സോളാര്‍ : ജുഡീഷ്യല്‍ കമ്മീഷന്റെ ഒന്നാംഘട്ടതെളിവെടുപ്പ് ആരംഭിച്ചു
കൊച്ചി- മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസുപയോഗിച്ച് സരിത എസ് നായരും ബിജു രാധാൃഷ്ണനും ചേര്‍ന്ന് നടത്തിയ സോളാര്‍ തട്ടിപ്പ് കേസില്‍ ജുഡീഷ്യല്‍ കമ്മീഷന്റെ ഒന്നാംഘട്ടതെളിവെടുപ്പ് ആരംഭിച്ചു. ആദ്യദിവസം പരാതിക്കാരായ പെരുമ്പാവൂര്‍ മുടിക്കല്‍ കുറുപള്ളില് സജാദ്, കോഴിക്കോട് എരഞ്ഞിപ്പല് വിനസെന്റ് കോളനിയില്‍ അബ്ദുള്‍ മജീദ് എന്നിവരില്‍ നിന്നാണ് തെളിവെടുത്തത്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങളായ ജിക്കുമോന്, ടെന്നിജോപ്പന് എന്നിവര്‍ക്കെതിരെ പരാതിക്കാര്‍ മൊഴി നല്കി. ഉമ്മന്‍ചാണ്ടിയുമായി അടുത്ത ബന്ധമുണ്ടെന്ന ബിജു രാധാകൃഷ്ണന്റെയും സരിതനായരുടെയും അവകാശവാദം വിശ്വസിച്ചാണ് പണം നല്‍കിയതെന്ന് ഇരുവരും ജസ്റ്റിസ് ശിവരാജനു മുന്നില്‍ നടന്ന വിസ്താരത്തിനിടെ പറഞ്ഞു. പെരുമ്പാവൂര്‍ മുടിക്കല്‍ കുറുപ്പിള്ളില് സജാദിന്റെ വീട്ടില്‍ സോളാര്‍ പ്ലാന്റും കോഴിക്കോട് എരഞ്ഞിപ്പലം വിന്‍സെന്റ് കോളനിയില്‍ അബ്ദുള്‍മജീദിന്റെ വീട്ടിലും ഓഫീസിലും സോളാര്‍പാനലും സ്ഥാപിക്കാമെന്നും ഇരുവര്‍ക്കും വിന്‍ഡ്മില്ല് നല്‍കാമെന്നും വാഗ്ദാനം ചെയ്താണ് പലപ്പോഴായി 40 ലക്ഷം രൂപ വീതം സരിതയും ബിജുവും തട്ടിയെടുത്തത്.
ഡോ. ആര് ബി നായര്‍, ലക്ഷ്മി നായര്‍ എന്നീ പേരുകളിലാണ് ഇവര്‍ ഇടപാടുകള്‍ നടത്തിയിരുന്നതെന്നും ഇവരുടെ പേര് ബിജു രാധാകൃഷ്ണന്, സരിത എസ് നായര്‍ എന്നിങ്ങനെയാണെന്ന് പിന്നീട് പൊലീസില്‍ നിന്നാണ് അറിഞ്ഞതെന്നും സജാദിന്റെ മൊഴിയില്‍ പറയുന്നു. ഉമ്മന്‍ചാണ്ടിയുടെ ഒപ്പും സീലുമുള്ള കത്ത് കാണിച്ചതോടെയാണ് ടീം സോളാറിനെ വിശ്വാസമായത്. മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിലുള്ള ജിക്കുമോന് ജോസഫ്, ടെന്നി ജോപ്പന് എന്നിവരുമായി അടുത്ത ബന്ധമുണ്ടെന്ന് പറഞ്ഞ ബിജുരാധാകൃഷ്ണന് ഫോണില്‍ ഇവരുടെ നമ്പര്‍ ഫീഡ് ചെയ്തത് കാണിക്കുകയും ചെയ്തു. അതനുസരിച്ച് മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിലുള്ള ജിക്കുമോന് ജോസഫിനോടാണ് സജാദ് ദ്ധതിയെക്കുറിച്ച് ആദ്യം അന്വേഷിച്ചത്. ലക്ഷ്മിയും ഡോ. ആര് ബി നായരും മുഖ്യമന്ത്രിയുടെ ഓഫീസിലെ നിത്യസന്ദര്‍ശകരാണെന്നും അവരെ തനിക്ക് അറിയാമെന്നും ജിക്കുമോന് പറഞ്ഞു. ഏറ്റെടുക്കുന്ന പദ്ധതികള്‍ നടത്തിത്തരാന്‍ കഴിയുന്ന തരത്തിലുള്ള ഉന്നതബന്ധങ്ങള്‍ ഉള്ളവരാണ് അവരെന്നും ജിക്കുമോന് ഉറപ്പു നല്കി. അതിനുശേഷം പലതവണയായി 40 ലക്ഷത്തോളം രൂപ നല്കി.
കേന്ദ്രമന്ത്രി ഫറൂഖ് അബ്ദുള്ളയുടെ മകന് തന്റെ സഹപാഠിയാണെന്നും ഇരുവരുമായും അടുത്ത ബന്ധമാണുള്ളതെന്നും ബിജു ഇരുവരോടും പറഞ്ഞിരുന്നു. ഇവര്‍ക്കായി സ്ഥാപിക്കാനുദ്ദേശിക്കുന്ന പ്ലാന്റിന്റെ നിര്‍മ്മാണോദ്ഘാടനം ഫറൂഖ് അബ്ദുള്ളയും ഉമ്മന്‍ചാണ്ടിയും ചേര്‍ന്ന് നിര്‍വഹിക്കുമെന്ന് ഇവരെ വിശ്വസിപ്പിച്ചു. എന്നാല്‍ യുപിയില്‍ തെരഞ്ഞെടുപ്പായതിനാല്‍ കേന്ദ്രമന്ത്രിക്ക് വരാന്‍ കഴിയില്ലെന്ന് അറിയിച്ചതായി മജീദിനെ പിന്നീട് ബിജു രാധാകൃഷ്ണന് അറിയിച്ചു.
ബിജു രാധാകൃഷ്ണന് ആവശ്യപ്പെട്ട തുക നല്‍കിയിട്ടും പദ്ധതി നടക്കാതായപ്പോതോടെ വഞ്ചിക്കപ്പെട്ടതായി ബോധ്യപ്പെട്ട താന്‍ തുക തിരികെ കിട്ടാനായി ആലുവ എസ്പി സതീഷ് ബിനോയ്ക്ക് പരാതി നല്കി. പരാതിയില്‍ നിയമനടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശിച്ച് പെരുമ്പാവൂര്‍ എസ്ഐക്ക് പരാതി കൈമാറി. എന്നാല്‍ ഇതില്‍ നടപടിയെടുക്കാന്‍ എസ്ഐ തയ്യാറായില്ല. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, അനൂപ് ജേക്കബ് എന്നിവരെ കണ്ടു പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. അനൂപ് ജേക്കബിന്റെ പാര്‍ടിയിലെ ഒരു നേതാവ് വഴി ഐ ജി പത്മകുമാറിനെ കണ്ടു പരാതി പറഞ്ഞതിനെ തുര്‍ന്നാണ് അറസ്റ്റുണ്ടായത്.
കേസിലെ കക്ഷിയായ ആള് ഇന്ത്യ ലോയേഴ്സ് യൂണിയന് സെക്രട്ടറി ബി രാജേന്ദ്രനുവേണ്ടി അഡ്വ. കെ കെ രവീന്ദ്രനാഥ്, പി എന്‍ സുകുമാരന്‍, സുധീര്‍ ഗണേഷ്കുമാര്, അനസ് എന്നിവര്‍ ഹാജരായി. തിങ്കളാഴ്ച കമ്മീഷനുമുന്നില്‍ ഹാജരാകേണ്ടിയിരുന്ന കേസിലെ മറ്റൊരു പരാതിക്കാരനായ ആര് ജി അശോക്കുമാര്, ചൊവ്വാഴ്ച ഹാരാകേണ്ട പരാതിക്കാരില്‍ ഒരാളായ ഡോ. മാത്യു തോമസ് എന്നിവരില്‍ നിന്ന് 16ന് തെളിവെടുക്കും. ചൊവ്വാഴ്ച കേസിലെ പരാതിക്കാരായ ഇ കെ ബാബു രാജ്, റാസിഖ് അലി എന്നിവരില്‍ നിന്ന് തെളിവെടുക്കും.
കൊച്ചി- സോളാര്‍ തട്ടിപ്പ് കേസിലെ പ്രധാനകേസുകളിലൊന്നിന്റെ അന്വേഷണ ഉദ്യോഗസ്ഥനടങ്ങുന്ന എട്ടംഗസംഘം നടപടികള്‍ വീക്ഷിക്കാനെത്തിയത് തര്‍ക്കത്തിനിടയാക്കി. പെരുമ്പാവൂര്‍ ഡിവൈഎസ്പി ആര് ഹരികൃഷ്ണനാണ് കമ്മീഷന് തെളിവെടുക്കുന്നതിനിടെ ഹാളില്‍ കയറിയിരുന്നത്. കേസിലെ കക്ഷികളായ എഐഎല്‍യു പ്രതിനിധികളും മറ്റു കക്ഷികളും ഇതിനെ ചോദ്യം ചെയ്തു. സര്‍ക്കാര്‍ അഭിഭാഷകന്റെ സഹായത്തിനായാണ് ഉദ്യോഗസ്ഥനെത്തിയത്. എന്നാല്‍ സാക്ഷികള്‍ മൊഴി നല്കുന്ന വേളയിലെ അന്വേഷണ ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഭയമുണ്ടാക്കുമെന്നും അതിനാല്‍ ഇവരെ ഹാളില്‍ പ്രവേശിപ്പിക്കരുതെന്നുമാണ് ആവശ്യപ്പെട്ടത്. കമ്മീഷന് നപടികള്‍ നടക്കുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പുറത്തുനില്‍ക്കണമെന്നും സര്‍ക്കാര്‍ അഭിഭാഷകന് ഇവരുമായി കണ്‍സള്‍ട്ട് ചെയ്യാന്‍ സമയം അനുവദിക്കാമെന്നും കമ്മീഷന് അറിയിച്ചതോടെയാണ് തര്‍ക്കം അവസാനിച്ചത്.