ശ്രീ ശ്രീ രവിശങ്കര്‍ മുഴുവന്‍ പിഴയും ഉടന്‍ അടയ്ക്കണമെന്ന് ഹരിത ട്രൈബ്യൂണല്‍

ന്യൂ!ഡല്‍ഹി: യമുനാ തീരത്ത് ലോക സാംസ്‌കാരികോല്‍സവം സംഘടിപ്പിച്ചതിന് കോടതി ചുമത്തിയ പിഴ എത്രയും വേഗം അടച്ചുതീര്‍ക്കണമെന്ന് ജീവനകല ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കറിന് കര്‍ശന നിര്‍ദേശം. എതിര്‍പ്പുകള്‍ അവഗണിച്ച് യമുനാതീരത്ത് ഇത്തരമൊരു മേള സംഘടിപ്പിച്ച സംഘടനയെ ദേശീയ ഹരിത ട്രൈബ്യൂണല്‍ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന രീതിയില്‍ യമുനാതീരത്ത് മേള നടത്തിയതിന് അഞ്ച് കോടി രൂപ പിഴയടയ്ക്കണമെന്ന് ആര്‍ട്ട് ഓഫ് ലിവിങ്ങിനോട് ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ പിഴയായി 25 ലക്ഷം രൂപ മാത്രമേ സംഘടന അടച്ചിട്ടുള്ളൂ. ബാക്കി പിന്നീട് അടയ്ക്കാമെന്നായിരുന്നു സംഘടന നല്‍കിയ വിശദീകരണം.

മേള സംഘടിപ്പിക്കാനുള്ള അനുമതി നല്‍കിയതിനോടൊപ്പം തന്നെ അഞ്ച്‌കോടി രൂപ പിഴ അടയ്ക്കാനുള്ള നിര്‍ദേശം സംഘാടകര്‍ക്ക് നല്‍കിയിരുന്നുവെന്നും എന്നാല്‍ നിരന്തരമായ താക്കീതുകള്‍ നല്‍കിയിട്ടുപോലും മുഴുവന്‍ പിഴയും അടയ്ക്കാന്‍ സംഘാടകര്‍ തയാറായിട്ടില്ലെന്നും കോടതി പറഞ്ഞു. ഇതു നിയമ ലംഘനമാണെന്നും ഒരു പക്ഷേ, സംഘടനയുടെ നിലനില്‍പ്പിനെ തന്നെ ബാധിച്ചേക്കാമെന്നും കോടതി മുന്നറിയിപ്പു നല്‍കി.

യമുനാ നദീതീരത്തെ പച്ചപ്പുമുഴുവന്‍ വെട്ടിക്കളഞ്ഞാണ് വേദി കെട്ടിപ്പൊക്കിയതെന്ന് പരിസ്ഥിതിവാദികള്‍ പറയുന്നു. മാത്രമല്ല, നദിയുടെ ദുര്‍ബലമായ പരിസ്ഥിതിയെ നശിപ്പിക്കുകയും വെള്ളമൊഴൊക്കിനെ തടസ്സപ്പെടുത്തുകയും ചെയ്‌തെന്നും ആരോപണമുയര്‍ന്നിരുന്നു.

Add a Comment

Your email address will not be published. Required fields are marked *