സമൂഹത്തിന്റെ സുരക്ഷ ഉറപ്പ് വരുത്താൻ നിലവിലെ ക്രിമിനൽ നീതിന്യായ വ്യവസ്ഥയ്ക്ക് കഴിയുന്നില്ലെന്നും അശോക്‌ ഭൂഷണ്‍

കൊച്ചി: ബ്രിട്ടീഷുകാർ ഇന്ത്യ ഭരിച്ചിരുന്നപ്പോൾ സുഗമമായ ഭരണത്തിനായി ഉണ്ടാക്കിയ ഇന്ത്യൻ പീനൽ നിയമങ്ങളാണ് നാം ഇന്നും പിന്തുടരുന്നതെന്ന് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് അശോക്‌ ഭൂഷണ്‍. രാജ്യം സ്വതന്ത്രമായി 67 വർഷം പൂർത്തിയായിട്ടും പീനൽ നിയമങ്ങളിൽ ചെറിയ ചില മാറ്റങ്ങൾ വരുത്താൻ മാത്രമാണ് നമുക്ക് കഴിഞ്ഞത്. സാമ്പത്തിക ഉദാരവത്ക്കരണം, ആഗോളവത്ക്കരണം, വാർത്തവിനിമയ രംഗത്തെ വിപ്ലവകരമായ മാറ്റങ്ങൾ തുടങ്ങിയവയെ തുടർന്ന് കുറ്റകൃത്യങ്ങളുടെ എണ്ണത്തിലും സ്വഭാവത്തിലും വലിയ മാറ്റങ്ങൾ വന്നു. രാജ്യത്തെ ക്രിമിനൽ നീതിന്യായ വ്യവസ്ഥയ്ക്ക് ഇത് കനത്ത വെല്ലുവിളിയാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

ഇന്ത്യൻ പീനൽ കോഡിന്റെ 155 ആം വാർഷികത്തോടനുബന്ധിച്ച് ഡയറക്ടറെറ്റ് ഓഫ് പ്രോസിക്യൂഷൻ കേരള പബ്ലിക് പ്രോസിക്യൂട്ടർമാർക്കായി നടത്തിയ ഏകദിന ക്യാമ്പ് കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുറ്റവാളികൾ കൂടുതൽ ആധുനിക രീതികളും പുതിയ സാങ്കേതിക വിദ്യകളും സ്വീകരിക്കുന്നു. അത് കൊണ്ട് തന്നെ സമൂഹത്തിന്റെ സുരക്ഷ ഉറപ്പ് വരുത്താൻ നിലവിലെ ക്രിമിനൽ നീതിന്യായ വ്യവസ്ഥയ്ക്ക് കഴിയുന്നില്ലെന്നും അശോക്‌ ഭൂഷണ്‍ പറഞ്ഞു. ഇത്തരം വെല്ലുവിളികളെ നേരിടാൻ നിയമ പാലകർക്ക് മതിയായ പരിശീലനം നൽകണമെന്നും അദ്ദേഹം നിർദേശിച്ചു. പൊലിസ്, ജഡീഷ്യറി, പ്രോസിക്യൂഷൻ വിഭാഗം, തടവറയും തെറ്റ് തിരുത്തൽ വിഭാഗവും പരസ്പര പൂരകങ്ങളാണ്. ഇവ ഒത്തൊരുമിച്ച് പ്രവർത്തിച്ചാൽ മാത്രമേ നീതിന്യായ വ്യവസ്ഥ നിലനിൽക്കൂ എന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. സമൂഹത്തിൽ കുറ്റകൃത്യങ്ങളും കുറ്റവാളികളുടെ എണ്ണവും വർധിച്ച് വരുന്ന അവസരത്തിൽ പബ്ലിക് പ്രോസിക്യൂട്ടർമാരുടെ ഉത്തരവാദിത്വം വളരെ വലുതാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. പബ്ലിക് പ്രോസിക്യൂട്ടർമാർ നീതിപൂർവകവും നിഷ്പക്ഷമായും പ്രവർത്തിക്കണമെന്നും അത് ഉറപ്പ് വരുത്താനുള്ള ബാധ്യത സംസ്ഥാന സർക്കാരുകൾക്ക് ഉണ്ടെന്നും അശോക്‌ ഭൂഷണ്‍ ചൂണ്ടിക്കാട്ടി.

ജനങ്ങളുടെ അവകാശങ്ങളുടെ സംരക്ഷകരാണ് കോടതികളെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഓരോ പൗരന്റെയും തുല്യതയും അവകാശങ്ങളും ഉറപ്പ് വരുത്തുന്നതാണ് ഇന്ത്യൻ ഭരണഘടനയെങ്കിലും പലപ്പോഴും ഇവയ്ക്കു നേരെ വെല്ലുവിളികൾ ഉയരാറുണ്ട്. നിയമ, നീതിന്യായ വ്യവസ്ഥയാണ്‌ പൌരന്മാർക്ക്‌ ഭരണഘടന ഉറപ്പ് നൽകുന്ന അവകാശങ്ങളും അധികാരങ്ങളും സംരക്ഷിക്കുന്നത്. അത് കൊണ്ട് തന്നെ ജഡീഷ്യറിക്ക് നേരെ ഉയരുന്ന വെല്ലുവിളികൾ രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ അസ്ഥിരപ്പെടുത്തുമെന്നും അശോക്‌ ഭൂഷണ്‍ ഓർമ്മപെടുത്തി.
ഡി ജി പി ടി. ആസഫ് അലി അധ്യക്ഷത വഹിച്ചു. ജസ്റ്റിസ് ടി ശങ്കരൻ, അഡ്വക്കെറ്റ് ജനറൽ ദണ്ടപാണി, ഡൽഹി ജഡീഷ്യൽ അക്കാഡമി ചെയർമാൻ ബി ടി കൌൾ, എന്നിവർ സംബന്ധിച്ചു.
ജിബി സദാശിവൻ , കൊച്ചി

Add a Comment

Your email address will not be published. Required fields are marked *