സുഗതകുമാരിക്കെതിരേ വിമര്‍ശനപ്രവാഹം: ശുദ്ധവംശീയതയാണെന്ന് വി.ടി. ബല്‍റാം

തിരുവനന്തപുരം: ഇതരസംസ്ഥാനത്തൊഴിലാളികളുടെ കുടിയേറ്റത്തെ വിമര്‍ശിച്ചുള്ള കവയിത്രി സുഗതകുമാരിയുടെ അഭിപ്രായപ്രകടനം വിവാദമായി. സുഗതകുമാരിയെ പരിഹസിച്ചും വിമര്‍ശിച്ചും നൂറുകണക്കിനു ട്രോളുകള്‍ സാമൂഹികമാധ്യമങ്ങളില്‍നിറഞ്ഞു. ഇതിനു പിന്നാലെ പരോക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റും എത്തി. സുഗതകുമാരിയുടെ അഭിപ്രായം ശുദ്ധവംശീയതയാണെന്നു വി.ടി. ബല്‍റാം എം.എല്‍.എ. ആരോപിച്ചു.
ഇന്നലെ ഒരു പത്രത്തില്‍ സുഗതകുമാരിയുടെ അഭിപ്രായം അച്ചടിച്ചു വന്നതിനു പിന്നാലെയാണ് വിഷയം സാമൂഹികമാധ്യമങ്ങള്‍ ഏറ്റെടുത്തത്. ‘കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നമായിരിക്കും ഇതസംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ ക്രമാതീതമായ കുടിയേറ്റം. സാംസ്‌കാരികമായി വന്‍ ദുരന്തത്തിലേക്കാണ് ഇതു കേരളത്തെ കൊണ്ടുചെന്നെത്തിക്കുക. നമുക്ക് സാംസ്‌കാരികമായി ഒരുതരത്തിലും പൊരുത്തപ്പെടാന്‍ പറ്റാത്തവരാണ് ഇവിടെ ജോലിക്കായി എത്തുന്നത്. വിദ്യാഭ്യാസ നിലവാരം കുറഞ്ഞവര്‍ മാത്രമല്ല, ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരുമാണ് ഇവരില്‍ അധികവും. അവര്‍ ഇവിടെ വീടുംവച്ച് ഇവിടെനിന്ന് കല്യാണവും കഴിച്ച് ഇവിടുത്തുകാരായി മാറും’എന്ന സുഗതകുമാരിയുടെ വാക്കുകളാണ് വിവാദമായത്.
കേരളത്തില്‍ ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പോസ്റ്റിന്റെ ഉള്ളടക്കം. ‘തൊഴില്‍ തേടി വിദേശങ്ങളില്‍ പോകുന്ന മലയാളികളുടെ എണ്ണത്തിനു ഏകദേശം തുല്യമാണ് നമ്മുടെ സംസ്ഥാനത്തു ജോലിക്കു വരുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ എണ്ണം. ഗള്‍ഫ് നാടുകളിലും മറ്റും ജോലി ചെയ്യുന്ന മലയാളികളുടെ ദുരിതങ്ങള്‍ പലപ്പോഴും നമ്മളെ വിഷമിപ്പിക്കാറുണ്ട്. സ്വന്തം നാടു വിട്ട് കേരളത്തില്‍ ജോലിക്കെത്തുന്നവരുടെയും സ്ഥിതി സമാനമാണെന്നു നമ്മള്‍ മനസിലാക്കണം. അവരെ നമ്മളിലൊരാളായി കാണാനുള്ള വിശാലത കേരളീയര്‍ കാണിക്കണം. വ്യത്യസ്ത നാടുകളില്‍നിന്ന് വരുന്നവരെ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന സംസ്‌കാരമാണ് ചരിത്രപരമായി കേരളത്തിനുള്ളത്’. മുഖ്യമന്ത്രി ഫെയ്‌സ് ബുക്കില്‍ കുറിച്ചു.
സുഗതകുമാരിയുടെ അഭിപ്രായം ശുദ്ധവംശീയതയാണെന്ന് വി.ടി. ബല്‍റാം എം.എല്‍.എ. ഫെയ്‌സ് ബുക്കില്‍ കുറിച്ചു. ഇത് ഭരണഘടനാവിരുദ്ധതയുമാണെന്നും ശക്തമായി അപലപിക്കുന്നുവെന്നും ബല്‍റാം ചൂണ്ടിക്കാട്ടി. നിരവധി ട്രോളുകളാണു സുഗതകുമാരിക്കെതിരേ സാമൂഹിക മാധ്യമങ്ങളില്‍ ഉയര്‍ന്നത്. സുഗത കുമാരിയുടെ അഭിപ്രായത്തെ ഖണ്ഡിച്ചും നമ്മുടെ നാട്ടുകാര്‍ അന്യനാട്ടില്‍ തൊഴില്‍ ചെയ്യുന്നുണ്ടെന്ന് മറക്കരുതെന്ന് ഓര്‍മ്മിപ്പിച്ചും നിരവധിപേര്‍ രംഗത്തെത്തി.

Add a Comment

Your email address will not be published. Required fields are marked *