വിജിലന്‍സിന് മൊഴി നല്‍കും

തിരുവനന്തപുരം ഹിന്ദുസ്ഥാൻ സമാചാർ: സരിതയുടെ കത്തില്‍ ജോസ്.കെ.മാണിയുടെ പേരുണ്ടായിരുന്നെന്നും അതൊഴിവാക്കാന്‍ കെ.എം.മാണി സരിതയുമായി രഹസ്യ ചര്‍ച്ച നടത്തിയെന്നും പി.സി.ജോര്‍ജ് ആരോപിച്ചു. സരിതയുമായുള്ള പ്രശ്നം രഹസ്യചർച്ചയിലൂടെ കെ.എം.മാണി പരിഹരിച്ചെന്നും പി.സി.ജോര്‍ജ് ആരോപിച്ചു. ഒഫീഷ്യല്‍ കാര്‍ ഒഴിവാക്കി ഒരു സ്വകാര്യ വാഹനത്തിലാണ് മാവേലിക്കരയിലെ വസതിയിലെത്തി സരിതയെ മാണി കണ്ടത്. ബാര്‍ക്കോഴയില്‍ മാണി വാങ്ങിയ തുകയില്‍ സിംഹഭാഗവും സരിത വാങ്ങിയതായും ജോര്‍ജ് ആരോപിച്ചു. തന്നെ ചീഫ് വിപ്പ് സ്ഥാനത്തു നിന്നും പുറത്താക്കാന്‍ കെ.എം.മാണി മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി. സര്‍ക്കാര്‍ നിലം പതിക്കാതിരിക്കാനാണ് മുഖ്യമന്ത്രി മാണിയുടെ ഭീഷണിക്ക് വഴങ്ങിയത്. ഇന്നലെ തന്നെ തീരുമാനമെടുത്തില്ലെങ്കില്‍ മന്ത്രിസഭയ്ക്കുള്ള പിന്തുണ പിന്‍വലിക്കുമെന്നാണ് കെ.എം.മാണി ഭീഷണി മുഴക്കിയത്. ആ ഭീഷണിക്ക്, മന്ത്രിസഭാ നിലംപതിക്കാതിരിക്കാന്‍ മുഖ്യമന്ത്രി വഴങ്ങുകയായിരുന്നു. തന്നെ പുറത്താക്കാന്‍ ആണ് തീരുമാനമെങ്കില്‍ എന്തിനാണ് ആ തീരുമാനം മുഖ്യമന്ത്രി വൈകിപ്പിച്ചതെന്നും ജോര്‍ജ് ചോദിക്കുന്നു. അത് മുഖ്യമന്ത്രി തന്നെ വെളിപ്പെടുത്തണം. ബാര്‍ക്കോഴ കേസില്‍ വിജിലന്‍സിന് മുന്നില്‍ മൊഴി നല്‍കുമെന്നും ജോര്‍ജ്‌ പറഞ്ഞു. തന്നെ പുറത്താക്കാന്‍ എടുത്ത തീരുമാനത്തില്‍ കേരളാ കോണ്‍ഗ്രസിന്റെ നാല് എംഎല്‍എമാര്‍ക്ക് കടുത്ത എതിര്‍പ്പുണ്ടെന്നും ജോര്‍ജ് പറഞ്ഞു. ആദ്യ ബജറ്റ് മുതല്‍ കാശ് വാങ്ങിയാണ് മാണി ബജറ്റ് തയ്യാറാക്കുന്നത്. ബാര്‍ക്കോഴ പാര്‍ട്ടി ഫണ്ടാക്കാന്‍ മാണി ശ്രമിച്ചെന്നും ജോര്‍ജ് ആരോപിച്ചു. കെ.എം.മാണിക്ക് ജോസ്കെ..മാണി എന്ന ഒരു വിചാരം മാത്രമേയുള്ളൂ. അതാണ്‌ പാര്‍ട്ടിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്നും എന്നാല്‍ കേരളാ കോണ്‍ഗ്രസ്‌ എമ്മില്‍ നിന്നും രാജിവയ്ക്കില്ലെന്നും ജോര്‍ജ് പറഞ്ഞു.(മനോജ്‌)

Add a Comment

Your email address will not be published. Required fields are marked *