വിജയപ്രതീക്ഷ പരിശീലനം സിദ്ധിച്ച യുവതയില്‍ : മുഖ്യമന്ത്രി

തിരുവനന്തപുരം ; മികച്ച പരിശീലനത്തോടെ ജീവിതത്തില്‍ വന്‍ വിജയം നേടാന്‍ സാധ്യതകളുള്ള ചെറുപ്പക്കാരാണ് കേരളത്തിന്റെ വിജയപ്രതീക്ഷയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ കോവളം ഉദയസമുദ്ര ഹോട്ടലില്‍ സംഘടിപ്പിച്ച ദീന്‍ ദയാല്‍ ഉപാദ്ധ്യായ ഗ്രാമീണ്‍ കൗശല്യ യോജനയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. എല്ലാ തലത്തിലും മികവുകള്‍ പുലര്‍ത്തുന്ന കേരളത്തിന്റെ യുവജനങ്ങള്‍ തൊഴില്‍ കണ്ടെത്തുന്ന പ്രധാനപ്പെട്ട ഘട്ടത്തില്‍ പിന്നാക്കം പോകുകയാണ്. ഈ സ്ഥിതിക്ക് പരിഹാരം ഉണ്ടാക്കേണ്ടത് അത്യാവശ്യമാണ്. കുടുംബശ്രീ നല്‍കുന്ന ഈ പരിശീലന പരിപാടിയിലൂടെ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാനാകും. അത് മറ്റുള്ള ചെറുപ്പക്കാര്‍ക്കും പ്രചോദനമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പഞ്ചായത്ത് സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.എം.കെ.മുനീര്‍ അദ്ധ്യക്ഷനായി. പരിശീലനം നല്‍കുന്ന സ്ഥാപനങ്ങളുമായുള്ള ധാരണാപത്രം മന്ത്രി ഏറ്റുവാങ്ങി. കുടുംബശ്രീ ഡയറക്ടര്‍ കെ.ബി.വത്സലകുമാരി, ജമീല പ്രകാശം എം.എല്‍.എ, ഡോ.സന്തോഷ് മാത്യു, അഡ്വ.ബിന്ദു കൃഷ്ണ, അഡ്വ.എം.എ.ഖാലിദ്, അഡ്വ.സ്വപ്നജോര്‍ജ്ജ്, എസ്.പി.കുഞ്ഞഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.

Add a Comment

Your email address will not be published. Required fields are marked *