ലോകമുത്തശ്ശി ഒക്കാവോ അന്തരിച്ചു
ടോക്കിയോ : ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായ മിസാവോ ഒക്കാവോ 117 വയസ് അന്തരിച്ചു .വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നു സ്വവസതിയിലായിരുന്നു അന്ത്യം.
ജപ്പാനിലെ ഒസാക്ക സ്വദേശിനിയായ ഒക്കാവോ മുത്തശി കഴിഞ്ഞ മാര്‍ച്ചിലാണു തന്റെ 117-ാം ജന്മദിനം ആഘോഷിച്ചത്. 1898 മാര്‍ച്ച് അഞ്ചിനാണ് ഒക്കാവോയുടെ ജനനം. 2013 ല്‍ ആണു ലോകമുത്തശിയെന്ന ഗിന്നസ് റിക്കാര്‍ഡിന് ഒക്കാവോ അര്‍ഹയായത്. അന്നുമുതല്‍ ഒക്കാവോ ലോകത്തിന്റെ മുത്തശിയായി.
1919 ല്‍ ആണ് ഒക്കാവോയുടെ വിവാഹം നടന്നത്. യുക്കിയോ എന്ന യുവാവുമായാണ് ഒക്കാവോയെന്ന 21കാരിയുടെ പരിണയം നടന്നത്. ഇവരുടെ പ്രണയവല്ലരിയില്‍ മൂന്നു മലരുകള്‍ വിടര്‍ന്നു, രണ്ടു പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയും. മക്കളുടെ മാത്രമല്ല നാലു കൊച്ചുമക്കളുടെയും അവരുടെ ആറു മക്കളുടെയും സ്നേഹത്തിനു പാത്രമാകാനുള്ള ഭാഗ്യവും ഒക്കാവോ മുത്തശിക്കു സാധിച്ചു. എന്നാല്‍ ഭര്‍ത്താവ് യുക്കിയോ 1931 ല്‍ ജീവിതവഴിയില്‍ ഇടയില്‍വച്ച് ഒക്കാവോയോടു വിടപറഞ്ഞു.