വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കമ്മിറ്റി ഉണ്ടാക്കി ആം ആദ്മി

ദില്ലി ഹിന്ദുസ്ഥാന്‍ സമാചാര്‍ ; ദില്ലിയില്‍ തെരഞ്ഞെടുപ്പു വാഗ്ദാനങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ആം ആദ്മി പാര്‍ട്ടി പ്രത്യേക കമ്മിറ്റി ഉണ്ടാക്കി . ദില്ലി ഡയലോഗ് കമ്മിഷന്‍ എന്നാണു പേര് .

. മുഖ്യമന്ത്രി അരവിന്ദ്‌ കേജ്‌രിവാളായിരിക്കും കമ്മിഷന്റെ അധ്യക്ഷനെന്ന്‌ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച  ഉപമുഖ്യമന്ത്രിയും എഎപി നേതാവുമായി മനീഷ്‌ സിസോദിയ വ്യക്‌തമാക്കി. ആശിഷ്‌ ഖേത്തനാണ്‌ കമ്മിഷന്റെ ഉപാധ്യക്ഷന്‍.
ഉപമുഖ്യമന്ത്രി മനീഷ്‌ സിസോദിയ,ചീഫ്‌ സെക്രട്ടറി, ധനകാര്യ സെക്രട്ടറി,മുഖ്യമന്ത്രിയുടെ സെക്രട്ടറി, ഒരു മെമ്പര്‍ സെക്രട്ടറി എന്നിവരായിരിക്കും മറ്റ്‌ കമ്മിഷന്‍ അംഗങ്ങള്‍. കമ്മിഷന്‍അധ്യക്ഷനെന്ന നിലയില്‍ മുഖ്യമന്ത്രി തന്നെ വേറെ രണ്ട്‌ അംഗങ്ങളെ സമിതിയിലേക്ക്‌ നാമനിര്‍ദ്ദേശം  ചെയ്യും.

ഈ കമ്മിഷനില്‍ നിന്നും വ്യത്യസ്‌ത മേഖലകളിലെ പ്രശ്‌നങ്ങളെ കുറിച്ച്‌ പഠിക്കുന്നതിനായി ടാസ്‌ക്‌ ഫോഴ്‌സുകള്‍ രൂപീകരിക്കാനാണ്‌ എഎപി സര്‍ക്കാരിന്റെ തീരുമാനം. അതാത്‌ മേഖലകളിലെ വിദഗ്‌ധരും ഉള്‍പ്പെടുന്ന ഈ സമിതിയായിരിക്കും സര്‍ക്കാരിന്റെ തിരഞ്ഞെടുപ്പ്‌ വാഗ്‌ദാനങ്ങള്‍ പാലിക്കുന്നതിനാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുക.

ഇതുവരെ  മാറിമാറി ഭരിച്ചിരുന്ന വ്യത്യസ്‌ത സര്‍ക്കാരുകള്‍ അവരുടെ നിക്ഷിപ്‌ത താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള വ്യഗ്രതയിലായിരുന്നു. അതുകൊണ്ടുതന്നെ തങ്ങള്‍ പ്രതിനിധീകരിക്കുന്ന മണ്ഡലങ്ങളുടെ ആവശ്യങ്ങള്‍ അറിഞ്ഞു പ്രവര്‍ത്തിക്കാന്‍ അവര്‍ക്ക്‌ കഴിഞ്ഞില്ല. കുടിവെള്ളം, വൈദ്യുതി,കുറഞ്ഞ ചെലവിലുള്ള പാര്‍പ്പിട സൗകര്യങ്ങള്‍, ശുചിമുറികള്‍, ജോലി സാധ്യതകള്‍ എന്നിങ്ങനെ ദില്ലി  ജനത നേരിടുന്ന വെല്ലുവിളികളെല്ലാം തന്നെ ഇതുവരെയും പരിഹരിക്കപ്പെടാതെ കിടക്കുകയാണ് എന്ന ആം ആദ്മി പത്രക്കുറിപ്പില്‍ വ്യക്തമാക്കി .

 

Add a Comment

Your email address will not be published. Required fields are marked *