വി എസിനെ വേട്ടയാടുന്നു: സരോജനി ബാലാനന്ദന്‍

കൊച്ചി: വി എസ് അച്യുതാനന്ദന് പരസ്യമായ പിന്തുണയുമായി സി പി എം സംസ്ഥാന കമ്മിറ്റിയംഗമായിരുന്ന സരോജനി ബാലാനന്ദന്‍. പാര്‍ട്ടി വിട്ടാല്‍ വി എസ് കൂടുതല്‍ ശക്തനായിരിക്കുമെന്നും വി എസ് ഇല്ലാത്ത സി പി എമ്മിന് കേരളത്തില്‍ വലിയ തരിച്ചടി നേരിടേണ്ടി വരുമെന്നും സരോജനി ബാലാനന്ദന്‍ പറഞ്ഞു.

വി എസിന്റെ നിലപാടുകള്‍ക്കൊപ്പം ഉറച്ചു നില്‍ക്കുമെന്ന് അവര്‍ മാധ്യമ പ്രവര്‍ത്തകരോട് വ്യക്തമാക്കി.സി പി എം സംസ്ഥാന സമ്മേളനത്തില്‍ നിന്ന് വി എസ് അച്യുതാനന്ദന്‍ ഇറങ്ങിപ്പോകുന്ന സാഹചര്യം നേതൃത്വം ഇടപെട്ട് ഒഴിവാക്കേണ്ടതായിരുന്നു. വി എസ് അച്യുതാനന്ദന്‍ പാര്‍ട്ടിയുടെ ഏറ്റവും സമുന്നത നേതാവാണ്. 90 പിന്നിട്ട അദ്ദേഹത്തിന് അര്‍ഹമായ ആദരവ് സമ്മേളന പ്രതിനിധികള്‍ നല്‍കേണ്ടതായിരുന്നു.

അദ്ദേഹത്തിനെതിരെ പരിധി വിട്ട വിമര്‍ശനങ്ങളുണ്ടായപ്പോള്‍ നേതൃത്വം ഇടപെട്ട് അത് തടയേണ്ടതായിരുന്നു. പാര്‍ട്ടി സമ്മേളനത്തിന്റെ അജണ്ട വി എസ് വിമര്‍ശനം മാത്രമായി അധപതിക്കുന്നത് ദുഖകരമാണ്. കഴിഞ്ഞ മൂന്നു വര്‍ഷമായി വി എസിനെ ചിലര്‍ വേട്ടയാടിക്കൊണ്ടിരിക്കുന്നു. പാര്‍ട്ടിയുടെ കഴിഞ്ഞ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ നേട്ടങ്ങളുടെയും കോട്ടങ്ങളുടെയും വിലയിരുത്തലും ഗൗരവതരമായ രാഷ്ട്രീയ ചര്‍ച്ചകളും നടക്കേണ്ട സമ്മേളനത്തില്‍ വി എസിനെതിരായ സംഘടിത ആക്രമണമാണ് നടക്കുന്നത്.

എ കെ ജിയും കൃഷ്ണപിള്ളയുമൊക്കെ നയിച്ച സി പി എമ്മിന് അപരിചിതമായിരുന്ന രീതിയാണിത്. ഇന്നലെ കടന്നുവന്ന പിള്ളേര്‍ പോലും വി എസിനെ ദാക്ഷിണ്യമില്ലാതെ കടന്നാക്രമിക്കുകയാണ്. ഈ വിമര്‍ശനങ്ങളൊക്കെ സഹിച്ച് അദ്ദേഹം സമ്മേളനങ്ങളില്‍ ഇരിക്കുന്നതാണ് അത്ഭുതം. മറ്റാരെങ്കിലുമായിരുന്നുവെങ്കില്‍ പണ്ടേ ഇറങ്ങിപ്പോന്നേനെ.. പാര്‍ട്ടി നേതൃത്വം ഈ സമീപനം തുടര്‍ന്നാല്‍ അദ്ദേഹം പാര്‍ട്ടി വിട്ടു പോയാലും അത്ഭുതപ്പെടേണ്ടതില്ലെന്ന് സരോജനി ബാലാനന്ദന്‍ പറഞ്ഞു.

Add a Comment

Your email address will not be published. Required fields are marked *