ഹിമാലയന്‍ അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്തുന്നതിന്‌ ഇന്ത്യ – ചൈന ധാരണ.

ദില്ലി ; ഹിമാലയന്‍ അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്തുന്നതിന്‌ ഇന്ത്യ – ചൈന ധാരണ. വളരെക്കാലങ്ങളായി അതിര്‍ത്തിയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന്‌ ചൈനീസ്‌ വിദേശകാര്യ വക്‌താവ്‌ ദില്ലിയില്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈന സന്ദര്‍ശിക്കുന്നതിനു മുന്‍പ്‌ ഇതുസംബന്ധിച്ച തീരുമാനത്തിലെത്തുന്നതിന്‌ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്‌. ഇരു രാജ്യങ്ങളും നേരത്തെ എടുത്തിട്ടുള്ള തീരുമാനങ്ങള്‍ പരിശോധിച്ച്‌ ശരിയായ തീരുമാനത്തിലെത്തുമെന്ന്‌ ചൈനയുടെ വിദേശകാര്യ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അതിര്‍ത്തിയില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ ചര്‍ച്ച ചെയ്യും. അതിനു മുന്‍പ്‌ അതിര്‍ത്തിയില്‍ സമാധാനം പുനഃസ്‌ഥാപിക്കുമെന്നും മന്ത്രാലയം വ്യക്‌തമാക്കി. രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും ഇത്‌ സഹായകമാകുമെന്നും ചൈന പറയുന്നു. ഹിമാലയന്‍ മലനിരകളിലെ 90,000 ചതുരശ്ര കിലോ മീറ്റര്‍ സ്‌ഥലം ചൈനയുടേതാണെന്നാണ്‌ അവരുടെ അവകാശവാദം. എന്നാല്‍ ഇത്‌ അരുണാചല്‍ പ്രദേശിന്റെ ഭാഗമാണെന്നാണ്‌ ഇന്ത്യയുടെ നിലപാട്‌.

Add a Comment

Your email address will not be published. Required fields are marked *