സിപിഎം സംസ്ഥാന സമിതി യോഗത്തില്‍ വി.എസ് പങ്കെടുക്കില്ല

തിരുവനന്തപുരം: ഇന്ന് നടക്കുന്ന സിപിഎമ്മിന്റെ പുതിയ സംസ്ഥാന സമിതിയുടെ ആദ്യ യോഗത്തില്‍. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പങ്കെടുക്കില്ല. യോഗത്തില്‍ പങ്കെടുക്കാന്‍ വി.എസിനെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ക്ഷണിച്ചിരുന്നു.

തന്നെ പാര്‍ട്ടി വിരുദ്ധനായി ചിത്രീകരിക്കുന്ന സംസ്ഥാന സെക്രട്ടറിയറ്റ് പ്രമേയം മരവിപ്പിക്കണമെന്ന വി.എസിന്റെ നിലപാടില്‍ മാറ്റമില്ല. സംസ്ഥാന സമ്മേളനത്തിലേക്കു മടങ്ങിവരണമെന്ന ജനറല്‍ സെക്രട്ടറിയുടെ നിര്‍ദേശം നിരാകരിച്ച സാഹചര്യത്തിലും മാറ്റം വന്നിട്ടില്ല. ഈ മാസം 20, 21തീയതികളില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ പൊളിറ്റ് ബ്യൂറോ ചേരുന്നുണ്ട്. കേന്ദ്ര നേതൃത്വത്തിന്റെ തീര്‍പ്പ് കാത്തിരിക്കുകയാണ് വി.എസ്. ചില പാര്‍ട്ടി നേതാക്കള്‍ പരസ്യ വിമര്‍ശനം ഉന്നയിച്ചതിലും വി.എസിന് അതൃപ്തിയുണ്ട്. അതുകൊണ്ടുതന്നെ സംസ്ഥാന സമിതിയില്‍ അദ്ദേഹം പങ്കെടുക്കാന്‍ തീരെ സാധ്യതയില്ല.

കേന്ദ്ര കമ്മിറ്റി അംഗമെന്ന നിലയിലാണ് വി.എസിന് സംസ്ഥാന സമിതിയില്‍ പങ്കെടുക്കാനാകുന്നത്.1964ന് ശേഷം വി.എസിനെ ഉള്‍പ്പെടുത്താത്ത ആദ്യ സംസ്ഥാന സമിതിയാണ് ഇന്നു മുതല്‍ യോഗം ചേരുന്നത്. ഒരു സീറ്റ് ഒഴിച്ചിട്ടിട്ടുണ്ട്. പാര്‍ട്ടി കോണ്‍ഗ്രസില്‍ ചര്‍ച്ച ചെയ്യുന്ന രാഷ്ട്രീയ അടവു നയരേഖയ്ക്കും കരട് പ്രമേയത്തിനുമുള്ള ഭേദഗതി ചര്‍ച്ച ചെയ്യാനാണ് ഇന്നും നാളെയും സംസ്ഥാന സമിതി യോഗം. പുതിയ സെക്രട്ടറിയറ്റ് രൂപീകരണം ചര്‍ച്ചയാകില്ല.

Add a Comment

Your email address will not be published. Required fields are marked *