Two companies from Startup Village have won a competition conducted by NASSCOM

സ്ത്രീകളുടെ സുരക്ഷയ്ക്കായുള്ള മികച്ച പത്ത് മൊബൈല്‍ ആപ്ലിക്കേഷനുകളായി നാസ്‌കോം തെരഞ്ഞെടുത്തവയില്‍ രണ്ടെണ്ണം കൊച്ചി സ്റ്റാര്‍ട്ടപ് വില്ലേജിലെ രണ്ട് കമ്പനികള്‍ വികസിപ്പിച്ചെടുത്തവ. മൈന്‍ഡ്‌ഹെലിക്‌സ് ടെക്‌നോസോള്‍ വികസിപ്പിച്ച ‘സെന്റിനല്‍’, ഓക്കുപ ഇന്നൊവേറ്റീവ് സൊല്യൂഷന്‍സിന്റെ ‘ഐഫോളോ’ എന്നിവയാണ് നാസ്‌കോം അഖിലേന്ത്യാതലത്തില്‍ നടത്തിയ ആദ്യത്തെ ആപ് ഫെയിം കോണ്ടസ്റ്റില്‍ വിജയിച്ചത്. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ സ്ത്രീകള്‍ക്ക് സ്വയം സുരക്ഷക്കും സഹായാഭ്യര്‍ഥനയ്ക്കുമുള്ള മൊബൈല്‍ സംവിധാനങ്ങള്‍ കണ്ടെത്തുന്നതിനായിട്ടാണ് മല്‍സരം സംഘടിപ്പിച്ചത്.
ആന്‍ഡ്രോയ്ഡ് ഉപകരണങ്ങളിലും ഐ ഫോണിലും ഉപയോഗിക്കാനാകുന്ന ജിപിഎസ് അധിഷ്ഠിത ആപ്ലിക്കേഷനാണ് ‘സെന്റിനല്‍’. ഒരു ബട്ടനില്‍ തൊടുമ്പോള്‍ തന്നെ, നേരത്തേ സേവ് ചെയ്തിട്ടുള്ള അത്യാവശ്യ ഫോണ്‍ നമ്പറുകളിലേക്കും ഇ മെയില്‍ ഐഡികളിലേക്കും ഏതു സ്ഥലത്തു നിന്നാണെന്ന വിവരം ഉള്‍പ്പെടെയുള്ള എസ്ഒഎസ് കോളുകളും എസ്എംഎസും ഇ-മെയിലും അയക്കാനുതകുന്നതാണ് ഇത്. ഫോണ്‍ നശിപ്പിക്കപ്പെടുകയോ ഉപയോഗിക്കുന്നയാള്‍ക്ക് മാന്വലായി പ്രവര്‍ത്തിപ്പിക്കാനാകാതെ വരികയോ ചെയ്താല്‍പോലും ഈ ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കും. ഗൂഗിള്‍ പ്ലേയില്‍ നിന്നും ആപ്‌സ് സ്റ്റോറില്‍ നിന്നും ഇത് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാനാകും.
മുന്‍കൂട്ടി കോണ്‍ഫിഗര്‍ ചെയ്ത എമര്‍ജന്‍സി കോണ്ടാക്ടുകളിലേക്ക് ശബ്ദസന്ദേശങ്ങള്‍ സ്വമേധയാ അയക്കാനുതകുന്ന ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനാണ് ഐഫോളോ. തുടര്‍ച്ചയായി അഞ്ചു സെക്കന്റ് സമയം ഫോണ്‍ കുലുക്കിയാല്‍ ഈ ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കും. അല്ലാത്തസമയത്ത് ഇത് പ്രവര്‍ത്തനസജ്ജമായിത്തന്നെയിരിക്കുമെങ്കിലും ബാറ്ററിയുടെ ചാര്‍ജ് കുറയ്ക്കുകയോ സിപിയുവിന്റെ ശേഷി കുറയ്ക്കുകയോ ചെയ്യില്ല. ഗൂഗിള്‍ പ്ലേയില്‍ നിന്ന് ഈ ആപ്ലിക്കേഷനും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.
മൈന്‍ഡ്‌ഹെലിക്‌സും ഓകുപയും സ്റ്റാര്‍ട്ടപ് വില്ലേജില്‍ ഇന്‍കുബേറ്റ് ചെയ്തിട്ടുള്ള വളര്‍ന്നുവരുന്ന രണ്ട് കമ്പനികളാണ്. ഇവയ്ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന യുവസംരംഭകരുടെ നൂതനപദ്ധതികള്‍ക്ക് പല അംഗീകാരങ്ങളും ബഹുമതികളും നേരത്തേയും ലഭിച്ചിരുന്നു.
നാസ്‌കോമിന്റെ ആപ് ഫെയിം കോണ്ടസ്റ്റില്‍ രാജ്യത്തെമ്പാടു നിന്നും ലഭിച്ച അപേക്ഷകളില്‍ നിന്ന് സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാല ഡയറക്ടര്‍ ജെറാര്‍ഡ് ജെ. റീഗോ, ടിഎക്‌സ്ടി വെബ് ഇന്‍ഡ്യ ബിസിനസ് ഹെഡ് ശ്രീവിദ്യ രാമരത്‌നം, മൊബിഡെക്‌സ് 360യുടെ പ്രകാശ് സായിനി, മംഗലാപുരം വെസ്റ്റേണ്‍ റീജ്യന്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ പ്രതാപ് റെഡ്ഡി എന്നിവരടങ്ങുന്ന ജൂറിയാണ് ഷോര്‍ട് ലിസ്റ്റ് തയ്യാറാക്കിയത്. ഷോര്‍ട് ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികള്‍ തങ്ങളുടെ ഉല്‍പന്നങ്ങള്‍ ജൂറിക്കു മുന്നില്‍ അവതരിപ്പിച്ചു.
ന്യൂഡല്‍ഹിയില്‍ 19നു നടന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. പുരസ്‌കാരം ലഭിച്ച ആപ്ലിക്കേഷനുകള്‍ നാസ്‌കോം തങ്ങളുടെ അംഗസംഘടനകള്‍ക്ക് ലഭ്യമാക്കും.

Add a Comment

Your email address will not be published. Required fields are marked *