സുതാര്യകേരളത്തിന്റെ സഹായഹസ്തം

തിരുവനന്തപുരം: ചായ്‌ക്കോട്ടുകോണം സ്വദേശി സിന്ധുരാജലക്ഷ്മിക്കും മകനും ഇനി ആശ്വസിക്കാം. വര്‍ഷങ്ങളായി തളര്‍ന്നു കിടക്കുന്ന സിന്ധുവിന് ചികിത്സാ സഹായവുമായി എത്തിയിരിക്കുകയാണ് സുതാര്യകേരളം. മുഖ്യമന്ത്രിയുടെ പൊതുജനപരാതി പരിഹാര പരിപാടിയായ സുതാര്യകേരളത്തെ കുറിച്ച് നാട്ടുകാര്‍ പറഞ്ഞതനുസരിച്ചാണ് സിന്ധു അപേക്ഷ നല്‍കിയത്. ഭര്‍ത്താവില്‍ നിന്നുള്ള പീഡനം കാരണം വലതു കൈയ്യും കാലും തളര്‍ന്ന് കിടപ്പിലായതാണ് സിന്ധു. എട്ടു വയസ്സുള്ള മകനാണ് ശുശ്രൂഷിക്കുന്നത്. മകന്‍ കോഴിയെ വളര്‍ത്തിയും കോഴിമുട്ട വിറ്റും കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് കുടുംബം പുലരുന്നത്.

മകന് നല്ല വിദ്യാഭ്യാസം കൊടുക്കാന്‍ ധനസഹായം നല്‍കണമെന്നും റേഷന്‍ കാര്‍ഡ് ബി.പി.എല്‍ ആക്കി നല്‍കണമെന്നുമാണ് സിന്ധുവിന്റെ അപേക്ഷ. കൂടാതെ തയ്യല്‍ പഠിച്ചിട്ടുള്ള സിന്ധുവിന് മോട്ടോര്‍ വച്ച തയ്യല്‍ മെഷീന്‍ ലഭ്യമാക്കിയാല്‍ വരുമാനമാര്‍ഗം കണ്ടെത്താമെന്നും പരാതിയില്‍ സൂചിപ്പിക്കുന്നു. സിന്ധുവിന്റെ പരാതിയിന്‍മേല്‍ മുഖ്യമന്ത്രിക്ക് വിശദീകരണം നല്‍കിയത് തിരുവനന്തപുരം ജില്ലാ കളക്ടര്‍ ബിജു പ്രഭാകറാണ്. റേഷന്‍ കാര്‍ഡ് ബി.പി. എല്‍ ആക്കുന്നതിനുള്ള സമയപരിധി കഴിഞ്ഞതിനാല്‍ പ്രയോറിറ്റി സെക്ടറില്‍ ഉള്‍പ്പെടുത്താനും മകന്റെ വിദ്യാഭ്യാസച്ചെലവുകള്‍ക്കായി ശിശുക്ഷേമസമിതി വഴി സഹായം നല്‍കാനും തീരുമാനമായി. പരാതിക്കാരിയുടെ ആവശ്യപ്രകാരം മോട്ടാര്‍ വച്ച തയ്യല്‍മെഷീനും മോട്ടോറൈസ്ഡ് വീല്‍ചെയറും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അനുവദിക്കാനും മുഖ്യമന്ത്രി ഉത്തരവിട്ടു. കൂടാതെ സാമൂഹ്യക്ഷേമ വകുപ്പുമായി ചര്‍ച്ച ചെയ്ത് പരാതിക്കാരിക്ക് അനുവദിക്കാവുന്ന സഹായങ്ങള്‍ നല്‍കണമെന്നും ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

 

Add a Comment

Your email address will not be published. Required fields are marked *