വിഎസിനെ വിശ്വസിച്ച ആയിരക്കണക്കിന് പേര്‍ വഴിയാധാരമായി;ജീവന്‍ നഷ്ടപ്പെട്ടത് ടി.പി.ക്ക് മാത്രം: കെ.കെ.രമ

മനോജ്‌ എട്ടുവീട്ടില്‍ തിരുവനന്തപുരം ഹിന്ദുസ്ഥാന്‍ സമാചാര്‍ വി.എസ്.അച്യുതാനന്ദനെ വിശ്വസിച്ച ആയിരക്കണക്കിന് പേര്‍ വഴിയാധാരമായതായി കെ.കെ.രമ ഹിന്ദുസ്ഥാന്‍ സമാചാറിനോട് പറഞ്ഞു. പക്ഷെ ആ ആശയങ്ങളില്‍ ആകൃഷ്ടനായി അത് നടപ്പാക്കാനിറങ്ങിയ ടി.പി.ചന്ദ്രശേഖരന് ജീവന്‍ തന്നെ ബലി നല്‍കേണ്ടി വന്നതായും കെ.കെ.രമ പറഞ്ഞു. സിപിഎമ്മില്‍ നിന്ന് പുറത്തുവന്നു ഒരു ജനകീയ ബദലിന് നേതൃത്വം നല്‍കുകയായിരുന്നു വി.എസ്.അച്യുതാനന്ദന്‍ ചെയ്യേണ്ടിയിരുന്നത്. അതദ്ദേഹം ചെയ്തില്ല. ഇനി ഒരു ജനകീയ ബദലിന് വി.എസ്.അച്ചുതാനനന്ദന് നേത്രുത്വം നല്‍കാന്‍ കഴിയില്ല. അതിന്റെ സമയം കഴിഞ്ഞിരിക്കുന്നു.

വി.എസ്.അച്യുതാനന്ദന്‍ സിപിഎമ്മില്‍ നിന്ന് ഉയര്‍ത്തിയ ആശയാധര്‍ശങ്ങളില്‍ ആകൃഷ്ടരായാണ് ടി.പി.ചന്ദ്രശേഖരന്‍ അടക്കമുള്ളവര്‍ പാര്‍ടി വിടുന്നതും , ആര്‍എംപി രൂ പവത്ക്കരിക്കുന്നതും. പക്ഷെ പിന്തുടര്‍ന്ന നിലപാടുകളില്‍നിന്നു വി.എസ്.അച്യുതാനന്ദന്‍ പിന്നോട്ട് പോയി. ടി.പി.യും കൂട്ടരും മുന്നോട്ടു പോകുകയും ചെയ്തു. വി.എസ്.അച്ചുതാനന്ദനെ കണ്ടുകൊണ്ടോ, വാക്കുകള്‍ വിശ്വസിച്ചുകൊണ്ടോ അല്ല ആര്‍എംപി രൂപവത്ക്കരണം ഉണ്ടായത്. അത്തരം ഒരു സംഭവം വന്നാല്‍, ആ പ്രസ്ഥാനത്തോടൊപ്പം ജനങ്ങള്‍ കൂടെയുണ്ടാകും എന്ന് വി.എസ്.അച്യുതാനന്ദന്‍ മനസിലാക്കേണ്ടിയിരുന്നു. വി.എസ്.ആര്‍എംപിക്കൊപ്പം ഉണ്ടാകുമെന്ന് ഒരിക്കലും പ്രതീക്ഷിക്കുന്നുമില്ല .

വി.എസ്.അച്യുതാനന്ദന് ഒരിക്കലും സിപിഎമ്മിനെ തിരുത്താന്‍ കഴിയില്ല. അതിനു ശ്രമിച്ച വിഎസ് പാര്‍ടിയില്‍ ഒറ്റപ്പെടുകയും ചെയ്തു. ഭൂരിപക്ഷം ജനങ്ങളും വിഎസ്സില്‍ പ്രതീക്ഷയര്‍പ്പിച്ചിരുന്നു എന്നത് വാസ്തവമായിരുന്നു. സിപിഎം രൂപീകരണതോട് അനുബന്ധിച്ച് ജീവിച്ചിരിക്കുന്ന ഒരേ ഒരു നേതാവാണ്‌ വിഎസ്. അതുകൊണ്ടുതന്നെ പാര്‍ടിക്കുള്ളില്‍ നിന്ന് പാര്‍ട്ടിയെ തിരുത്തുകയാണ് നല്ലതെന്ന് വിഎസ്സിന് തോന്നിയിട്ടുണ്ടാകും. ആ പോരാട്ടം നടക്കട്ടെ. അതെത്രത്തോളം മുന്നോട്ടു പോകുമെന്ന് കാത്തിരുന്നു കാണേണ്ടതുണ്ട്.

ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ ഒരിക്കലും തങ്ങളുടെ പങ്കു സിപിഎം ഏറ്റുപറയില്ല. ടി.പി.വധക്കേസില്‍ നടക്കുന്നത് ഒത്തുകളിയാണ്. നിലവിലെ ഭരണ നേതൃത്വവും ചെയ്യുന്നത് ഇതു തന്നെയാണ്. അതുകൊണ്ട് തന്നെ അന്വേഷണത്തില്‍ സിപിഎം പങ്കു വെളിയില്‍ വരില്ല. സിപിഎം നിലപാടില്‍ നിന്ന് വ്യത്യസ്തമായ നീക്കങ്ങളാണ് പിണറായി വിജയന്‍ നേതൃത്വം നല്‍കിയിരുന്ന നിലവിലെ സിപിഎം നേതൃത്വം എടുത്തത്‌. അതാണ്‌ ടി.പി.ചന്ദ്രശേഖരനും മറ്റുള്ളവരും ഏറ്റെടുത്തത്. അതുകൊണ്ടുതന്നെ എന്തുകൊണ്ടാണ് അന്ന് പിണറായി വിജയന്‍ അത് നേരിട്ട് തടഞ്ഞെതെന്നുള്ള കാര്യങ്ങള്‍ ഇപ്പോഴും ദുരൂഹമാണെന്നും കെ.കെ.രമ പറഞ്ഞു. ഒരു ഇടതുപക്ഷ ജനകീയ ബദല്‍ യാഥാര്‍ത്യമാക്കാനുള്ള നീക്കങ്ങള്‍ ഇപ്പോഴും സജീവമാണെന്നും അതിനുള്ള സാധ്യത കേരളത്തില്‍ നിലനില്‍ക്കുകയാണെന്നും കെകെ.രമ പറഞ്ഞു.

Add a Comment

Your email address will not be published. Required fields are marked *