;സര്‍ക്കാരുമായി സഹകരിക്കില്ല,

തിരുവനന്തപുരം മനോജ്‌ എട്ടുവീട്ടില്‍ ഹിന്ദുസ്ഥാന്‍ സമാചാര്‍: രാജ്‌മോഹൻ ഉണ്ണിത്താനെ ചലച്ചിത്ര വികസന കോർപറേഷന്റെ ചെയർമാനായി നിയമിച്ചതിൽ പ്രതിഷേധിച്ച് സംഘടനയുടെ ഡയറക്ടർ ബോർഡിൽ നിന്ന് രാജിവച്ചതായി മണിയന്‍പിള്ള രാജു ഹിന്ദുസ്ഥാന്‍ സമാചാറിനോട് പറഞ്ഞു. തന്റെയും ഇടവേള ബാബുവിന്റെയും , നടി കാലടി ഓമനയുടെയും രാജിയോട് സര്‍ക്കാര്‍ പ്രതികരിച്ചില്ലെങ്കില്‍ സര്‍ക്കാരുമായി തുടര്‍ന്ന് സഹകരിക്കില്ലെന്ന് മണിയന്‍പിള്ള രാജു പറഞ്ഞു. മന്ത്രിമാര്‍ പങ്കെടുക്കുന്ന ചടങ്ങുകള്‍ ബഹിഷ്ക്കരിക്കുമെന്നും, സൌജന്യമായി തങ്ങള്‍ അഭിനയിപ്പിച്ച പരസ്യങ്ങള്‍ മരവിപ്പിക്കാന്‍ ആവശ്യപ്പെടുമെന്നും രാജു പറഞ്ഞു. മാന്യമായി നടന്നു പോകുന്ന സ്ഥാപനമായിരുന്നു ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍. നഷ്ടത്തില്‍ നിന്ന് ഞങ്ങള്‍ അത് ലാഭത്തിലാക്കി. കോര്‍പ്പറേഷനുകളില്‍ 79 സ്ഥാനത്തു നിന്നാണ് 29 സ്ഥാനത്തു ഞങ്ങള്‍ എത്തിച്ചത് .

കാലാവധി തീര്‍ന്നു എന്ന് പറഞ്ഞു മാന്യമായി ഞങ്ങളെ വിളിച്ചു വരുത്തി കാര്യം പറയാമായിരുന്നു. അതൊന്നും സര്‍ക്കാര്‍ ചെയ്തില്ല. രാജി ഞങ്ങള്‍ ഒപ്പിട്ടു കൊടുത്തെനെ. സര്‍ക്കാരിനു ഉണ്ണിത്താനെ കയറ്റി ഇരുത്താനും കഴിഞ്ഞേനെ. തിരഞ്ഞെടുപ്പില്‍ ജയിക്കുകയോ, എംഎല്‍എ ആകുകയോ ചെയ്യാത്ത ആളാണ്‌ ഉണ്ണിത്താന്‍ . അധികാര സ്ഥാപനങ്ങളില്‍ ഇരിക്കാത്ത ആളുമാണ്. ആ ഉണ്ണിത്താനാണ് പറയുന്നത് ഇന്റെര്‍ണല്‍ ഓഡിറ്റ് നടത്തും, അഴിമതി കണ്ടുപിടിക്കും എന്നൊക്കെ. ഇന്നുവരെ സ്ഥാപനതിനകത്തു കയറുകയോ , പേപ്പറുകള്‍ കാണുകയോ ചെയ്യാത്ത ആളാണ്‌ ഉണ്ണിത്താന്‍. എന്നിട്ടാണ് ഇന്റെണല്‍ ഓഡിറ്റ്, അഴിമതി എന്നൊക്കെ പറയുന്നത്. ഇതെല്ലാം രാജ്മോഹന്‍ ഉണ്ണിത്താന്‍ വെറുതെ പറയുന്നതാണ്.

ശുദ്ധ മണ്ടത്തരമാണ് ഉണ്ണിത്താന്‍ പറയുന്നതെന്ന് ആളുകള്‍ക്ക് മനസ്സിലാകും. 9 വര്‍ഷമായി ഓഡിറ്റ് നടത്താത്ത സ്ഥാപനത്തിലാണ് ഞങ്ങള്‍ ഓഡിറ്റ് നടത്തി എല്ലാ കാര്യങ്ങളും നേരെ ചോവ്വേ ആക്കിയത് . എല്ലാ ഓഡിറ്റുകളും ആദ്യമേ നടത്തി വിജയകരമായി മുന്നോട്ട് പോകുകയായിരുന്നു ഈ കോര്‍പ്പറേഷന്‍. മുന്‍പ് ടിക്കറ്റ് എടുക്കാതെയായിരുന്നു ഞാനടക്കമുള്ള ആളുകള്‍ കൈരളിയിലും, ശ്രീയിലും കയറുക. ടിക്കറ്റ് വാങ്ങുമായിരുന്നില്ല. ഞങ്ങള്‍ ബോര്‍ഡില്‍ വന്നശേഷം അതിനു മാറ്റം വരുത്തി. ടിക്കറ്റ് എടുക്കാതെ ഞങ്ങള്‍ ആരും സിനിമയ്ക്ക് കയറാറില്ല. ഇതുപോലെ എല്ലാ സൌജന്യങ്ങളും ഒഴിവാക്കിയാണ് ഞങ്ങള്‍ സ്ഥാപനം മുന്നോട്ടു കൊണ്ടുപോയത് . എന്തായാലും ഈ കാര്യത്തില്‍ സര്‍ക്കാര്‍ സമീപനം ശരിയായില്ല. ഗണേഷ് കുമാര്‍ മന്ത്രിയായിരുന്ന അവസ്ഥയില്‍ മാത്രമേ എന്തെങ്കിലും കാര്യങ്ങള്‍ ഇവിടെ നടന്നിട്ടുള്ളൂ. കേരളാ കോണ്‍ഗ്രസ്‌ (ബി)യില്‍ നിന്ന് ഒരാളെ പോലും ഈ ബോര്‍ഡില്‍ വച്ചില്ല.

അതിനു ബാലകൃഷ്ണപിള്ളയും ഗണേഷ് കുമാറും അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. പക്ഷെ ഗണേഷ് കുമാര്‍ ശക്തമായ അഭിപ്രായം ഇക്കാര്യത്തില്‍ സ്വീകരിക്കുകയായിരുന്നു. സിനിമ അറിയുന്നവര്‍ മാത്രം ബോര്‍ഡില്‍ മതി എന്ന തീരുമാനം കൈക്കൊണ്ടു. സ്ഥാപനം നശിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമം എന്ന് തിരിച്ചറിഞ്ഞാണ്‌ ഞങ്ങള്‍ ഇറങ്ങിപ്പോന്നത്. റബ്ബര്‍ തടിക്കു പോലും സര്‍ക്കാര്‍ നികുതിയില്ലാത്ത അവസ്ഥയിലാണ് സിനിമയ്ക്ക് സര്‍ക്കാര്‍ വാറ്റ് ഏര്‍പ്പെടുത്തിയത്. 290 കോടി സര്‍ക്കാരിന് ടാക്സ് നല്‍കുന്നവരാണ് സിനിമാക്കാര്‍. അല്ലെങ്കിലും 24 ശതമാനം ടാക്സ് അടയ്ക്കുന്നുണ്ട് . അതിനു പുറമെയാണ് 5 ശതമാനം വാറ്റ്. അതുകൂടി ഏര്‍പ്പെടുത്തിയതോടെ മലയാള സിനിമയുടെ കഥ കഴിഞ്ഞിരിക്കുകയാണ്. വെള്ളിമൂങ്ങയ്ക്ക് ശേഷം മലയാളത്തില്‍ സിനിമ ഓടിയിട്ടില്ല. ബാക്കി എല്ലാവരും കുത്തുപാള എടുത്തിരിക്കുകയാണ്. അതുകൊണ്ട് തന്നെയാണ് ബോര്‍ഡില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ലെന്ന് മനസ്സിലായി പിന്‍വാങ്ങുന്നത്‌. മണിയന്‍പിള്ള രാജു പറഞ്ഞു.

Add a Comment

Your email address will not be published. Required fields are marked *