ദേശീയ ഗെയിംസ് ഇന്ന് 16 ഫൈനലുകള്‍

തിരുവനന്തപുരം ; മുപ്പത്തി അഞ്ചാമത് ദേശീയ ഗെയിംസിന്റെ ആദ്യ ദിനമായ ഇന്ന് പതിനാറു ഫൈനലുകള്‍ . നീന്തലിലും ഗുസ്തിയിലും ആറെണ്ണം വീതവും, ഭാരോദ്വഹനത്തില്‍ മൂന്നും, ജിംനാസ്റ്റിക്സില്‍ ഒരു മെഡലുമാണ് ഇന്ന് നിശ്ചയിക്കുക.

പ്രധാനവേദിയായ തിരുവനന്തപുരത്ത് ആദ്യദിനം ഏഴ് മെഡലുകള്‍ നിശ്ചയിക്കും. നീന്തലില്‍ ആറും ജിംനാസ്റ്റിക്സില്‍ ഒരു മെ‍ഡലുമാണ് നിശ്ചയിക്കുക. കണ്ണൂര്‍ മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഗുസ്തി മല്‍സരങ്ങളില്‍ ആറു മെഡലുകളാണ് ഇന്ന് നിശ്ചയിക്കുക. തൃശൂര്‍ വി.കെ.എന്‍.ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഭാരോദ്വഹന മല്‍സരത്തില്‍ വനിതകളുടെ 48, 53 കിലോ വിഭാഗങ്ങളുടെയും പുരുഷന്‍മാരുടെ 56 കിലോ വിഭാഗത്തിലും ഫൈനല്‍ നടക്കും. 48 കിലോ വിഭാഗത്തിെല ലിന്‍റ തോമസും പുരുഷന്‍മാരില്‍ മോഹനസുന്ദരവും കേരളത്തിന്‍റെ മെഡല്‍ പ്രതീക്ഷകളാണ്. തിരുവനന്തപുരം പിരപ്പന്‍കോട് നീന്തല്‍ക്കുളത്തില്‍ രാവിലെ മുതല്‍ ഹീറ്റ്സ്മല്‍സരങ്ങള്‍ തുടങ്ങും.

200മീറ്റര്‍ ഫ്രീസ്റ്റൈല്‍,100മീറ്റര്‍ ബട്ടര്‍ഫ്ളൈ സ്ട്രോക്,നാലേ ഗുണം 100മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേ എന്നിവയില്‍ പുരുഷ.വനിതാവിഭാഗങ്ങളില്‍ മല്‍സരം നടക്കും. ജിമ്മിജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് ജിംനാസ്റ്റിക്സ് മല്‍സരങ്ങള്‍ നടക്കുന്നത്. ടീം ഇനത്തിലെ ഫൈനലാണ് ജിംനാസ്റ്റ്ക്സില്‍ ആദ്യദിനം നടക്കുക. ആറ്റിങ്ങല്‍ ശ്രീപാദം സ്റ്റേഡിയത്തില്‍ ഖോ ഖോയുടെ പ്രാഥമിക റൗണ്ട് പുരുഷവിഭാഗത്തില്‍ കേരളം ഇന്ന് മല്‍സരത്തിന് ഇറങ്ങും. ശംഖുമുഖം ബീച്ചില്‍ നടക്കുന്ന ബീച്ച് ഹാന്‍ഡ്ബോളില്‍ കേരളത്തിന്‍റെ പുരുഷ.വനിതാ ടീമുകള്‍ ഇറങ്ങും. വെള്ളായണി കാര്‍ഷിക കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന നെറ്റ്ബോളില്‍ കേരള വനിതകള്‍ കര്‍ണാടകയെ നേരിടും. കൊല്ലം ന്യൂ ഹോക്കി സ്റ്റേഡിയത്തില്‍ കേരളം ജാര്‍ഖണ്ഡിനെ നേരിടും. ഫുട്ബോളിലും കേരളം ഇന്ന് കളത്തിലിറങ്ങും. വനിതാ വിഭാഗത്തില്‍ തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ ബംഗാളുമായി ഏറ്റുമുട്ടും. കോഴിക്കോട് കേരളത്തിന്‍റെ പുരുഷടീം മഹാരാഷ്ട്രയെ നേരിടും.

 

Add a Comment

Your email address will not be published. Required fields are marked *