സുപ്രീംകോടതിയിലേക്ക്

തിരുവനന്തപുരം ഹിന്ദുസ്ഥാന്‍ സമാചാര്‍ : പതിറ്റാണ്ടുകളായി കേരളത്തിലെ രാഷ്ട്രീയം നിയന്ത്രിച്ചിരുന്ന നിര്‍ണ്ണായക ശക്തികളായ ബാറുടമകളുടെ സ്വാധീനശക്തിക്ക് അന്ത്യംകുറിച്ച ഇന്നലത്തെ ഹൈക്കോടതി വിധിക്കെതിരെ പോരുതിനോക്കാന്‍ ബാര്‍ ഉടമകളുടെ സംഘടനാ നീക്കം. ഇന്നലെ രാത്രി 10.30 ഓടെ എല്ലാ ബാറുകള്‍ക്കും താഴ് വീണതോടെയാണ് ഹൈക്കോടതി തീരുമാനത്തിന്നെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ ബാറുടമകള്‍ തീരുമാനിച്ചത്. ഇന്നലത്തന്നെ ബാറുകള്‍ അടച്ചു മുദ്ര വയ്‌ക്കാന്‍ എക്‌സൈസ്‌ ഡെപ്യൂട്ടി കമ്മിഷണര്‍മാര്‍ക്ക്‌ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ബാക്കി മദ്യം എക്സൈസ് വകുപ്പിന്റെ സംരക്ഷണയിലായിരിക്കും. അവ സീല്‍ ചെയ്തായിരിക്കും എക്സൈസ് വകുപ്പ് സൂക്ഷിക്കുക. സര്‍ക്കാരിന്റെ പുതിയ മദ്യനയത്തെ ആശ്രയിച്ചായിരിക്കും തുടര്‍നടപടികള്‍. .നിലവാരമില്ലെന്ന പേരില്‍ 2014 മാര്‍ച്ച്‌ 31ന്‌ 418 ബാറുകള്‍ക്കു പ്രവര്‍ത്തനാനുമതി നിഷേധിച്ചിരുന്നു. കുറെ ബാറുകള്‍ അടയ്ക്കുകയും, കുറെ ബാറുകള്‍ പ്രവര്‍ത്തിക്കുകയും ചെയ്തത് സ്ഥിതിഗതികള്‍ വഷളാക്കി. കോണ്‍ഗ്രസ്സും, യുഡിഎഎഫിലും ഇതേ സംബന്ധമായി വാക്ക്പോരുകള്‍ തന്നെ നടന്നു. പിന്നീടാണ് ഫൈവ്സ്റ്റാര്‍ ഒഴികെയുള്ള ബാറുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്നാണ്‌ 24 ഫൈവ്‌ സ്‌റ്റാര്‍ ബാര്‍ ഹോട്ടലുകള്‍ ഒഴികെയുള്ളവയ്‌ക്ക്‌ ലൈസന്‍സ്‌ നിഷേധിച്ചത്. ഒരു വിഭാഗം ബാറുടമകളുടെ ഹര്‍ജിയില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച്‌ അനുകൂല വിധി പുറപ്പെടുവിച്ചതോടെ മുന്നൂറോളം ത്രീ സ്‌റ്റാര്‍, ഫോര്‍ സ്‌റ്റാര്‍, ഹെറിറ്റേജ്‌ ബാറുകള്‍ക്കു കൂടി പ്രവര്‍ത്തനാനുമതി ലഭിച്ചു. ഡിവിഷന്‍ ബെഞ്ചിന്റെ വിധിയോടെ ഇവയ്‌ക്കും ഇന്നലെ താഴ്‌ വീണു. നേരത്തേ അടച്ചുപൂട്ടിയ 418 ബാറുകളില്‍ ഭൂരിപക്ഷവും പിന്നീട്‌ ബിയര്‍ ആന്‍ഡ്‌ വൈന്‍ പാര്‍ലറുകളായി മാറി. പുതിയ ഉത്തരവ്‌ ഇവയുടെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. ഇന്നലെ അടച്ചുപൂട്ടിയ ബാറുകള്‍ക്കും ആവശ്യമെങ്കില്‍ ബിയര്‍ ആന്‍ഡ്‌ വൈന്‍ പാര്‍ലര്‍ ലൈസന്‍സ്‌ ലഭ്യമാക്കുമെന്ന്‌ എക്‌സൈസ്‌ മന്ത്രി കെ.ബാബു വ്യക്‌തമാക്കിയിട്ടുണ്ട്‌.(മനോജ്‌)

Add a Comment

Your email address will not be published. Required fields are marked *