സര്ക്കാരിനു വീണ്ടും തിരിച്ചടി: മദ്യനയത്തെ വിമര്ശിച്ചു സുപ്രീംകോടതി

ദില്ലി: മദ്യ നയം സംബന്ധിച്ച കേസ്സില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന് സുപ്രീംകോടതിയുടെ അതിരൂക്ഷ വിമര്‍ശനം. വികലവും പ്രായോഗികവുമല്ലാത്ത മദ്യനയമാണ് സര്‍ക്കാരിന്റേതെന്ന് സുപ്രീംകോടതി പരാമര്‍ശിച്ചു. മദ്യ നയത്തെ കുറിച്ച് ഇനിയും കൂടുതല്‍ പറയിക്കരുതെന്നും കോടതി താക്കീസ് നല്‍കി. ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. സംസ്ഥാനത്തെ 9 ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ക്കും ഒരു ഫോര്‍ സ്റ്റാര്‍ ഹോട്ടലിനും ബാര്‍ ലൈസന്‍സ് നല്‍കാനുള്ള കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ച ജസ്റ്റിസ്‌ രഞ്ജന്‍ ഗൊഗോയ് അദ്ധ്യക്ഷനായ ബെഞ്ച് തുടക്കത്തില്‍ തന്നെ സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി കേള്‍ക്കാനാകില്ലെന്ന് വ്യക്തമാക്കി. സര്‍ക്കാര്‍ എന്താണോ ആവശ്യപ്പെടുന്നത് അക്കാര്യം ഹൈക്കോടതിയില്‍ ഉന്നയിച്ചാല്‍ മതി എന്നാണ് പരമോന്നത കോടതി നിര്‍ദ്ദേശിച്ചത്. എന്നാല്‍ ഹൈക്കോടതി കോടതി അലക്ഷ്യ നടപടികള്‍ തുടങ്ങിയിരിക്കുകയാണെന്നും അതെങ്കിലും തടയണമെന്ന് കേരളത്തിന്റെ അഭിഭാഷകന്‍ വി.ഗിരി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ഇടപെടാനേ ആഗ്രഹിക്കുന്നില്ല എന്നായിരുന്നു അതിന് സുപ്രീംകോടതിയുടെ മറുപടി. കേരളം ഉണ്ടാക്കിയ മദ്യനയം ആശ്ചര്യമുണ്ടാക്കുന്നതാണെന്ന് തുടര്‍ന്ന് കോടതി പറഞ്ഞു. വികലവും പ്രായോഗികമല്ലാത്തതുമായ മദ്യനയത്തിന് വേണ്ടിയാണ് സര്‍ക്കാര്‍! വാദിക്കുന്നത്. ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രം ബാര്‍ലൈസന്‍സ്, മറ്റ് ഹോട്ടലുകള്‍ക്ക് ബാര്‍ലൈസന്‍സില്ല. ഇത് എന്ത് നയമാണെന്ന് ചോദിച്ച കോടതി സര്‍ക്കാരിന്റെ വിവേചന നയമാണെന്ന് ചൂണ്ടിക്കാട്ടി. കേസിന്റെ മെറിറ്റിലേക്ക് കടന്ന് കൂടുതല്‍ കാര്യങ്ങള്‍ പറയുന്നില്ല എന്ന മുന്നറിയിപ്പും കോടതി നല്‍കി. തുടര്‍ന്ന് 10 ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള സര്‍ക്കാരിന്റെ ഹര്‍ജി തള്ളുകയും ചെയ്തു. ബാര്‍ലൈസന്‍സ് അനുവദിക്കുന്നതിന് സമയം വേണമെന്നും അതുവരെ കോടതി അലക്ഷ്യ നടപടികള്‍ ഹൈക്കോടതിയില്‍ നിന്നുണ്ടാകാതിരിക്കാന്‍ ഇടപെടണമെന്നും പിന്നീട് സര്‍ക്കാര്‍ വാദിച്ചെങ്കിലും അതും സുപ്രീംകോടതി അത് അന്ഗീകരിച്ചില്ല.

 

Add a Comment

Your email address will not be published. Required fields are marked *