സുനന്ദയുടെ മരണം : സത്യം പുറത്ത് വരണം – തരൂര്‍

തൃശൂര്‍ 9 ജനുവരി ; സുനന്ദ പുഷ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട്‌ സത്യം എന്തായാലും പുറത്ത്‌ വരണമെന്നാണ്‌ തന്റെ ആഗ്രഹമെന്ന്‌ ശശി തരൂര്‍. സുനന്ദയുടെ മരണം കൊലപാതകമാണെന്ന്‌ ഡല്‍ഹി പോലീസ്‌ വെളിപ്പെടുത്തിയതിനു ശേഷമുള്ള തരൂരിന്റെ ആദ്യ പ്രതികരണമാണിത്‌. ഇക്കാര്യത്തില്‍ ചാനലുകളുടെ റേറ്റിംഗ്‌ കൂട്ടാനായി ഒരു പരസ്യ സംവാദത്തിന്‌ താനില്ലെന്നും തരൂര്‍ പറഞ്ഞു.

നിരവധി കാര്യങ്ങള്‍ പ്രചരിക്കുന്നുണ്‌ട്‌. ഇതില്‍ പലതും നുണയാണ്‌. രാഷ്‌ട്രീയ സമ്മര്‍ദങ്ങള്‍ അന്വേഷണത്തെ സ്വാധീനിക്കാന്‍ പാടില്ലെന്നും തരൂര്‍ പറഞ്ഞു. കൂടുതല്‍ കാര്യങ്ങള്‍ താന്‍ ഡല്‍ഹി പോലീസ്‌ കമ്മീഷണര്‍ക്ക്‌ അയച്ച കത്തില്‍ പറഞ്ഞിട്ടുണ്‌ടെന്നും താനും തന്റെ ജീവനക്കാരും അന്വേഷണത്തോട്‌ പൂര്‍ണമായി സഹകരിക്കുമെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

ഇതുവരെയുള്ള അന്വേഷണത്തില്‍ നിരവധി ആശങ്കകളുണ്‌ടെന്നും ഒരുപാട്‌ ചോദ്യങ്ങള്‍ മനസിലുണ്‌ടെന്നും തരൂര്‍ പറഞ്ഞു. അന്വേഷണം പുരോഗമിക്കുന്നതു കൊണ്‌ടാണ്‌ നിശബ്‌ദത പാലിക്കുന്നതെന്നു പറഞ്ഞ തരൂര്‍ സുനന്ദയെ അറിയാവുന്നവര്‍ക്കാര്‍ക്കും അവരെ കൊലപ്പെടുത്താന്‍ സാധിക്കില്ലെന്നും പറഞ്ഞു. നിതിയുക്തമായ അന്വേഷണത്തിലൂടെ സുനന്ദയ്‌ക്കും താനുള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ക്കും നീതി നടത്തിത്തരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞ ഒരു വര്‍ഷമായി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു താനെന്നും തരൂര്‍ പറഞ്ഞു. ഇക്കഴിഞ്ഞ ചൊവ്വാഴ്‌ചയാണ്‌ സുനന്ദയുടെ മരണം കൊലപാതകമാണെന്ന്‌ ഡല്‍ഹി പോലീസ്‌ സ്ഥിരീകരിച്ചത്‌. ഇതിനു ശേഷം ശശി തരൂരിനെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ശശി തരൂരിനെ കസ്റ്റഡിയിലെടുക്കണമെന്ന്‌ ബിജെപി നേതാവ്‌ സുബ്രമണ്യന്‍ സ്വാമി ആവശ്യപ്പെട്ടിരുന്നു.

തരൂരിന്റ ജീവനക്കാരനായ നാരായണ്‍ സിംഗ്‌ തരൂരിനെതിരെ മൊഴി നല്‍കിയെന്നുള്ള വാര്‍ത്തകളുമുണ്‌ടായിരുന്നു. മരിക്കുന്നതിന്‌ മുമ്പ്‌ സുനന്ദ തരൂരിനെ ഫോണില്‍ വിളിക്കുകയും താന്‍ മാധ്യമങ്ങളെ കണ്‌ട്‌ കാര്യങ്ങള്‍ എല്ലാം തുറന്നു പറഞ്ഞാല്‍ തരൂര്‍ വെട്ടിലാകുമെന്ന്‌ ഭീഷണിപ്പെടുത്തിയിരുന്നതായും നാരായണ്‍ സിംഗ്‌ വെളിപ്പെടുത്തിയതായായിരുന്നു റിപ്പോര്‍ട്ട്‌.എന്നാല്‍ വിവാദങ്ങളോടും ആരോപണങ്ങളോടും ശശി തരൂര്‍ പ്രതികരിച്ചിരുന്നില്ല. തൃശൂരില്‍ ആയുര്‍വേദ ചികില്‍സയിലായിരുന്ന തരൂരിന്റെ പ്രതികരണത്തിനായി ദിവസങ്ങളായി മാധ്യപ്രവര്‍ത്തകര്‍ കാത്തിരിക്കുകയായിരുന്നു. കേവലം അഞ്ച്‌ മിനിറ്റ്‌ മാത്രമാണ്‌ തരൂര്‍ സംസാരിച്ചത്‌. ചോദ്യങ്ങളോടൊന്നും തരൂര്‍ പ്രതികരിച്ചില്ല.

Add a Comment

Your email address will not be published. Required fields are marked *