സൈബര്‍കുറ്റകൃത്യങ്ങള്‍ നേരിടാന്‍ പുതിയ അന്വേഷണ ഏജന്‍സി വേണം
കൊച്ചി- സൈബര്‍കുറ്റകൃത്യങ്ങള്‍ നേരിടുന്നതിന് വിവരസാങ്കേതികവിദ്യാ വിദഗ്ധരടങ്ങിയ അന്വേഷണ ഏജന്‍സി ആവശ്യമാണെന്ന് ഗവര്‍ണര്‍ പി സദാശിവം പറഞ്ഞു. ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാന്‍ കഴിയുന്ന ഒരു പ്രോസിക്യൂഷന് വിഭാഗം കൂടി ഉള്ളതാകണം ഈ അന്വേഷണ സംഘം. സുരക്ഷ, സ്വകാര്യത, ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവ സംബന്ധിച്ച നിയമനിര്വചനങ്ങളില് മൗലികമായ പുനര്‍വിചിന്തനം ആവശ്യമാണെന്നും ശാസ്ത്രസാങ്കേതിക രംഗത്ത് കൈവരിച്ചിട്ടുള്ള നേട്ടങ്ങളെ സ്വാംശീകരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥക്ക് മുന്നേറാനാകില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. ക്രിമിനല്‍ നീതി നിര്‍വഹണത്തില്‍ ആധുനിക സാങ്കേതിക വിദ്യ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് മുന്‍കൈയെടുത്ത് സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു സദാശിവം.
ആഗോള വിപണി പരിസരങ്ങളില്‍ നടക്കുന്ന സൈബര്‍ കുറ്റകൃത്യങ്ങളെ തടയാനും കുറ്റവാളികളെ അന്വേഷിച്ചു കണ്ടെത്തി പ്രോസിക്യൂട്ട് ചെയ്യാനും എങ്ങനെ കഴിയുമെന്നതാണ് ക്രിമിനല്‍ നീതിന്യായ സംവിധാനം നേരിടുന്ന വലിയ വെല്ലുവിളി. ഇന്ത്യയുടെ ഒരു മൂലയിലിരുന്ന് ഒരാള്‍ക്ക് ന്യൂയോര്‍ക്കിലെ ബാങ്കില്‍ നിന്ന് മോഷണം നടത്താന്‍ ഇന്ന് കഴിയും. ഇതിനെ നേരിടുന്നതിന് രാജ്യാന്തര സഹകരണം മാത്രം പോരാ. കുറ്റവാളികള്‍ വിവരസാങ്കേതിക വിദ്യയെ ക്രിമിനല്വല്ക്കരിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ അവരെ നേരിടുന്നതിന് ക്രിമിനല്‍ നീതി നിര്‍വഹണ രംഗത്തെ പ്രൊഫഷണലുകള്‍ക്ക് സാങ്കേതിക മികവിന്റെ കാര്യത്തില്‍ അവരേക്കാള്‍ ഒരുപടി മുന്നില്‍ നില്ക്കാന് കഴിയണം. ഇതിന് പ്രോസിക്യൂഷന് വിംഗില്‍ മതിയായ പരിശീലനവും നവീകരണവും അത്യന്താപേക്ഷിതമാണ്. സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതില്‍ സാങ്കേതിക വിദ്യക്ക് വലിയ സംഭാവന ചെയ്യാന്‍ കഴിയും. ക്രമിനല്‍ റെക്കോഡുകളും തിരിച്ചറിയല്‍ സംവിധാനങ്ങളും മെച്ചപ്പെടുത്തുക വഴി കുറ്റവാളികളെ വരുതിയില്‍ നിര്‍ത്താന്‍ കഴിയും. ആധുനിക സാങ്കേതിക വിദ്യ പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെ ഓഫീസുകളില്‍ പ്രയോജനപ്പെടുത്തേണ്ടത് ആവശ്യമാണ്. കേസന്വേഷണം, കേസ് മാനേജ്മെന്റ്, പ്രോസിക്യൂട്ടര്‍മാരുടെ ഓഫീസുകളും കോടതികളും പോലീസും ജയിലും തമ്മിലുള്ള യോജിച്ച പ്രവര്‍ത്തനം, സൈബര്‍കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ രാജ്യങ്ങള്‍ തമ്മിലുള്ള പ്രോസിക്യൂഷന് വിവരങ്ങളുടെ കൈമാറ്റം എന്നീ കാര്യങ്ങളില്‍ വിവരസാങ്കേതിക വിദ്യക്ക് പ്രധാന പങ്കുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു.ചീഫ് ജസ്റ്റിസ് അശോക് ഭൂഷന് അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രൊസിക്യൂഷന് ടി. അസഫലി സ്വാഗതം പറഞ്ഞു. ജസ്റ്റിസ് കെ.ടി. ശങ്കരന്, ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് രവീന്ദ്രഭട്ട്, ജസ്റ്റിസ് അ്ബ്രഹാം മാത്യു, അഡ്വക്കേറ്റ് ജനറല്‍ കെ.പി. ദണ്ഡപാണി, അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ, അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പ്രൊസിക്യൂഷന് വി.സി. ഇസ്മൈല്‍ എന്നിവര്‍ സംസാരിച്ചു.ജിബി സദാശിവൻ
കൊച്ചി