വേണമെങ്കിൽ പുറത്താക്കട്ടെ

ഒരിക്കലും യുഡിഎഫ് വിട്ടുപോകില്ല, വേണമെങ്കിൽ തങ്ങളെ പുറത്താക്കട്ടെ എന്ന് മുന്നണിയുടെ സ്ഥാപക നേതാവ് ആര്‍ ബാലകൃഷ്ണപിള്ള. എന്തുവന്നാലും അഴിമതിക്കെതിരായ പോരാട്ടം തുടരും. ഇതിൽ വിട്ടുവീഴ്ചയില്ല. അഴിമതിയുടെ കാര്യത്തിൽ തന്റെയും, വി.എസ്.അച്യുതാനന്ദന്റെയും നിലപാടുകൾ ഒന്നാണെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു. അഴിമതിക്കെതിരെ ആണുങ്ങൾക്ക് ഒറ്റ നിലപാടെ ഉള്ളൂ. ആ നിലപാടാണ് ഞാനും അച്യുതാനന്ദനും പിന്തുടരുന്നത്. തന്നെ ക്ഷണിക്കാതെ തന്റെ കാര്യത്തിൽ യുഡിഎഫ് യോഗം കുറ്റവിചാരണ നടത്തിയതിൽ പ്രതിഷേധിച്ചു ഇനി ഒരു യുഡിഎഫ് യോഗത്തിലും കേരളാ കോണ്‍ഗ്രസ്‌ (ബി ) പങ്കെടുക്കില്ലെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.

ബാർക്കൊഴാ വിഷയത്തിൽ ഇന്നലെ ചേർന്ന യുഡിഎഫ് യോഗം ബാലകൃഷ്ണപിള്ളയോട് തെറ്റ് തിരുത്താൻ ആവശ്യപ്പെട്ടിരുന്നു . അതിനുള്ള മറുപടി എന്ന നിലയിലാണ് തിരുവനന്തപുരത്തു വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ തന്റെ നിലപാടുകൾ ബാലാകൃഷ്ണപിള്ള പരസ്യമാക്കിയത്. എന്നോടു തെറ്റ് തിരുത്താൻ പറയാൻ തങ്കച്ചൻ ആരാണ്. ഞാനല്ല,യുഡിഎഫ് ആണ് തെറ്റുകാരൻ. ആദ്യം തെറ്റുകൾ യുഡിഎഫ് തിരുത്തട്ടെ. നാല് വർഷമായി യുഡിഎഫ് എന്നോടു തെറ്റ് ചെയ്തുകൊണ്ടിരിക്കുന്നു.

കുറെ വാഗ്ദാനങ്ങൾ യുഡിഎഫ് നല്കിയിരുന്നു. അതെല്ലാം അവർ ലംഘിച്ചു. ഉമ്മൻചാണ്ടി എന്നാൽ കുറെ തെറ്റുകളുടെ കൂമ്പാരമാണ്. ആ തെറ്റുകൾ ഉമ്മൻചാണ്ടിയും തിരുത്തട്ടെ. പി.പി.തങ്കച്ചൻ എന്ന് പറഞ്ഞാൽ ഒരു ചാവേറാണ്. എന്റെ തറവാട്ടിൽ നിന്ന് എന്നെ ഇറക്കിവിടാൻ ശ്രമിക്കുകയാണ് യുഡിഎഫ് ചെയ്തത്. പക്ഷെ ആ തറവാട്ടിൽ നിന്നും ഒരിക്കലും ഞങ്ങൾ ഇറ ങ്ങിപ്പോകില്ല. കോണ്‍ഗ്രസ്‌ ഒരു ജനാധിപത്യ പാർടിയാണ്. പക്ഷെ ഇന്നലെ എന്നെ കുറ്റവിചാരണ ചെയ്തപ്പോൾ എന്റെ വാദം പറയാനുള്ള ഒരവസരവും എനിക്ക് തന്നില്ല. കെ.ബി.ഗണേഷ്കുമാറിനെ കുമാറിനെ സത്യപ്രതിജ്ഞ ചെയ്യിക്കാത്തത് തന്നെ യുഡിഎഫിന്റെ വാഗ്ദാനലംഘനമാണ്.

ഒരു പ്രതിഫലവും ഇല്ലാത്ത ഒരു കോർപ്പറേഷൻ ചെയർമാൻ സ്ഥാനമാണ് ഞാൻ ഏറ്റെടുത്തത്. അത് രാജിവയ്ക്കുകയും ചെയ്തിട്ടുണ്ട്. രണ്ടു വർഷം മുൻപ് ഒരു മന്ത്രിയെക്കുറിച്ച് ഞാൻ അഴിമതി ആരോപണം ഉന്നയിച്ചു മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കണ്ടു. അത് എഴുതി തരാൻ പറഞ്ഞു. എഴുതിക്കൊടുത്തു. ഒരു പ്രതികരണവും ഇല്ല. ബിജു രമേഷ് എന്നെ വിളിക്കുകയാണ്‌ ഉണ്ടായത്. ബിജു രമേഷിനോട് പറഞ്ഞ കാര്യങ്ങളിൽ ഞാൻ ഉറച്ചു നില്ക്കുന്നു. അത് ആദ്യം ഉമ്മൻചാണ്ടിയോട് പറഞ്ഞതാണ്. അത് തന്നെയാണ് ബിജു രമേഷിനോടും പറഞ്ഞത്. ഉമ്മൻചാണ്ടി യോട് പരാതി പറഞ്ഞു രശീതി വാങ്ങാൻ കഴിയുമോ? ഈ ആരോപണങ്ങൾ ഒരു സ്വതന്ത്ര ഏജൻസി അന്വേഷിക്കട്ടെ.

ബാറുകാരിൽ നിന്ന് കാശുവാങ്ങിച്ചു, സ്വർണ്ണക്കടക്കാരിൽ നിന്ന് കാശ് വാങ്ങിച്ചു, അരി മില്ലുകാരോട് കാശ് വാങ്ങിച്ചു. എല്ലാ ആരോപണങ്ങളിലും ഉറച്ചു നില്ക്കുന്നു. ഒരു സ്വതന്ത്ര എജന്സി അന്വേഷിച്ചാൽ എല്ലാം ഞാൻ എണ്ണിയെണ്ണി പറയും. അരി മില്ലുകാരിൽ നിന്ന് പണം വാങ്ങിച്ചു എന്ന് ഞാൻ പറഞ്ഞതിനെ തുടർന്ന് കുട്ടനാട്ടിലെ കർഷകർ രംഗത്ത്‌ വന്നു പണം നല്കിയത് ശരിയെന്നു പറഞ്ഞു. പണം കെ.എം.മാണി നേരിട്ട് വാങ്ങി എന്ന് ഞാൻ പറയുന്നില്ല.

പണം കൈമാറപ്പെട്ടിട്ടുണ്ട്. അന്വേഷിച്ചു ഇതു വെളിയിൽ വരട്ടെ. പിന്നെ മന്ത്രിമാർ കൈക്കൂലി വാങ്ങിച്ചു എന്ന് പറയുന്നത് തെറ്റാണോ? കൈക്കൂലി വാങ്ങിച്ചു എന്ന് പറഞ്ഞാൽ ആ ആരോപണം ഉന്നയിക്കുന്നവരെ പുറതാക്കുന്നതാണോ യുഡിഎഫ് പാരമ്പര്യം. ഉമ്മൻ ചാണ്ടി പറഞ്ഞു. 28 കഴിയട്ടെ. എന്ന് 28 കഴിഞ്ഞു. എന്നിട്ട് എന്ത് സംഭവിച്ചു. 10 വർഷം മുൻപ് ഉമ്മൻ ചാണ്ടിയെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട്‌ എൻഎസ്എസ് ഹെഡ്ക്വാർട്ടേഴ്സ് വരെ യാത്ര ചെയ്ത ആളാണ്‌ ഞാൻ. ആ എനിക്കിട്ടു പണി തന്നതാണ്‌ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി. എന്നെ മുഖ്യമന്ത്രി ഒരിക്കലും സഹായിച്ചില്ല.

ജയിലിൽ കിടന്നപ്പോൾ എന്നെ സഹായിച്ചത് കോടിയേരി ബാലകൃഷ്ണനാണ്. ജയിലിൽ സൌകര്യം ഒരുക്കിതരാൻ അദ്ദേഹം മുൻകയ്യെടുത്തു. അത്രപോലും സഹായം ഉമ്മൻ‌ചാണ്ടിയിൽ നിന്ന് ലഭിച്ചില്ല. യുഡിഎഫിനു കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ രണ്ടു, മൂന്നു സീറ്റ് വിജയിപ്പിച്ചതിന്റെ ഉത്തരവാദിത്തം എനിക്കുണ്ട്. വിജയിച്ചവർ ഇതു ഏറ്റുപറഞ്ഞിട്ടുമുണ്ട്. എന്തായാലും യുഡിഎഫിൽ നിന്ന് പുറത്തെക്കില്ല. പുറത്താക്കും വരെ യുഡിഎഫിൽ തുടരും. ബാലകൃഷ്ണപിള്ള പറയുന്നു.

 

Add a Comment

Your email address will not be published. Required fields are marked *