സൂര്യവെളിച്ചത്തില്‍ കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്ത്

വൈദ്യുതിയില്ലാത്ത ഒരു മണിക്കൂറെങ്കിലും കഴിയുന്നത് നമുക്ക് ചിന്തിക്കാനാകുമോ? കൂടിവരുന്ന വൈദ്യുതി ഉപയോഗവും, അതിനനുസരിച്ച് ഉല്പാദനമില്ലാത്തതും ഇന്ന് കേരളം നേരിടുന്ന ഗുരുതരമായ പ്രതിസന്ധിയാണ്. നമുക്കാവശ്യമായ വൈദ്യുതി ഉല്പാദിപ്പിക്കാന്‍ പ്രകൃതിദത്തമായ ഊര്‍ജ്ജ സ്രോതസ്സുകളെ ഉപയോഗപ്പെടുത്തുന്നവര്‍ കുറവാണ്.

ഇക്കാര്യത്തില്‍ വ്യത്യസ്തമാണ് കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്ത് ഓഫീസ്. ഇവിടെ ഓഫീസിന് ആവശ്യമായ വൈദ്യുതി അവിടെതന്നെ ഉല്പാദിപ്പിക്കുന്നു. സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ആദ്യത്തെ ഗ്രാമപഞ്ചായത്താണ് കാഞ്ഞിരംകുളം. പഞ്ചായത്ത് കെട്ടിടത്തിനു മുകളില്‍ സ്ഥാപിച്ചിട്ടുളള സൗരോര്‍ജ്ജ പ്ലാന്റില്‍ നിന്നാണ് ഇവിടെ വൈദ്യുതി ഉല്പാദിപ്പിക്കുന്നത്. 2012 – 2013 സാമ്പത്തികവര്‍ഷത്തിലെ പഞ്ചായത്തിന്റെ പദ്ധതി വിഹിതം ഉപയോഗിച്ചാണ് സൗരോര്‍ജ്ജ പ്ലാന്റ് സ്ഥാപിച്ചത്. 6,16,000 രൂപയായിരുന്നു ചെലവ്. സൗരോര്‍ജ്ജ വൈദ്യുതി എത്തുംമുമ്പ് ഇവിടത്തെ പ്രതിമാസ വൈദ്യുതി ബില്ല് 4,000മുതല്‍ 5,500 രൂപ വരെയായിരുന്നു. സൗരോര്‍ജ്ജ വൈദ്യുതി വന്നശേഷം1,317 രൂപയായി ബില്ല് താഴ്ന്നു. വൈദ്യുതി ബില്‍ ഇനത്തില്‍ നല്ലൊരു തുകയാണ് തങ്ങള്‍ ലാഭിക്കുന്നതായി പഞ്ചായത്ത് സെക്രട്ടറി ക്രിസ്തുദാസ് പറഞ്ഞു.

പഞ്ചായത്തിലെ 15 കമ്പ്യൂട്ടര്‍, നാല് പ്രിന്റര്‍,ഒരു ഫോട്ടോകോപ്പി മെഷീന്‍, കമ്പ്യൂട്ടര്‍ സെര്‍വര്‍ എന്നിവ സൗരോര്‍ജ്ജത്തിലാണ് പ്രവര്‍ത്തിക്കുന്നത്. കൂടാതെ പഞ്ചായത്ത് ഓഫീസ് ഉള്‍പ്പെടുന്ന മൂന്നുനില കെട്ടിടത്തിലെ ഓരോ നിലയും സൗരോര്‍ജ്ജത്തിലാണ് പ്രവര്‍ത്തിക്കുന്നത്. മെഗാബൈറ്റ് ടെക്‌നോളജിയുടെ അഞ്ച് കിലോ വാട്ട്‌സ് സ്ഥാപിതശേഷിയുളള സൗരോര്‍ജ്ജ പ്ലാന്റാണ് പഞ്ചായത്തില്‍ സ്ഥാപിച്ചിരിക്കുന്നത്. സ്വന്തം ഓഫീസിലെ വൈദ്യുതി ഉല്പാദനത്തില്‍ സ്വാശ്രയത്വം കൈവരിക്കുക മാത്രമല്ല, ആവശ്യമുളള വൈദ്യുതി സ്വന്തമായി ഉല്പാദിപ്പിക്കാം എന്നതിന് മാതൃകയായി മാര്‍ഗ്ഗദര്‍ശനം നല്‍കുകയാണ് കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്ത്.

Add a Comment

Your email address will not be published. Required fields are marked *