില്‍ നടപടി സ്വീകരിക്കാത്ത സ്പീക്കരുടെ നിലപാടില്‍ കടുത്ത അമര്‍ഷമാണ്‌ അദ്ദേഹം രേഖപ്പെടുത്തിയത്.

ഇതോടെ സ്പീക്കര്‍ ശക്തന്‍ കൂടുതല്‍ സമ്മര്‍ദ്ദത്തിലാവുകയും ചെയ്തു. സ്പീക്കര്‍ എന്ത് നടപടി സ്വീകരിക്കുമെന്ന് അറിയാന്‍ ഇടതു നേതാക്കള്‍ കാത്തിരിക്കെ അവര്‍ പ്രക്ഷോഭം ശക്തിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇടതു വനിതാ സാമാജികരെ ആക്രമിച്ചു എന്ന് ആരോപിക്കപ്പെടുന്ന എംഎല്‍എ മാരുടെ വസതികളിലെക്കും, ഓഫിസിലെക്കും മാര്‍ച്ച് നടത്തി തങ്ങള്‍ പ്രക്ഷോഭം ശകതിപ്പെടുതുമെന്നു സൂചനകളും നല്‍കിയിട്ടുണ്ട്. അതേ സമയം കോണ്‍ഗ്രസിലും ചേരിപ്പോര് രൂപപ്പെട്ടു തുടങ്ങിയിട്ടുണ്ട്. മാണിക്കു വിശ്രമിക്കാന്‍ സമയമായെന്ന് ഫേസ്ബുക്ക്‌ പോസ്റ്റ്‌ നടത്തിയ കോണ്‍ഗ്രസ്‌ നേതാവ് പന്തളം സുധാകരന്‍ വിവാദമായപ്പോള്‍ പോസ്റ്റ്‌ പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ്‌ വക്താവ് കൂടിയായ പന്തളത്തെ ഈ പ്രശ്നത്തില്‍ കെപിസിസി പ്രസിഡണ്ട്‌ വി.എം.സുധീരന്‍ തള്ളിപ്പറയുകയും ചെയ്തിട്ടുണ്ട്. ഇന്നലെ കൂടിയ കെപിസിസി എക്സിക്യൂട്ടിവ് യോഗത്തിലും കെ.എം.മാണിയെ കോണ്‍ഗ്രസ്‌ ഇങ്ങിനെ സംരക്ഷിക്കണമോ എന്ന കാര്യത്തില്‍ ഏറ്റുമുട്ടലുകളുണ്ടായിട്ടുണ്ട്. മാണിക്കെതിരെയും, വനിതാ എംഎല്‍എ മാര്‍ ആക്രമിക്കപ്പെട്ട പ്രശ്നത്തിലും ഇടതു പ്രക്ഷോഭം കനക്കുകയാണെങ്കില്‍ കെ.എം.മാണിയെ എന്ത് വിലകൊടുത്തും സംരക്ഷിക്കണമോ എന്ന കാര്യത്തില്‍ കോണ്‍ഗ്രസ്‌ ഒരു തീരുമാനത്തില്‍ എത്തേണ്ടിവരും. കോട്ടയം ഡിസിസി പ്രസിഡണ്ട്‌ കെ.എം.മാണിയെ കോണ്‍ഗ്രസ്‌ സംരക്ഷിക്കുന്ന കാര്യത്തില്‍ ഉയര്‍ത്തിയ പരസ്യവിമര്‍ശനം കോണ്‍ഗ്രസില്‍ ഇത്തരം ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. കൂടുതല്‍ പേര്‍ കോട്ടയം ഡിസിസി പ്രസിഡന്റിന്റെ വഴി പിന്തുടരുകയാണെങ്കില്‍ ഈ കാര്യത്തില്‍ കെപിസിസി നേതൃത്വം കൂടുതല്‍ വിഷമിക്കും. (മനോജ്‌)

Add a Comment

Your email address will not be published. Required fields are marked *