വാര്‍ത്ത നിഷേധിച്ചു പി.സി.ജോര്‍ജും

തിരുവനന്തപുരം ഹിന്ദുസ്ഥാന്‍ സമാചാര്‍: പി.സി.ജോര്‍ജിന് മുന്നില്‍ വഴികള്‍ അടയുന്നു. ചീഫ് വിപ്പ് സ്ഥാനം പി.സി.ജോര്‍ജിന് നഷ്ടപ്പെടും. ചീഫ് വിപ്പില്‍ നിന്നുമുള്ള പി.സി.ജോര്‍ജിന്റെ രാജി മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി വൈകിപ്പിച്ചതോടെയാണ് കടുത്ത നിലപാടിലേക്ക് കെ.എം.മാണി കടന്നത്‌. അടുത്ത വ്യാഴാഴ്ച്ചക്കകം ജോര്‍ജിനെ മാറ്റിയില്ലെങ്കില്‍ കേരളാ കോണ്‍ഗ്രസ്‌ കടുത്ത നിലപാട് എടുക്കുമെന്നുള്ള മാണിയുടെ അന്ത്യശാസനം തന്നെ കോണ്‍ഗ്രസിന്‌ ലഭിച്ചതോടെയാണ് ജോര്‍ജിനെ മാറ്റുമെന്ന തീരുമാനത്തിലേക്ക് കോണ്‍ഗ്രസ്‌ എത്തിയത്. മുഖ്യമന്ത്രിയുടെ വിദേശയാത്ര കഴിഞ്ഞു വന്നയുടന്‍ ഈ തീരുമാനം കോണ്‍ഗ്രസ്‌ പുറത്തുവിടും. പി.സി.ജോര്‍ജിനെ മാറ്റുമെന്ന് കോണ്‍ഗ്രസ്‌ തത്വത്തില്‍ തീരുമാനം എടുത്തതായി ഒരു ഉന്നത കോണ്‍ഗ്രസ്‌ നേതാവ് ഹിന്ദുസ്ഥാന്‍ സമാചാറിനോട് പറഞ്ഞു. കെ.എം.മാണിയുടെ പാര്‍ട്ടിയിലുള്ള ഒരു നേതാവാണ്‌ പി.സി.ജോര്‍ജ്. ആ പാര്‍ട്ടിയുടെ ഉന്നതനേതാക്കളായ കെ.എം.മാണിയും, പി.ജെ.ജോര്‍ജും മുഖ്യമന്ത്രിയെ നേരിട്ട് കണ്ടു ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് ജോര്‍ജിനെ മാറ്റണമെന്ന് ആവശ്യപ്പെട്ടാല്‍ ആ തീരുമാനം നടപ്പാക്കാതിരുന്നാല്‍ മുന്നണി മര്യാദകള്‍ക്ക് നിരക്കുന്നതല്ല. ഈ തീരുമാനമാണ് കോണ്‍ഗ്രസ്‌ നേതാക്കള്‍ പൊതുവേ പങ്കുവച്ചത്. മാത്രമല്ല എട്ട്‌ എംഎല്‍എ മാരാണ് മാണി ഗ്രൂപ്പിനുള്ളത്. ഇവര്‍ പിന്തുണ പിന്‍വലിച്ചാല്‍ സര്‍ക്കാര്‍ വീഴും. ബാര്‍ക്കോഴ അടക്കമുള്ള കേസുകള്‍ ലൈവ് ആയി നില്‍ക്കുമ്പോള്‍ കെ.എം.മാണി അത്തരമൊരു തീരുമാനം എടുക്കില്ലെന്നും കോണ്‍ഗ്രസ്‌ നേതാക്കള്‍ക്കറിയാം. പക്ഷെ പി.സി.ജോര്‍ജ് പോലുള്ള ഒരു നേതാവ്, സോളാറും, ബാര്‍ക്കൊഴയും, സലിം രാജ് അടക്കമുള്ള കേസുകളുടെ അന്തപുര രഹസ്യങ്ങള്‍ അറിയുന്ന ഒരു നേതാവ് പെട്ടെന്ന് മുന്നണി വിടുന്നതോ, പുറത്താക്കപ്പെടുന്നതോ ഈ ഘട്ടത്തില്‍ കോണ്‍ഗ്രസിന്‌ ഒട്ടും അനുയോജ്യവുമല്ല. കത്ത് കിട്ടിയിട്ടും, ഒരു നടപടിയെടുക്കാതെ കുഞ്ഞാലിക്കുട്ടിയെയും, രമേശ്‌ ചെന്നിത്തലയെയും വിളിച്ചു വരുത്തി ചര്‍ച്ച നടത്തി മറ്റൊരു തീരുമാനത്തിലേക്ക് മാണി ഗ്രൂപ്പിനെ കൊണ്ടുവരാന്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ ഉമ്മന്‍ ചാണ്ടി ശ്രമിച്ചത് തന്നെ പി.സി.ജോര്‍ജിന്റെ വിജയമാണ്. ജോര്‍ജ് കേരളാ കോണ്‍ഗ്രസില്‍ ഒറ്റപ്പെട്ടിരിക്കുംമ്പോഴാണ് മുഖ്യമന്ത്രി ഇങ്ങിനെ ഒരു നീക്കം നടത്തിയത്. ഇക്കണക്കിനു ജോര്‍ജിന്റെ കൂടെ ഒന്നോ രണ്ടോ എംഎല്‍എമാര്‍ കൂടിയുണ്ടെങ്കിലോ, കേരളാ കോണ്‍ഗ്രസിന്‌ ആലോചിക്കാന്‍ കഴിയാത്ത ഒരു തീരുമാനം തന്നെ വന്നെക്കുമായിരുന്നു. ഇത് ഒരര്‍ത്ഥത്തില്‍ പി.സി.ജോര്‍ജിന്റെ കരുത്തു തന്നെയാണ്. പക്ഷെ യുഡിഎഫ് എന്ന മുന്നണി സംവിധാനം മുന്നില്‍ നില്‍ക്കുമ്പോള്‍ ജോര്‍ജിന്റെ കാര്യത്തില്‍ മുഖ്യമന്ത്രിക്ക് കൂടുതലൊന്നും ചെയ്യാന്‍ കഴിയില്ല. കൊച്ചിയില്‍ ഉള്ള എ.കെ.ആന്റണിയുമായി മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി ഈ വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ട്. കെ.എം.മാണിയെ തണുപ്പിക്കുന്ന നീക്കങ്ങളില്‍ ആന്റണി കൂടി ഒരു പങ്കു വഹിക്കും. അത് മുഖ്യമന്ത്രി ഉറപ്പിച്ചിട്ടുണ്ട്. പക്ഷെ കൂടുതല്‍ പ്രകോപന പ്രസ്താവനുകളുമായി ജോര്‍ജ് ഇന്ന് രംഗത്ത്‌ വന്നിട്ടുണ്ട്. താന്‍ അടുത്ത കാലത്ത് നടത്തിയ നീക്കങ്ങളും, പ്രസ്താവനകളും മാണിയുടെ അറിവോടെയാണെന്നാണ് ജോര്‍ജ് ഈരാട്ടുപേട്ടയിലെ സ്വവസതിയില്‍ വച്ച് പറഞ്ഞത്. തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാനും മാണി ശ്രമിച്ചു കൊണ്ടിരുന്നതായും ജോര്‍ജ് പറഞ്ഞു.ചീഫ് വിപ്പ് സ്ഥാനത്തു നിന്നുള്ള തന്നെ നീക്കാനുള്ള ഒരു നീക്കവുമില്ലെന്നാണ് ജോര്‍ജ് പറഞ്ഞത്. മുഖ്യമന്ത്രി ഇക്കാര്യം സ്ഥിരീകരിച്ചതായും ജോര്‍ജ് പറഞ്ഞു. (മനോജ്‌)

Add a Comment

Your email address will not be published. Required fields are marked *