വായ്പ ലഭിച്ചില്ല ; സഹാരക്ക് തിരിച്ചടി
മുംബയ്: നിക്ഷേപകർക്ക് മടക്കി നൽകാനുള്ള പണം നൽകാത്തതിനെ തുടർന്ന് ജയിലിലായ സുബ്രതോ റോയിയുടെ ഉടമസ്ഥതയിലുള്ള സഹാറ ഗ്രൂപ്പിന് വൻ തിരിച്ചടി. റോയിക്ക് ജാമ്യം ലഭിക്കുന്നതിനായി കോടതിയിൽ കെട്ടി വയ്ക്കാനുള്ള തുക വായ്പയായി നൽകാനാവില്ലെന്ന് സ്പെയിനിലെ ബി.ബി.വി.എ ബാങ്ക് വ്യക്തമാക്കി. 985 മില്യൺ ഡോളറാണ് സഹാറ വായ്പായി ചോദിച്ചിരുന്നത്. പണം കണ്ടെത്തുന്നതിന് മൂന്ന് മാസത്തെ സമയമാണ് സുപ്രീംകോടതി സഹാറയ്ക്ക് അനുവദിച്ചിട്ടുള്ളത്.
1.6 ബില്യൺ ഡോളർ കെട്ടിവച്ചാൽ സുബ്രതാ റോയിക്ക് ജാമ്യം അനുവദിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്. ലോൺ നൽകാൻ ബാങ്ക് തയ്യാറാണെന്ന് ചൂണ്ടിക്കാട്ടിയുള്ള കത്ത് സഹാറ കോടതിയിൽ സമർപ്പിച്ചിരുന്നു. എന്നാൽ സഹാറയ്ക്ക് പണം നൽകാമെന്ന് സഹാറയോട് വാഗ്ദാനം ചെയ്തിട്ടില്ലെന്നാണ് സ്പെയിനിലെ ബാങ്ക് അധികൃതർ വ്യക്തമാക്കിയത്.
2008-09കാലത്ത് നിക്ഷേപകരിൽ നിന്ന് പിരിച്ചെടുത്ത24,000കോടി രൂപ തിരിച്ചു നൽകാത്തതിനെ തുടർന്നാണ് സുബ്രതോ അറസ്റ്റിലായത്. നിലവിൽ പലിശ സഹിതം40000ത്തോളം കോടി രൂപയായിട്ടുണ്ട് ഇത്.