സ്വാന്തന പരിചരണത്തില്‍ വിദ്യാര്‍ത്ഥികളെയും പങ്കുചേര്‍ത്ത്‌ വാഴത്തോപ്പ്‌ പഞ്ചായത്ത്‌

കിടപ്പിലായ രോഗികളെയും വൃദ്ധ ജനങ്ങളെയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത വിദ്യാര്‍ത്ഥികളെ ബോധ്യപ്പെടുത്തുന്നതിനും പാലിയേറ്റീവ്‌ പരിചരണ പദ്ധതിയില്‍ പങ്കാളികളാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ വാഴത്തോപ്പ്‌ ഗ്രാമപഞ്ചായത്തിന്റെയും പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ സ്വാന്തനപാഠം പദ്ധതിയുടെ ഭാഗമായി സ്വാന്തന പരിചരണ സന്ദേശ കലാജാഥ സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്‌ഘാടനം വാഴത്തോപ്പ്‌ സെന്റ്‌ ജോര്‍ജ്ജ്‌ ഹയര്‍സെക്കന്ററി സ്‌കൂളില്‍ വാഴത്തോപ്പ്‌ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷിജോ തടത്തില്‍ നിര്‍വ്വഹിച്ചു. വാഴത്തോപ്പ്‌ ഗ്രാമപഞ്ചായത്തിലെ അഞ്ച്‌ സ്‌കൂളുകളെ ഉള്‍പ്പെടുത്തി രസകരമായ കഥകളിലൂടെയും പാട്ടുകളിലൂടെയും കുട്ടികളെ ബോധവത്‌ക്കരിക്കുകയാണ്‌ പരിപാടിയിലൂടെ ചെയ്യുന്നത്‌. വൃദ്ധസദനങ്ങള്‍ വികസനത്തിന്റെ മുഖമുദ്രയല്ലെന്നും പ്രായമാകുമ്പോള്‍ സംരക്ഷണം നഷ്‌ടമാകുന്നവര്‍ക്ക്‌ സ്‌നേഹസ്വന്തനം നല്‍കാന്‍ സമൂഹത്തിലെ എല്ലാവര്‍ക്കും കടമയുണ്ടെന്നും സെന്റ്‌ ജോര്‍ജ്ജ്‌ സ്‌കൂളിലെ മുതിര്‍ന്ന അദ്ധ്യാപകനായ വി.കെ. കമലാസനന്‍ അഭിപ്രായപ്പെട്ടു.
നിലവില്‍ പഞ്ചായത്തില്‍ 162 രോഗികള്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്‌. നഴ്‌സിംഗ്‌ പരിചരണത്തോടൊപ്പം, ആഹാരം,മരുന്നുകള്‍, വസ്‌ത്രങ്ങള്‍, കുട്ടികളുടെ വിദ്യാഭ്യാസം,സാമൂഹ്യപിന്തുണ തുടങ്ങീ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ ഈ പദ്ധതിക്ക്‌ കീഴില്‍ നടപ്പിലാക്കുന്നുണ്ട്‌. ഇതിന്റെ ഭാഗമായി പഞ്ചായത്ത്‌ പ്രദേശത്തെ എല്ലാ വിദ്യാര്‍ത്ഥികളില്‍ നിന്നും കിടപ്പിലായ രോഗികള്‍ക്ക്‌ വേണ്ടി ആഴ്‌ചതോറും ഒരു രൂപ വീതം ശേഖരിക്കുന്ന ഒറ്റനാണയം പദ്ധതിയും നടന്നുവരുന്നു.
യോഗത്തില്‍ ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ഷേര്‍ലി ജോസ്‌,ഗ്രാമപഞ്ചയത്തംഗം ആലീസ്‌ ജോസ്‌, വാഴത്തോപ്പ്‌ പ്രൈമറി ഹെല്‍ത്ത്‌ സെന്റര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. സിബി ജോര്‍ജ്ജ്‌, അദ്ധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ജില്ലയിലെ 31 അക്ഷയകേന്ദ്രങ്ങള്‍ ഇനി മുതല്‍ റിസോഴ്‌സ്‌ സെന്ററുകളാകും
ജില്ലയിലെ 31 അക്ഷയകേന്ദ്രങ്ങളെ റിസോഴ്‌സ്‌ സെന്ററുകളാക്കി മാറ്റുന്നത്‌ സംബന്ധിച്ചുള്ള പ്രഖ്യാപനം ഐ.റ്റി. മിഷന്‍ ഡയറക്‌ടര്‍ മുഹമ്മദ്‌ വൈ. സഫറുള്ള ഐ.എ.എസ്‌ നിര്‍വ്വഹിച്ചു. കളക്‌ട്രേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ നടന്ന ജില്ലാ അക്ഷയദിനാഘോഷത്തിന്റെയും മികച്ച സംരംഭകരെ ആദരിക്കുകയും ചെയ്യുന്ന ചടങ്ങിലാണ്‌ പ്രഖ്യാപനം നടന്നത്‌. പി.എ.സി ഓണ്‍ലൈന്‍ പരിശീലനം, പി.എ.എസി അംഗീകരിച്ച ഡിപ്ലോ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്‌സ്‌ എന്നിവ പ്രാഥമികഘട്ടത്തില്‍ റിസോഴ്‌സ്‌ സെന്ററുകള്‍ വഴി നടപ്പിലാക്കും. ജില്ലാ കളക്‌ടര്‍ അജിത്‌ പാട്ടീല്‍ ഐ.എ.എസ്‌ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ റോഷി അഗസ്റ്റിന്‍ എം.എല്‍.എ അക്ഷയദിനാഘോഷം ഉദ്‌ഘാടനം ചെയ്‌തു. ഇടുക്കി ബ്‌ളോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.പി. ഉസ്‌മാന്‍ മുഖ്യപ്രഭാഷണം നടത്തി. ദേശീയ തലത്തില്‍ ഐ.ആര്‍.ഐ.എസ്‌ അംഗീകാരം നേടിയ യുവ ഗവേഷകരെ ദേവികുളം സബ്‌ കളക്‌ടര്‍ ഗോകുല്‍ ജി.ആര്‍ ഐ.എ.എസ്‌ ആദരിച്ചു. ജില്ലയിലെ മികച്ച അക്ഷയ സംരംഭകനായി ആയിരം ഏക്കര്‍ കെ.കെ. ബിജുവിനെ തെരഞ്ഞെടുത്തു. ശാരീരിക വൈകല്യങ്ങള്‍ മറികടന്ന്‌ മികച്ച സേവനം നല്‍കുന്ന അക്ഷയ സംരംഭകനുള്ള പ്രത്യേക പുരസ്‌കാരം പുറ്റടി പ്രിന്‍സ്‌ രാജുവിനും മികച്ച അക്ഷയസെന്ററായി പുറപ്പുഴയേയും,അക്ഷയ സേവനങ്ങള്‍ മികച്ച നിലയില്‍ നല്‍കുന്ന ബ്‌ളോക്ക്‌ പഞ്ചായത്തുകള്‍ക്കായുള്ള പുരസ്‌കാരത്തിന്‌ തൊടുപുഴയേയും തെരഞ്ഞെടുത്തു.
യോഗത്തില്‍ അസി. കളക്‌ടര്‍ ജാഫര്‍ മാലിക്‌, ജില്ലാ അക്ഷയ കോര്‍ഡിനേറ്റര്‍ കെ.ജി. ശങ്കരനാരായണന്‍, ജില്ലാ ഇന്‍ഫര്‍മാറ്റിക്‌ ഓഫീസര്‍ റോയി ജോസഫ്‌, എല്‍.ഡി.എം കെ. അരവിന്ദാക്ഷന്‍, ന്യൂ ഇന്ത്യ അഷ്വറന്‍സ്‌ റീജിയണല്‍ മാനേജര്‍ എ.ഒ. ജെയിംസ്‌, അക്ഷയ എ.ഡി.സി എസ്‌. സബീറ ബീവി തുടങ്ങിയവര്‍ സംസാരിച്ചു.
സഖി-സഹേലി പരിശീലന
പരിപാടിക്ക്‌ തുടക്കമായി.
കൗമാരപ്രായക്കാരായ പെണ്‍കുട്ടികളുടെ സമഗ്രവികസനം ലക്ഷ്യമിട്ട്‌ നടപ്പിലാക്കുന്ന സഖി-സഹേലി പരിശീലന പരിപാടിക്ക്‌ അയ്യപ്പന്‍ കോവില്‍ ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന രാജീവ്‌ ഗാന്ധി കുമാരി ശാക്തീകരണ പദ്ധതിയുടെ ഭാഗമായാണ്‌ പരിപാടി സംഘടിപ്പിച്ചത്‌. 10 മുതല്‍ 19 വയസുവരെ പ്രായമുള്ള പെണ്‍കുട്ടികളെ ഉള്‍പ്പെടുത്തി രാജ്യത്തെ 200 ജില്ലകളില്‍ നടപ്പാക്കുന്ന പദ്ധതിയില്‍ കേരളത്തില്‍ നിന്ന്‌ നാല്‌ ജില്ലകളാണ്‌ ഉള്ളത്‌. വര്‍ഷത്തിലെ 300 ദിവസവും കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്ക്‌ ആവശ്യമായ പോഷകാഹാരം, സാമൂഹികവും മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങളെ നേരിടാനും സ്വയം പര്യാപ്‌തരാകാനുമുള്ള പരിശീലനം എന്നിവയാണ്‌ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്‌. ഇതിനായി കിശോരി സമൂഹ്‌ എന്ന പേരില്‍ കൗമാരക്കാരായ പെണ്‍കുട്ടികളുടെ സംഘങ്ങള്‍ രൂപീകരിക്കും. ഓരോ സംഘത്തിന്റെയും നേതൃത്വം തിരഞ്ഞെടുക്കപ്പെട്ട ഒരു സഹേലിയും രണ്ട്‌ സഖിമാരും ഉള്‍പ്പെടുന്ന ഗ്രൂപ്പിനാണ്‌.
പഞ്ചായത്തിലെ 23 അംഗന്‍വാടികള്‍ക്കു കീഴിലായി 23 കിശോരി സമൂഹങ്ങളാണ്‌ ഇതിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നത്‌. മാസത്തില്‍ രണ്ട്‌ തവണ ഈ സംഘങ്ങളുടെ യോഗം ചേരുകയും പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുകയും പദ്ധതികള്‍ രൂപീകരിക്കുകയും ചെയ്യും.
പഞ്ചായത്ത്‌ സാംസ്‌ക്കാരികനിലയത്തില്‍ നടന്ന പരിശീലന പരിപാടിയുടെ ഉദ്‌ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ വിജയമ്മ ജോസഫ്‌ നിര്‍വഹിച്ചു. സഖി സഹേലിമാരുടെ പരിശീലനത്തിലൂടെ പഞ്ചായത്തിലെ എല്ലാ പെണ്‍കുട്ടികളുടെയും വളര്‍ച്ചയാണ്‌ ലക്ഷ്യമിടുന്നതെന്ന്‌ പ്രസിഡന്റ്‌ പറഞ്ഞു. ആലടി പ്രൈമറി ഹെല്‍ത്ത്‌ സെന്ററിലെ എബിമോള്‍ മാത്യു ക്‌ളാസുകള്‍ നയിച്ചു. ബ്‌ളോക്ക്‌ പഞ്ചായത്ത്‌ വൈസ്‌പ്രസിഡന്റ്‌ സുലോചന ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഐ.സി.ഡി.എസ്‌ സൂപ്പര്‍വൈസര്‍ തേലമ്മ മാത്യു,ഗ്രാമപഞ്ചായത്ത്‌ സ്റ്റാന്‍ഡിംഗ്‌ കമ്മറ്റി ചെയര്‍പേഴ്‌സണ്‍ റോസമ്മ തോമസ്‌, ഗ്രാമപഞ്ചായത്തംഗങ്ങള്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വര്‍ക്കിംഗ്‌ ഗ്രൂപ്പുകള്‍, ഗ്രാമസഭകള്‍ എന്നിവയിലൂടെ വന്ന നിര്‍ദ്ദേശങ്ങള്‍ ക്രോഡികരിച്ച്‌ വികസന പ്രവര്‍ത്തനങ്ങളുടെ കരട്‌രേഖയും സെമിനാറില്‍ അവതരിപ്പിച്ചു.
ഇടുക്കി ബ്‌ളോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.പി. ഉസ്‌മാന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ്‌ പ്രസിഡന്റ്‌ സലോമി ഉലഹന്നാന്‍ാ സ്റ്റാന്‍ഡിംഗ്‌ കമ്മറ്റി ചെയര്‍മാന്‍മാര്‍, ബ്‌ളോക്ക്‌ പഞ്ചായത്ത്‌ മെമ്പര്‍മാര്‍, ഉദ്യോഗസ്ഥര്‍, സംഘാഭാരവാഹികള്‍,വര്‍ക്കിംഗ്‌ ഗ്രൂപ്പ്‌ അംഗങ്ങള്‍, പഞ്ചായത്ത്‌ തല ജന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
30 കോടിയുടെ വികസന പദ്ധതികള്‍ക്ക്‌ അംഗീകാരം
ഇടുക്കി ബ്‌ളോക്ക്‌ പഞ്ചായത്തില്‍ ഈ സാമ്പത്തികവര്‍ഷം 30 കോടി രൂപയുടെ വികസന പദ്ധതികള്‍ നടപ്പിലാക്കുന്നതിന്‌ അംഗീകാരം ലഭിച്ചു. 2015-16 വാര്‍ഷികപദ്ധതിയില്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ ഉള്‍ക്കൊള്ളിച്ച്‌ കൊണ്ടുള്ള വികസന സെമിനാറിലാണ്‌ പദ്ധതികള്‍ക്ക്‌ അംഗീകാരം ലഭിച്ചത്‌. ബ്‌ളോക്ക്‌ പഞ്ചായത്ത്‌ ആഡിറ്റോറിയത്തില്‍ നടന്ന വികസന സെമിനാര്‍ റോഷി അഗസ്റ്റിന്‍ എം.എല്‍.എ. ഉദ്‌ഘാടനം ചെയ്‌തു. രാജ്യത്തിന്‌ തന്നെ മാതൃകയാവുന്ന പ്രവര്‍ത്തനങ്ങളാണ്‌ ഇടുക്കി ബ്‌ളോക്ക്‌ പഞ്ചായത്ത്‌ നടപ്പിലാക്കുന്നതെന്ന്‌ എം.എല്‍.എ. പറഞ്ഞു. അസി. ജില്ലാ കളക്‌ടര്‍ ജാഫര്‍ മാലിക്‌ മുഖ്യപ്രഭാഷണം നടത്തി. ബ്‌ളോക്ക്‌ പഞ്ചായത്തിന്‌ കീഴില്‍ വരുന്ന വിവിധ പഞ്ചായത്തുകളിലെ 92 വാര്‍ഡുകളിലായി പട്ടികജാതി പട്ടികവര്‍ഗ്ഗം,റോഡ്‌ വികസനം, തേയില കൃഷി പ്രോത്‌സാഹന പദ്ധതിയായ തളിര്‍,വൃദ്ധര്‍ക്കും, രോഗികള്‍ക്കും സഹായ പദ്ധതിയായ സൗഹൃദ സായന്തനം, സ്‌നേഹധാര പദ്ധതി, തൊഴില്‍ പരിശീലനകേന്ദ്ര നിര്‍മ്മാണം, ഐ.എ.വൈ ഭവനപദ്ധതി, വനിതകള്‍ക്കുള്ള പദ്ധതികള്‍,യുവജന വികസന പദ്ധതികള്‍, കേരകൃഷി വികസന പദ്ധതിയായ കല്‍പ്പമിത്ര തുടങ്ങീ നിരവധി പദ്ധതികള്‍ക്കാണ്‌ വികസന സെമിനാറില്‍ അംഗീകാരം ലഭിച്ചത്‌. ബ്‌ളോക്കിന്‌ കീഴില്‍ വരുന്ന പൊതു ജലാശയങ്ങളിലെ കുടിവെള്ളം പരിശോധിച്ച്‌ നിലവാരം ഉറപ്പുവരുത്താനുള്ള പദ്ധതികളുടെ രൂപരേഖയും വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.
വര്‍ക്കിംഗ്‌ ഗ്രൂപ്പുകള്‍, ഗ്രാമസഭകള്‍ എന്നിവയിലൂടെ വന്ന നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ച്‌ വികസന പ്രവര്‍ത്തനങ്ങളുടെ കരട്‌ രേഖയും സെമിനാറില്‍ അവതരിപ്പിച്ചു. ഇടുക്കി ബ്‌ളോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.പി. ഉസ്‌മാന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ്‌ പ്രസിഡന്റ്‌ സലോമി ഉലഹന്നാന്‍ സ്റ്റാന്‍ഡിംഗ്‌ കമ്മറ്റി ചെയര്‍മാന്‍മാര്‍, ബ്‌ളോക്ക്‌ പഞ്ചായത്ത്‌ മെമ്പര്‍മാര്‍,ഉദ്യോഗസ്ഥര്‍, വിവിധ സംഘങ്ങളുടെ ഭാരവാഹികള്‍, വര്‍ക്കിംഗ്‌ ഗ്രൂപ്പ്‌ അംഗങ്ങള്‍, പഞ്ചായത്ത്‌ തല ജന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പട്ടിക ജാതിക്കാര്‍ക്ക്‌ മത്‌സര പരീക്ഷാ പരിശീലനം
പട്ടികജാതി വിഭാഗ ഉദ്യോഗാര്‍ത്ഥികളെ വിവിധ മത്‌സര പരീക്ഷകള്‍ക്ക്‌ പ്രാപ്‌തരാക്കുന്നതിനുവേണ്ടി പീരുമേട്‌ ടൗണ്‍ എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ 10 ദിവസം നീണ്ടുനില്‍ക്കുന്ന സൗജന്യ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ആദ്യം പേര്‌ രജിസ്റ്റര്‍ ചെയ്യുന്ന 35 പേര്‍ക്കാണ്‌ പരിശീലനം. ജനുവരിയില്‍ നടത്തുന്ന പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക്‌ സ്റ്റെപെന്റ്‌, പഠനോപകരണങ്ങള്‍ എന്നിവ നല്‍കും. പീരുമേട്‌ ടൗണ്‍ എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ചില്‍ പേര്‌ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ള പട്ടികജാതി വിഭാഗ ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 15ന്‌ മുമ്പായി പീരുമേട്‌ ടൗണ്‍ എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ച്‌ ഓഫീസില്‍ അപേക്ഷ നല്‍കണം.
വയര്‍മാന്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
കേരള സ്റ്റേറ്റ്‌ ഇലക്‌ട്രിസിറ്റി ലൈസന്‍സിംഗ്‌ ബോര്‍ഡ്‌ നടത്തിയ വയര്‍മാന്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം ഇലക്‌ട്രിക്കല്‍ ഇന്‍സ്‌പെക്‌ടറേറ്റിന്റെ www.ceikerala.gov.in എന്ന വെബ്‌സൈറ്റിലും, 04862 253465 എന്ന ഫോണ്‍ നമ്പരിലും ലഭിക്കും. ഇടുക്കി ജില്ലയില്‍ വയര്‍മാന്‍ പരീക്ഷ വിജയികളായവര്‍ വെള്ളക്കടലാസിലെഴുതിയ അപേക്ഷയോടൊപ്പം,എഴുത്തുപരീക്ഷയുടേയും പ്രായോഗിക പരീക്ഷയുടേയും ഹാള്‍ടിക്കറ്റിന്റെ അസ്സല്‍, ജനനതീയതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്‌ (ഗസ്റ്റഡ്‌ ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയത്‌) 500 രൂപ ‘0043-00-800-99’ എന്ന ശീര്‍ഷകത്തില്‍ ഏതെങ്കിലും സര്‍ക്കാര്‍ ട്രഷറിയില്‍/ജനസേവനകേന്ദ്രം അടച്ച ചെലാന്‍, രണ്ട്‌ ഫോട്ടോ(ഗസ്റ്റഡ്‌ ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയത്‌),രണ്ട്‌ ഒപ്പ്‌ (ഗസ്റ്റഡ്‌ ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയത്‌), 32 രൂപ സ്റ്റാമ്പ്‌ പതിപ്പിച്ച സ്വന്തം മേല്‍വിലാസം എഴുതിയ 2014 സെ.മീ. കവര്‍ എന്നിവ സെക്രട്ടറി, കേരള സ്റ്റേറ്റ്‌ ഇലക്‌ട്രിസിറ്റി ലൈസന്‍സിംഗ്‌ ബോര്‍ഡ്‌, ഹൗസിംഗ്‌ ബോര്‍ഡ്‌ ബില്‍ഡിംഗ്‌, ശാന്തിനഗര്‍,തിരുവനന്തപുരം-1 എന്ന വിലാസത്തില്‍ അയക്കണം.
കാട മുട്ടക്കോഴി ആട്‌ വളര്‍ത്തല്‍ പരിശീലനം
ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയോടനുബന്ധിച്ച്‌ പ്രവര്‍ത്തിക്കുന്ന ട്രയിനിംഗ്‌ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ആഭിമുഖ്യത്തില്‍ കാട മുട്ടക്കോഴി ആട്‌ വളര്‍ത്തല്‍ എന്നിവയ്‌ക്ക്‌ പരിശീലപനം നല്‍കുന്നു. 16 ന്‌ ഒരു ദിവസം നീണ്ട്‌ നില്‍ക്കുന്ന കാട വളര്‍ത്തല്‍ പരിശീലനവും 20 മുതല്‍ 22 വരെ മൂന്ന്‌ ദിവസം നീണ്ട്‌ നിര്‍ുന്ന മുട്ടക്കോഴി പരിശീലനവും 27,28തീയതികളില്‍ ആട്‌ വളര്‍ത്തല്‍ പരിശീലനവും നടക്കും. പരിശീലനം തികച്ചും സൗജന്യവും പങ്കെടുക്കുന്നവര്‍ക്ക്‌ പരിശീലന സര്‍ട്ടിഫിക്കറ്റും നല്‍കും. താല്‍പര്യമുള്ള കര്‍ഷകര്‍ സെന്‍ട്രല്‍ ഹാച്ചറി പരിശീലന വിഭാഗവുമായി ബന്ധപ്പെട്ട്‌ മുന്‍കൂട്ടി പേര്‌ രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോണ്‍ : 0479 2457778.
ഇന്റര്‍വ്യൂ മാറ്റി
ആരോഗ്യകേരളം ആര്‍.ബി.എസ്‌. കൊ. കോര്‍ഡിനേറ്റര്‍ാ ആശാ കോര്‍ഡിനേറ്റര്‍, സ്റ്റാഫ്‌ നഴ്‌സ്‌ (പകല്‍ വീട്‌) എന്നീ തസ്‌തികകളിലേയ്‌ക്ക്‌ നിയമനം നടത്തുന്നതിനായി 15ന്‌ നടത്താന്‍ നിശ്‌ചയിച്ചിരിക്കുന്ന ഇന്റര്‍വ്യൂ അന്ന്‌ പൊതുഅവധി ആയതിനാല്‍ മറ്റൊരു ദിവസത്തേക്ക്‌ മാറ്റി. പുതുക്കിയ തീയതി പിന്നീട്‌ അറിയിക്കും. ഫോണ്‍ : 04862 232221.

Add a Comment

Your email address will not be published. Required fields are marked *