19 പേര്‍ക്കെതിരെ സുപ്രീം കോടതി നോട്ടിസ്
ദില്ലി : ബാബറി മസ്ജിദ് തകർത്ത കേസുമായി ബന്ധപ്പെട്ട് മുതിർന്ന ബി.ജെ.പി നേതാവ് എൽ.കെ.അദ്വാനി അടക്കം പത്തൊന്‍പത് പേർക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു. അദ്വാനിയെ കൂടാതെ മുരളീ മനോഹർ ജോഷി, ഉമാഭാരതി, യു.പി മുൻ മുഖ്യമന്ത്രി കല്യാൺ സിംഗ് എന്നിവർക്കും നോട്ടീസ് അയച്ചിട്ടുണ്ട്. നാലാഴ്ചയയ്ക്കകം മറുപടി നൽകാനാണ് നിർദ്ദേശം. ബാബറി മസ്ജിദ് തകർത്തതിന് പിന്നിലെ ഗൂഢാലോചനയിൽ മൂവരുടേയും പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അയോദ്ധ്യ കേസിലെ കക്ഷിയായ മെഹബൂബ് അഹമ്മദ് നൽകിയ ഹർജിയാണ് കോടതിയുടെ പരിഗണനയിൽ ഉള്ളത്.
2010ൽ, അലഹബാദ് ഹൈക്കോടതി ഇവർക്കെതിരായ ഗൂഢാലോചന കുറ്റം ഒഴിവാക്കിയിരുന്നു. കേസിൽ കൂടുതൽ തെളിവുകൾ ഹാജരാക്കാനും സുപ്രീംകോടതി സി.ബി.ഐയ്ക്ക് നിർദ്ദേശം നൽകി. ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ വൈകിയത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു.
2010 മേയ് 20നാണ് അലഹബാദ് ഹൈക്കോടതി അദ്വാനി അടക്കമുള്ളവരെ ഗൂഢാലോചന കേസിൽ നിന്ന് ഒഴിവാക്കിയത്. എന്നാൽ 2011 ഫെബ്രുവരിയിൽ മാത്രമാണ് സി.ബി.ഐ അപ്പീൽ നൽകിയത്.
1992ഡിസംബർ ആറിനാണ് ബാബറി മസ്ജിദ് തകർത്തത്.