സ്ഥിരാംഗത്വത്തിന് സമ്മർദ്ദം ശക്തമാക്കി

പാരിസ് : ഐക്യരാഷ്ട്ര രക്ഷാസമിതിയിലെ സ്ഥിരാംഗത്വത്തിന് സമ്മർദ്ദം ശക്തമാക്കി ഇന്ത്യ. യു.എൻ രക്ഷാസമിതിയിലെ സ്ഥിരാംഗത്വം ഇന്ത്യയുടെ അവകാശമാണെന്ന് ഫ്രാൻസ് സന്ദർശിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ലോകസമാധാനത്തിന് സംഭാവന നൽകുക എന്നത് ഇന്ത്യയുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. പാരിസിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.

രക്ഷാസമിതിയിലെ സ്ഥിരാംഗത്വത്തിന് ഇന്ത്യ കഴിഞ്ഞ കുറേ നാളുകളായി യാചിക്കുകയായിരുന്നു. എന്നാൽ ഞങ്ങൾ അത് അവകാശപ്പെടുകയാണ്. ലോക സമാധനത്തിനു വേണ്ടി നിലകൊണ്ട മഹാത്മ ഗാന്ധി, ശ്രീ ബുദ്ധൻ തുടങ്ങിയവരുടെ നാടാണ് ഇന്ത്യ. ഇന്ത്യയ്ക്ക് രക്ഷാസമിതിയിൽ സ്ഥിരാംഗത്വം ലഭിക്കുക എന്നതാണ് അവർക്ക് നൽകാനാവുന്ന ഏറ്റവും വലിയ ആദരവ് – മോദി ചൂണ്ടിക്കാട്ടി. സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണ് ഇന്ത്യ. ആയിരക്കണക്കിന് വർഷങ്ങളുടെ ചരിത്രത്തിനിടെ ഇന്ത്യ യുദ്ധത്തിന് വേണ്ടി നിലകൊണ്ടിട്ടില്ല. യു.എന്നിന്റെ സമാധാന ശ്രമങ്ങൾക്കൊരപ്പം ഇന്ത്യ എന്നും നിലകൊണ്ടിട്ടുണ്ട്. ലോകമഹായുദ്ധ കാലത്ത് 14 ലക്ഷം ഇന്ത്യക്കാരാണ് യുദ്ധമുഖത്ത് ഉണ്ടായിരുന്നത്. എന്നാൽ അത് ഒരിക്കലും ഞങ്ങൾക്കു വേണ്ടിയായിരുന്നില്ല.
ലോക സമാധാനം എന്ന തത്വത്തിൽ വിശ്വസിക്കുന്ന രാജ്യമാണ് ഇന്ത്യ. ത്യാഗത്തിലും വിശ്വാസത്തിലും അടിയുറച്ചവരാണ് ഇന്ത്യക്കാർ. പൂർവികർ ഇത്തരത്തിലൊരു പാരമ്പര്യം ബാക്കി വച്ചതിൽ ഇന്ത്യ അഭിമാനിക്കുന്നുന്നും മോദി പറഞ്ഞു.

Add a Comment

Your email address will not be published. Required fields are marked *