സെവാഗിനൊപ്പം കളിക്കാന്‍ കഴിയുന്നത് ഭാഗ്യമെന്ന് മാക്സ്വെല്
ദില്ലി: വീരേന്ദര്‍ സെവാഗിനൊപ്പോലെ ഒരു ഇതിഹാസതാരത്തിനൊപ്പം കളിക്കാന്‍ സാധിക്കുന്നത് ഭാഗ്യമാണെന്ന് ഓസീസ് താരം ഗ്ലെന്‍ മാക്സ്വെല്. നേരത്തെ സച്ചിനൊപ്പവും ഐപിഎല്ലില്‍ കളിക്കാന്‍ സാധിച്ചിട്ടുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസതാരങ്ങളാണ് സച്ചിനും സെവാഗും. ഇവര്‍ക്കൊപ്പം കളിക്കുന്നത് മഹത്തായ അനുഭവമാണെന്നും ഓസീസ് താരം പറഞ്ഞു. നെറ്റ്സില്‍ സെവാഗുമായി പ്രത്യേകിച്ചൊരു ചര്‍ച്ച നടത്താറില്ലെങ്കിലും കളിയെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ തങ്ങള്‍ സ്വാഭാവികമായും പങ്കുവെക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സ്വാഭാവികമായ രീതിയില്‍ കളിക്കാന്‍ സെവാഗ് എപ്പോഴും പറയാറുണ്ട്. ആക്രമിച്ചുകളിക്കുന്ന ശൈലിയില്‍നിന്ന് വ്യതിചലിക്കരുതെന്ന് അദ്ദേഹം നിര്‍ദ്ദേശിക്കാറുണ്ട്.
ഒരു ക്രിക്കറ്റ് താരത്തിന്റെ കരിയറില്‍ കയറ്റിറക്കങ്ങള്‍ സ്വാഭാവികമാണ്. വൈകാതെതന്നെ താന്‍ ഫോം വീണ്ടെടുക്കുമെന്നും മാക്സ്വെല് പറഞ്ഞു. ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
(രാജി)