സി.പി.എമ്മിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി
കോഴിക്കോട്: ബി.ജെ.പി ദേശീയ കൗണ്‍സിലില്‍ സി.പി.എമ്മിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. വ്യത്യസ്ത അഭിപ്രായമുള്ളവരെ ആക്രമിക്കുന്നത് ജനാധിപത്യ രീതിയല്ലെന്ന് മോഡി വിമര്‍ശിച്ചു. കേരളത്തിലെ രാഷ്ട്രീയ അതിക്രമങ്ങള്‍ രാജ്യം ചര്‍ച്ച ചെയ്യണം. മനുഷ്യാവകാശ ലംഘനങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ ശ്രദ്ധിക്കണം. അതിക്രമങ്ങള്‍ സഹിക്കുന്നത് പലപ്പോഴും അതിന് പ്രേരണ ആകുന്നു. ബി.ജെ.പി ജനാധിപത്യ മാര്‍ഗങ്ങള്‍ ഉപേക്ഷിക്കില്ലെന്നു, പ്രധാനമന്ത്രി പറഞ്ഞു.
എല്ലാവരെയും ഒന്നായി കാണുന്നതാണ് ബി.ജെ.പി നയം. സമൂഹത്തിലെ എല്ലാവരെയും ഒന്നായി കാണണം. ബി.ജെ.പി ആശയങ്ങളില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. ബി.ജെ.പിയെ തെറ്റായി ചിത്രീകരിക്കാന്‍ ഇപ്പോഴും ശ്രമം നടക്കുന്നു. മതേതരത്വത്തെ വികലമായി വ്യാഖ്യാനിക്കാനാണ് ചിലരുടെ ശ്രമമെന്നും മോഡി കുറ്റപ്പെടുത്തി.
ശദാബ്ദി വര്‍ഷത്തില്‍ ബി.ജെ.പി പുതിയ ദിശയിലാണെന്ന് മോഡി പറഞ്ഞു. സര്‍ക്കാരുണ്ടാക്കിയാല്‍ ലക്ഷ്യം പൂര്‍ണമാകുന്നില്ല. വ്യക്തിഗത നേട്ടങ്ങളല്ല രാഷ്ട്രീയ പ്രവര്‍ത്തനം. സമഗ്രമായ ജനക്ഷേമമാണ് ലക്ഷ്യം. ജനസംഘത്തില്‍ നിന്ന് മാറിയെങ്കിലും ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിച്ചിട്ടില്ല. നമ്മുടെ രാജ്യം യുവാക്കളുടെ രാജ്യമാണ്. അതിനാല്‍ നമ്മുടെ സ്വപ്നങ്ങള്‍ക്കും യുവത്വമുണ്ടാകണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു