സെക്യുലറായും ജോര്‍ജ് വേണ്ടെന്നു മാണി
തിരുവനന്തപുരം ഹിന്ദുസ്ഥാന്‍ സമാചാര്‍: മുന്നോട്ട് വച്ച കാല് കെ.എം.മാണി പിന്നോട്ട് വലിക്കില്ലെന്ന് ഉറപ്പാക്കിക്കൊണ്ട് കെ.എം.മാണി വീണ്ടും ജോര്‍ജിനെതിരെ. പി.സി.ജോര്‍ജ് സെക്യുലറായും ജോർജിനെ യു.ഡി.എഫിൽ വേണ്ടെന്ന് മാണി പറഞ്ഞ ഇക്കാര്യം യുഡിഎഫ് നേതാക്കളെയും ധരിപ്പിച്ചിട്ടുണ്ട്. വ്യാഴാഴ്ച മുഖ്യമന്ത്രി മടങ്ങിയെത്തുന്ന ദിവസം തന്നെ ജോര്‍ജിനെതിരായ നടപടി വേണമെന്നും അനുനയ ചര്‍ച്ചകള്‍ക്കിടയില്‍ കെ.എം.മാണി ആവശ്യപ്പെട്ടു. ജോര്‍ജിനെതിരെ കടുത്ത നിലപാടുമായി തുടരുന്ന മാണിക്ക് മുന്നില്‍ യുഡിഎഫ് നേതൃത്വം മുട്ടുമടക്കുന്ന സൂചനകളാണ് പുറത്തുവരുന്നത്. തല്ക്കാലം മാണിയുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങുക. മുന്നണി മര്യാദകള്‍ പ്രകാരം ഇത് ആവശ്യമാണ്. ജോര്‍ജിനെ അനുനയിപ്പിച്ചു യുഡിഎഫില്‍ തന്നെ നിര്‍ത്തുക. ഇതാണ് യുഡിഎഫ് പയറ്റുന്ന തന്ത്രം. അരുവിക്കര ഉപതിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ ജോര്‍ജിനെ പിണക്കാതെ കൂടെ നിര്‍ത്താനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി. താന്‍ ഇതുവരെ കളിച്ച രാഷ്ട്രീയക്കളികള്‍ ഒന്നും തന്നെ രക്ഷിക്കുന്നില്ലെന്ന കാര്യത്തില്‍ ഹതാശനാണ് പി.സി.ജോര്‍ജും. കൂടെ ആരുമില്ലെന്ന യാഥാര്ത്യമാണ് ജോര്‍ജിനെ അലട്ടുന്നത്. കൂറുമാറ്റ നിരോധന നിയമത്തിനെ പരിധിയില്‍ വരുന്നതിനാല്‍ ജോര്‍ജിന് തല്ക്കാലം കേരളാ കോണ്ഗ്രെസ്സിലല്ലാതെ വേറെ രക്ഷയില്ല. കാലാവധി തീരുംവരെ രണ്ടിലയില്‍ അല്ലാതെ സഭയില്‍ വോട്ട് ചെയ്യാന്‍ ജോര്‍ജിന് കഴിയില്ല. ഒറ്റയടിക്ക് നിര്‍ണ്ണായകമായ രണ്ടു സ്ഥാനങ്ങളാണ് ജോര്‍ജിന് നഷ്ടപ്പെടുന്നത്. ഒന്ന് ചീഫ് വിപ്പ് പദവി, രണ്ടു യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കാനുള്ള അര്‍ഹത. രണ്ടും നഷ്ടപ്പെടുമ്പോള്‍ ജോര്‍ജ് ജോര്‍ജ് അല്ലാതാകും. ഇതാണ് ജോര്‍ജിനെ അലട്ടുന്നത്. ഇതോടെ ജോര്‍ജിന്റെ രാഷ്ട്രീയ ഭാവിയും അനിശ്ചിതത്വതിലാകും. മുന്നണികള്‍ അല്ലാതെ തനിച്ചു നില്ക്കുക രാഷ്ട്രീയ കേരളത്തില്‍ പ്രയാസമായ കാര്യമാണ്. ഈ തനിച്ചു നില്ക്കല് ഭയന്നാണ് തളിരില നോക്കാതെ രണ്ടിലയില്‍ ജോര്‍ജ് അഭയം തേടിയത്. ഇക്കാലമത്രയും തന്റെ രാഷ്ട്രീയനീക്കങ്ങള്‍ കെ.എം.മാണി അറിഞ്ഞു തന്നെയാണേന്നാണ് ജോര്‍ജ് പറയുന്നത്. തന്നെ ശിക്ഷിക്കാന്‍ കെ.എം.മാണി തന്റെ അപ്പനോ, അധ്യാപകനോ ആണെന്നും ചോദിച്ചുകൊണ്ട് കെ.എം.മാണിക്കെതിരെ വാക്ക് സമരം നടത്തുന്നുണ്ടെങ്കിലും ജോര്‍ജിന് പഴയ ഉശിരില്ലാത്ത മട്ടാണ്. ആര്‍ക്കും താങ്ങാനുള്ള വഴിയമ്പലമല്ല എല്‍ഡിഎഫ് എന്ന് പറഞ്ഞു കോടിയേരി ബാലകൃഷ്ണന് ജോര്‍ജിന്റെ വഴിയടചെങ്കിലും, ജോര്‍ജ് ആദ്യം യുഡിഎഫ് വിട്ടു വരട്ടെ അപ്പോള്‍ ആലോചിക്കാമെന്നാണ് പറഞ്ഞിട്ടുള്ളത്. എന്തായാലും അനിശ്ചിതമായ രാഷ്ട്രീയഭാവിയാണ് ജോര്‍ജിനെ കാത്തിരിക്കുന്നത്. പി.സി.ജോര്‍ജിന്റെ തന്ത്രങ്ങള്‍ പിഴച്ചോ എന്ന് അടുത്ത നാളുകള്‍ വിധിയെഴുതും. (മനോജ്)