സുരക്ഷ

ദില്ലി : ദേശീയസുരക്ഷാ താത്പര്യം കണക്കിലെടുത്ത് ജമ്മു കാശ്മീരിൽ ഭീകരർക്കെതിരായ ഓപ്പറേഷനുകൾ തത്സമയം സംപ്രേക്ഷണം ചെയ്യുന്നതിന് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം വിലക്കേർപ്പെടുത്തി. ജമ്മുവിലെ കത്‌വ മേഖലയിൽ രണ്ടു ദിവസം മുമ്പ് ഭീകരാക്രമണത്തിനെതിരെ നടന്ന സൈനിക നീക്കങ്ങൾ ചില ദൃശ്യമാധ്യമങ്ങൾ സംപ്രേക്ഷണം ചെയ്ത പശ്ചാത്തലത്തിലാണിത്.

ഇത്തരം സാഹചര്യങ്ങളിൽ സ്ഥലം, സൈനികബലം, നീക്കങ്ങൾ, തന്ത്രങ്ങൾ,ഇത്തരത്തിൽ നടത്തിയ മറ്റ് സൈനികനീക്കങ്ങൾ എന്നിവയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കരുതെന്ന് മന്ത്രാലയം വ്യക്തമാക്കി. രക്ഷാപ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതിനാലും സൈനികരുടെ ജീവൻ സംരക്ഷിക്കാനായും ഇത്തരം വിവരങ്ങൾ തീവ്രവാദികളുടെയോ അവരുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരുടെയോ കൈകളിലെത്താതിരിക്കാൻ മാധ്യമങ്ങൾ ശ്രദ്ധിക്കണം.
നീക്കങ്ങൾ പൂർത്തിയാകുന്നതു വരെയുള്ള തത്സമയവിവരണങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തി. ഇതിനായി എല്ലാ പ്രക്ഷേപകരിൽ നിന്നും സഹകരണം തേടുമെന്ന് സെക്രട്ടറി ബിമൽ ജൽക്ക അറിയിച്ചു.
സുരക്ഷാപ്രവർത്തനങ്ങളുടെ സംപ്രേഷണാനുമതി സംബന്ധിച്ച നിയമങ്ങളിൽ ഭേദഗതി വരുത്തണമെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ വീക്ഷണത്തെ തുടർന്നാണ് വാർത്താ വിതരണ മന്ത്രാലയം ആവശ്യമുന്നയിച്ചത്.

Add a Comment

Your email address will not be published. Required fields are marked *