ലോകകപ്പ് : രാജ്യങ്ങളുടെ എണ്ണം പത്തായി ചുരുക്കാനുള്ള തീരുമാനത്തെ ന്യായികരിച്ചു എന്‍ ശ്രീനിവാസന്
മെല്‍ബണ്‍: ഇംഗ്ലണ്ടില്‍ നടക്കുന്ന അടുത്ത ലോകകപ്പ് മുതല്‍ പങ്കെടുക്കുന്ന രാജ്യങ്ങളുടെ എണ്ണം 10 ആയി ചുരുക്കാനുള്ള രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ തീരുമാനത്തെ ന്യായീകരിച്ച് മുന്‍ ഐസിസി ചെയര്മാന് എന്‍. ശ്രീനിവാസന്. ഇത്തരമൊരു തീരുമാനത്തിന്റെ പേരില്‍ തങ്ങള്‍ അവഗണിക്കപ്പെട്ടതായി അസോസിയേറ്റ് രാജ്യങ്ങള്‍ക്ക് തോന്നേണ്ട കാര്യമില്ലെന്നും എല്ലാവര്ക്കും അവസരം ലഭിക്കുന്ന രീതിയില്‍ തന്നെയാണ് അടുത്ത ലോകകപ്പും രൂപകല്പന ചെയ്തിരിക്കുന്നതെന്നും അദേഹം പറഞ്ഞു. സച്ചിന് തെന്‍ഡുല്‍ക്കര്‍ ഉള്‍പ്പെടെയുള്ള മുന്‍ താരങ്ങളും ഐസിസിയുടെ തീരുമാനത്തിനെതിരെ പ്രതികരിച്ചിരുന്നു. ക്രിക്കറ്റ് കൂടുതല്‍ രാജ്യങ്ങളിലേക്ക് വളര്‍ത്തുന്നതിന് പകരം ചുരുക്കാനാണ് ഐസിസിയുടെ ശ്രമമെന്നായിരുന്നു സച്ചിന്റെ വിമര്‍ശനം.
എന്നാല്‍, ആദ്യ എട്ടു സ്ഥാനങ്ങളില്‍ മുന്‍നിര ടീമുകള്‍ വന്നാലും ശേഷിക്കുന്ന രണ്ട് സ്ഥാനങ്ങള്‍ക്കായി മല്‍സരിക്കാന്‍ അസോസിയേറ്റ് ടീമുകള്‍ക്ക് അവസരമുണ്ടെന്നായിരുന്നു ശ്രീനിവാസന്റെ മറുപടി. എട്ടു അസോസിയേറ്റ് ടീമുകളില്‍ നിന്ന് ആര്‍ക്കുവേണമെങ്കിലും ഈ രണ്ടു സ്ഥാനങ്ങള്‍ നേടാമെന്നും അദേഹം പറഞ്ഞു.