വാട്‌സാപിലെ സന്ദേശം ജാരന്റേതെന്ന് തെറ്റിദ്ധരിച്ച ഭര്‍ത്താവ് വീട്ടമ്മയെ മര്‍ദ്ദിച്ച് പുറത്തായി

കോട്ടയം ന്മ വാട്‌സാപ് വഴി ലഭിച്ച തമാശ ചിത്രം വീട്ടമ്മയ്ക്കു വിനയായി. വിനയകുമാര്‍ എന്നപേരില്‍ വാട്‌സാപ് വഴി ച്രചരിച്ച വിചിത്ര ചിത്രമാണ് വീട്ടമ്മയുടെ കുടുംബത്തെ തകര്‍ച്ചയുടെ വക്കിലെത്തിച്ചത്. കൂട്ടുകാരിയാണ് തമാശ ചിത്രം വീട്ടമ്മയുടെ ഫോണിലേക്ക് അയച്ചത്. ഉഗാണ്ട സ്വദേശിയെന്ന് തോന്നിക്കുന്ന പ്രായമായ ഒരാള്‍ ചിരിക്കുന്ന ചിത്രമാണ് വീട്ടമ്മയ്ക്കു കൂട്ടുകാരി വാട്‌സാപിലൂടെ അയച്ചു കൊടുത്തത്. ഇത് കിട്ടിയത് ആകട്ടെ ഭര്‍ത്താവിനാണ്. ഫോട്ടോയിലെ ആള്‍ തന്റെ ഭാര്യയുടെ ജാരനാണെന്ന് തെറ്റിദ്ധരിച്ച ഭര്‍ത്താവ് മദ്യപിച്ചെത്തി തന്നെ ഇതുപറഞ്ഞ് രണ്ടുദിവസം മര്‍ദ്ദിച്ചതായി വീട്ടമ്മ പറയുന്നു.

ഭാര്യയുടെ ജാരന്റെ ചിത്രം വീട്ടമ്മയുടെ പിതാവിനെ കാണിച്ച് കൊടുക്കുകയും നാട്ടുകാരനോട് ഭാര്യയുടെ ജാരന്റെ ചിത്രം മൊബൈലില്‍ താന്‍ കണ്ടതായി പറയുകയും ചെയ്തതോടെ അപമാന ഭാരത്താല്‍ വീട് വിട്ട് ഇറങ്ങിയ വീട്ടമ്മ ഗാന്ധിനഗറിലെ സ്ത്രീ–ശിശു സംരക്ഷണ കേന്ദ്രത്തില്‍ അഭയം തേടി. തുടര്‍ന്നും ഫോണിലൂടെ ഭര്‍ത്താവിന്റെ ഭീഷണി തുടര്‍ന്നതോടെ ഇന്നലെ വനിതാ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. രണ്ടു ദിവസം മുന്‍പാണ് നാടകീയ സംഭവങ്ങളുടെ തുടക്കം. കൂട്ടുകാരി തനിക്ക് ലഭിക്കുന്ന കൗതുക ചിത്രങ്ങള്‍ വീട്ടമ്മയ്ക്കും അയയ്ക്കാറുണ്ടായിരുന്നു. ഇത്തരത്തില്‍ ലഭിച്ച കൗതുകമുള്ള ചിത്രമാണ് കഴിഞ്ഞ ദിവസം കൂട്ടുകാരി വീട്ടമ്മയ്ക്ക് അയച്ചത്.

‘ഒരു വിനയകുമാര്‍ നിന്നെ അന്വേഷിച്ചെന്നും ഫോണ്‍ നമ്പര്‍ ചോദിച്ചെന്നും ഫോണ്‍ നമ്പര്‍ കൊടുക്കുന്നതിനു മുന്‍പ് ആദ്യം നീ വിനയകുമാറിനെ കണ്ടു നോക്ക്’ എന്നു പറഞ്ഞാണ് സന്ദേശം അയച്ചത്. കൂടെയാണ് ഉഗാണ്ട സ്വദേശിയെന്ന് തോന്നിക്കുന്ന ആളിന്റെ ചിത്രം അയച്ചത്. പല്ലില്ലാത്ത മോണകാട്ടി ചിരിക്കുന്ന കറുത്ത മനുഷ്യനാണ് ചിത്രത്തിലുള്ളത്. ഇയാളുടെ ചിത്രത്തിനടിയില്‍ വിനയകുമാര്‍ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
എന്നാല്‍ ഇതു കണ്ട് സംശയ രോഗിയായ ഭര്‍ത്താവ് വിശദീകരണം പോലും ചോദിക്കാതെ മര്‍ദ്ദിക്കുകയായിരുന്നെന്നും വീട്ടമ്മ പറയുന്നു. സത്യാവസ്ഥ ബോധ്യപ്പെടുത്തുന്നതിനും കൗണ്‍സലിങ്ങിനുമായി വീട്ടമ്മയുടെ ഭര്‍ത്താവിനെ സാമൂഹിക പ്രവര്‍ത്തകര്‍ ഫോണ്‍ വിളിച്ചെങ്കിലും മറുപടിപോലും പറയാതെ ഇവരെ അസഭ്യം പറഞ്ഞതായും പരാതിയുണ്ട്. രണ്ടു കുട്ടികളുടെ മാതാവാണ് വീട്ടമ്മ.

Add a Comment

Your email address will not be published. Required fields are marked *