ഹൈക്കോടതി വിശദീകരണം തേടി

കൊച്ചി: ബാര്‍ കോഴ കേസിലെ ലോകായുക്ത നടപടികളെക്കുറിച്ച് ഹൈക്കോടതി വിശദീകരണം തേടി. കോഴ ആരോപണം ഉന്നയിച്ചുള്ള പരാതിയില്‍ തന്റെ പക്കല്‍ തെളിവുകളില്ലെന്ന് പരാതിക്കാരന്‍ വ്യക്തമാക്കിയിട്ടും ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചത് എന്തടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കാന്‍ ജസ്റ്റിസ് പി ആര്‍ രാമചന്ദ്രമേനോന്‍ നിര്‍ദ്ദേശിച്ചു. കോഴ ഇടപാട് സംബന്ധിച്ച് തന്റെ പക്കല്‍ തെളിവുകള്‍ ഒന്നുമില്ലെന്ന് പരാതിക്കാരന്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ പരാതി തള്ളുകയാണ് വേണ്ടതെന്നും പരാതിയില്‍ വസ്തുതാന്വേഷണം നടത്തി പരാതിക്കാരന് തെളിവു ശേഖരിച്ചു നല്‍കലല്ല ലോകായുക്തയുടെ ചുമതലയെന്നും കോടതി പറഞ്ഞു. ബാര്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ട് ലോകായുക്തയിലെ പരാതിക്കെതിരെ ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ബിജു രമേശ് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.വിജിലന്‍സ് അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ ലോകായുക്ത നടത്തുന്ന സമാന്തര അന്വേഷണം നിയമാനുസൃതമല്ലെന്നും പരാതി റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി. പൊതുതാല്‍പര്യ ഹര്‍ജിക്കാരനായ ഖാലിദ് മുണ്ടപ്പള്ളിയാണ് ലോകായുക്തയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. പരാതി പരിഗണിച്ച ലോകായുക്ത ബിജു രമേശ് അടക്കമുള്ള ബാര്‍ ഉടമകളോട് ബുധനാഴ്ച നേരിട്ട് ഹാജരായി തെളിവ് നല്‍കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതിനെതിരെയാണ് ബിജു രമേശ് ഹൈക്കോടതിയെ സമീപിച്ചത്.

Add a Comment

Your email address will not be published. Required fields are marked *