ലൈറ്റ് മെട്രോയില്‍ തീരുമാനം ഇന്ന് വൈകിട്ട് എന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: തിരുവനന്തപുരത്തും കോഴിക്കോടും ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കുന്നതുസംബന്ധിച്ച് അന്തിമ തീരുമാനം ഉടനുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ലൈറ്റ് മെട്രോ വേണോ മെട്രോ റെയില്‍ വേണോ എന്നത് സംബന്ധിച്ച തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഇ.ശ്രീധരനുമായി ചര്‍ച്ച നടത്തിയശേഷം പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ശ്രീധരനില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും തര്‍ക്കത്തിന്റെ പേരില്‍ പദ്ധതി വൈകിപ്പിക്കുകയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പദ്ധതിസംബന്ധിച്ച് തീരുമാനം എടുക്കുന്നതിനായി ഇന്ന് വൈകിട്ട് ഏഴിന് തലസ്ഥാനത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും ഇ. ശ്രീധരനും ഉള്‍പ്പെട്ട ഉന്നതതലയോഗം ചേരുന്നുണ്ട്. ഈ യോഗത്തിനുശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം പ്രഖ്യാപിക്കാനാണ് സാധ്യത. ഡിഎംആര്‍സിക്കെതിരെ ധനവകുപ്പ് നിലപാട് എടുത്ത സാഹചര്യത്തിലാണ് പദ്ധതിസംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടായത്. കണ്‍സല്‍റ്റന്‍സി ഉള്‍പ്പെടെ ഡിഎംആര്‍സിയുടെ നിരക്കുകള്‍ താങ്ങാനാവില്ലെന്നാണ് ധനവകുപ്പിന്റെ നിലപാട്. സ്വകാര്യ പങ്കാളിത്തത്തോടെ ആഗോള ടെന്‍ഡര്‍ വിളിച്ച് കഴിയുന്നത്ര ചെലവുകുറച്ച് പദ്ധതി നടപ്പാക്കണമെന്നാണ് ധനവകുപ്പ് നിര്‍ദേശിക്കുന്നത്.