വിഘടന വാദി നേതാവിന്റെ മോചനം : ജമ്മു – കാഷ്മീരില്‍ ബന്ദ് പുരോഗമിക്കുന്നു

ശ്രീനഗര്‍: ജമ്മു കാഷ്‌മീരില്‍ വിഘടനവാദി നേതാവ്‌ മസറത്‌ ആലമിനെ സംസ്ഥാന സര്‍ക്കാര്‍ മോചിപ്പിച്ചതില്‍ പ്രതിഷേധിച്ചു ജമ്മു-കാഷ്‌മീര്‍ നാഷണല്‍ പാന്ദേഴ്‌സ്‌ പാര്‍ട്ടി ആഹ്വാനം ചെയ്‌ത ബന്ദ്‌ പുരോഗമിക്കുന്നു. നാലര വര്‍ഷമായി കരുതല്‍ തടങ്കലില്‍ കഴിഞ്ഞിരുന്ന ആലമിനെ മോചിപ്പിച്ചതില്‍ പ്രതിഷേധിച്ചു രണ്‌ടു ദിവസത്തെ ബന്ദിനു പാന്ദേഴ്‌സ്‌ പാര്‍ട്ടി ഞായറാഴ്‌ചയാണ്‌ ആഹ്വാനം നല്‍കിയത്‌. രാജ്യതാല്‍പര്യത്തിനെതിരായുള്ള നീക്കമാണ്‌ ആലമിനെ മോചിപ്പിച്ചതിലൂടെ സര്‍ക്കാര്‍ നടത്തിയതെന്ന്‌ ജെകെഎന്‍പിപി നേതാവ്‌ ഭീം സിംഗ്‌ പറഞ്ഞു. ബിജെപിക്കു ദേശീയ പാര്‍ട്ടിയെന്ന്‌ എങ്ങനെ സ്വയം വിശേഷിപ്പിക്കാന്‍ കഴിയുമെന്ന്‌ അദ്ദേഹം ചോദിച്ചു. സംഭവം വിവാദമായതോടെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ജമ്മു കാഷ്‌മീര്‍ സര്‍ക്കാരിനോടു വിശദീകരണം തേടിയിട്ടുണ്‌ട്‌. ബാരാമുള്ള ജയിലില്‍നിന്നു ശനിയാഴ്‌ചയാണ്‌ ആലമിനെ മോചിപ്പിച്ചത്‌. രാജ്യത്തിനെതിരേ യുദ്ധം ചെയ്യല്‍, നിയമവിരുദ്ധമായ പ്രവര്‍ത്തനം എന്നിവയുള്‍പ്പെടെയുള്ള കേസുകള്‍ ആലമിനെതിരെ നിലവിലുണ്‌ട്‌. കാഷ്‌മീരില്‍ സമാധാനപരമായി തെരഞ്ഞെടുപ്പു നടത്താന്‍ വിഘടനവാദികളും തീവ്രവാദികളും സഹായിച്ചെന്ന മുഖ്യമന്ത്രി മുഫ്‌തി മുഹമ്മദ്‌ സയീദിന്റെ പ്രസ്‌താവനയേല്‌പിച്ച ആഘാതം നീങ്ങുന്നതിനു മുമ്പാണു പുതിയ വിവാദം. ആലമിന്റെ മോചനവുമായി ബന്ധപ്പെട്ടു കേന്ദ്ര ആഭ്യന്തരമന്ത്രാലയം സെക്രട്ടറി എല്‍.സി. ഗോയല്‍ ജമ്മു കാഷ്‌മീര്‍ ഡിജിപി കെ. രാജേന്ദ്രനോടു റിപ്പോര്‍ട്ടു തേടി

Add a Comment

Your email address will not be published. Required fields are marked *