സമാധാനം വേണമെങ്കില്‍ ഭീകരരെ നിയന്ത്രിക്കണം

ശ്രീനഗര്‍ : അതിര്‍ത്തിയിലുണ്ടാവുന്ന  ഭീകരാക്രമണം ഇന്ത്യ-പാക്ക്‌ സമാധാന ശ്രമങ്ങള്‍ക്ക്‌ തുരങ്കം വയ്‌ക്കുന്നതിനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന്‌ ജമ്മു കശ്‌മീര്‍ മുഖ്യമന്ത്രി മുഫ്‌തി മുഹമ്മദ്‌ സയീദ്‌. സമാധാനം വേണമെന്നാണ്‌ പാക്കിസ്‌ഥാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ പാക്ക്‌ പ്രധാനമന്ത്രി നവാസ്‌ ഷരീഫും സര്‍ക്കാരും ഭീകരരെ നിയന്ത്രിക്കാന്‍ തയാറാകണമെന്നും മുഫ്‌തി ആവശ്യപ്പെട്ടു.

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ജമ്മുവില്‍ രണ്ടിടങ്ങളില്‍ ഭീകരര്‍ ആക്രമണം നടത്തിയിരുന്നു. സാംബയിലും കത്വയിലുമുണ്ടായ ഭീകരാക്രമണങ്ങള്‍ക്കെതിരെ ജമ്മു കശ്‌മീര്‍ നിയമസഭ പ്രമേയവും പാസാക്കി. സംഭവം പാക്ക്‌ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും സഭാംഗങ്ങള്‍ കേന്ദ്ര സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു.

സംസ്‌ഥാനത്തുണ്ടായ ആദ്യത്തെ ഭീകരാക്രമണമൊന്നുമല്ല ഇതെന്നു പറഞ്ഞ സയീദ്‌, 2002-2007 കാലഘട്ടത്തില്‍ സംഭവിച്ചതുപോലെ സമാധാനപരമായ അന്തരീക്ഷം ജമ്മു കശ്‌മീരില്‍ ഉണ്ടാകുമെന്നാണ്‌ തന്റെ പ്രതീക്ഷയെന്നും നിയമസഭയില്‍ പറഞ്ഞു. ഇന്ത്യയുമായി സൗഹാര്‍ദപൂര്‍ണമായ ബന്ധമാണ്‌ പാക്കിസ്‌ഥാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ സംസ്‌ഥാനത്ത്‌ സമാധാനം പുലരാന്‍ പാക്കിസ്‌ഥാന്‍ സഹകരിച്ചേ മതിയാകൂ എന്നും സയീദ്‌ വ്യക്‌തമാക്കി. ഇത്തരം ആക്രമണങ്ങള്‍ക്ക്‌ തയ്യാറെടുക്കുന്നവരെ തടയാന്‍ പാക്ക്‌ സര്‍ക്കാര്‍ തയാറാകണമെന്നും സയീദ്‌ ആവശ്യപ്പെട്ടു.

നേരത്തെ,ജമ്മു കശ്‌മീരില്‍ സമാധാനപരമായി തിരഞ്ഞെടുപ്പ്‌ നടത്താന്‍ സഹായിച്ചുവെന്നതിന്റെ പേരില്‍ പാക്ക്‌ സര്‍ക്കാരിനും ഭീകരര്‍ക്കും വിഘടനവാദികള്‍ക്കും നന്ദി രേഖപ്പെടുത്തിക്കൊണ്ടുള്ള സയീദിന്റെ പരാമര്‍ശം ഏറെ വിമര്‍ശനം വരുത്തിവച്ചിരുന്നു. മുഖ്യമന്ത്രി സ്‌ഥാനം ഏറ്റെടുത്ത ഉടനെയായിരുന്നു സയീദിന്റെ വിവാദ പരാമര്‍ശം. ഇതിനെതിരെ ജമ്മു കശ്‌മീരില്‍ സഖ്യകക്ഷി കൂടിയായ ബിജെപിയും കോണ്‍ഗ്രസുമുള്‍പ്പെയുള്ള പാര്‍ട്ടികള്‍ രംഗത്തു വന്നിരുന്നു.

 

Add a Comment

Your email address will not be published. Required fields are marked *