ലൈംഗികത പാപമാക്കുന്ന മലയാളി !

സാക്ഷരതയിലും ജീവിത സാഹചര്യങ്ങളിലും ഏറ്റവും മുന്നില്‍ നില്‍ക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്ക്‌ എന്തിന്റെയും  നിര്‍വചനം പൊളിചെഴുതാം ! കപട സദാചാര മൂല്യങ്ങളുo  അന്ധ വിശ്വാസങ്ങളുo ചീഞ്ഞു നാറുന്ന ഈ നാട്ടില്‍ നിന്ന് എന്നേ സ്നേഹവും വാത്സല്യവും സൌഹൃദവും പ്രണയവും പടിയിറങ്ങിപ്പോയി . ആകെ ഇപ്പോള്‍ മലയാളിക്ക് അറിയാവുന്നത് കാമം മാത്രമാണ് . എന്നാല്‍ എന്താണ് ലൈംഗികത എന്ന് സദാചാര പോലീസിന്റെ പണിയെടുക്കുന്നവന് അറിയുകയുമില്ല ! പണ്ട് മകളെ , സഹോദരിയെ ഒക്കെ വാത്സല്യത്തോടെ ചേര്‍ത്ത് നിര്‍ത്തി മതിയാവോളം ഉമ്മ വെക്കുന്ന അച്ഛന്മാരും ഏട്ടന്മാരും ഉണ്ടായിരുന്ന കേരളത്തില്‍ ഇപ്പോള്‍ മകളെ പീഡിപ്പിക്കുന്ന അച്ഛനെയും സാഹോദരിയെ പീഡിപ്പിക്കാന്‍ കൂട്ട് നില്‍ക്കുന്ന സഹോദരനെയും കാണാന്‍ സാധിക്കുന്നത് ഇത്തരം പൊളിചെഴുതുകള്‍ മൂലമാണ് . ഒരു സ്ത്രീയും പുരുഷനും ഒരുമിച്ചു യാത്ര ചെയ്‌താല്‍ , ഷോപ്പിംഗിന് പോയാല്‍ , സിനിമക്ക് പോയാല്‍ , ഭക്ഷണം കഴിച്ചാല്‍ … ഒക്കെ ഇല്ലാതാകുന്നതാണോ അവളുടെ പരിശുദ്ധി ?

വാട്സ് ആപ്പും ഫെസ് ബുക്കും ട്വിട്ടരും ബ്ലോഗുകളും ഒക്കെ ലോകം ഭരിക്കുമ്പോള്‍ എന്തും തുറന്നു പറയാനും എഴുതാനും മടിയില്ലാതെ ആണ്‍ പെണ് വ്യത്യാസമില്ലാതെ ഇന്നത്തെ ചെറുപ്പം തയാറാണ് . ലൈംഗികതയെ കുറിച്ച് ഉറക്കെ സംസാരിച്ചാലോ ശക്തമായി എഴുതിയാലോ ഒന്നും ആകാശം പൊട്ടി വീഴില്ല എന്ന് അവര്ക്കറിയാം .

മനുഷ്യന്റെ അടിസ്ഥാനമായ ആവശ്യമാണ് സ്നേഹം .. അതിന്റെ പലവിധ വക ഭേദങ്ങളും .. എന്നു മുതലോ ലൈംഗികത ഒരു കൊടുംപാപമായി മലയാളി കണ്ടു തുടങ്ങി . പക്ഷെ സദാചാരത്തിന്റെ പേരില്‍ ഉപദ്രവിക്കപ്പെടുന്നത് എല്ലാം നിഷ്കളങ്കരാണ് എന്നതാണ് വാസ്തവം . നീല വലകള്‍ നെയ്തു കൊതിയന്‍ കണ്ണുകളുമായി കാത്തിരിക്കുന്ന കുറെ പേരെ സമൂഹത്തിലെ ഇത്തരം പോലീസുകാര്‍ കാണുന്നില്ല , ഇനി കണ്ടാലും ഒന്നും നടക്കില്ല . നാം എന്തിനു വയ്യാ വേലികള്‍ എടുത്തു തലയില്‍ വെക്കണം എന്നാണു അപ്പോള്‍ തോന്നുക . പിന്നെ എന്തിനാണ് പാര്‍ക്കിലോ ബീച്ചിലോ ക്യാംപസിലോ സംസാരിച്ചിരിക്കുന്ന രണ്ടു വ്യക്തികളെ ജീവിതം തകരുമാര് ഉപദ്രവിക്കുന്നത് ?

വിവാഹിതയാകുന്ന പെണ്‍കുട്ടിക്ക് പരിശുദ്ധി വേണമെന്നുള്ള നിര്‍ബന്ധം ഒക്കെ എന്നെ മാറികഴിഞ്ഞു . ഇപ്പോള്‍ ആണ് കുട്ടികള്‍ക്ക് പരിശുധിയുണ്ടോ എന്ന് തുറന്നടിക്കുന്ന പെണ്‍കുട്ടികളുടെ മുന്‍പില്‍ നാണം കേട്ട് പോകും എന്നുള്ളത് കൊണ്ടും കൂടിയാണ് ഈ കടും പിടുത്തം അയഞ്ഞത് . കേരളത്തില്‍ നല്ല സൌഹൃദങ്ങളും ബന്ധങ്ങളും നില നിന്നിരുന്ന അടുത്ത കാലം വരെ ദാമ്പത്യ അസ്വാരസ്യങ്ങള്‍ തുലോം കുറവായിരുന്നു എന്നത് ഒര്കേണ്ട വസ്തുതയാണ് . എപ്പോഴോ ഒരിക്കല്‍ ദാമ്പത്യമൊഴിച്ചുള്ള എല്ലാ ബന്ധങ്ങളും പാമാമാണെന്ന ചിന്ത മലയാളിയിലേക്ക് കടന്നു കൂടി .. ഇതോടെ ദാമ്പത്യബന്ധങ്ങള്‍ തകര്ന്നടിയാനും കുടുംബ ബന്ധങ്ങളില്‍ വിള്ളല്‍ വീഴാനും തുടങ്ങി . എന്തിനും ഇപ്പോഴും എല്ലായിടത്തും മലയാളിക്ക് സംശയമാണ് . കുറെ തളത്തില്‍ ദിനെശന്മാരെയും ദിനെശികളെയും നാം സൃഷ്ട്ടിച്ചു . ഒരു തരം മാനസിക വൈകല്യമാണ് ഇവിടെ കാണാന്‍ ആകുന്നതു .

അയല്‍പക്കത്തെ കിടപ്പറയിലും കാറിലും സദാചാര കണ്ണ് പായുന്ന മലയാളി സ്വന്തം വീട് മറന്നു പോകുകയാണ് . അവരുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും മറക്കുകയാണ് അപ്പോള്‍ അവിടെ മറ്റൊരു സദാചാര പോലിസ് ദൌത്യം ഏറ്റെടുക്കും . ഇങ്ങനെ നീറി പുകഞ്ഞു ചീഞ്ഞു നാറുകയാണ് നമ്മുടെ സമൂഹം . ഈ വിഷപ്പുക ശ്വസിച്ചു പിറന്നു വീഴുന്ന കുഞ്ഞിനു അച്ഛന്‍ നല്‍കുന്ന ഉമ്മകള്‍ അരോചകവും ഏട്ടന്‍ നല്‍കുന്ന സ്നേഹം അവിഹിതവുമായി തോന്നാം .

മാധ്യമങ്ങള്‍ സമൂഹത്തെ ആണോ സമൂഹം മാധ്യമങ്ങളെ ആണോ അനുകരിക്കുന്നത് എന്നത് ഒരുത്തരം കിട്ടാ ചോദ്യമാണ് . മലയാള  പത്രങ്ങളുടെ ക്ലാസിഫൈഡ് പേജുകള്‍ കണ്ടാല്‍ ഞെട്ടിപ്പോകും . അവിടെ സ്തന വലിപം കൂട്ടാനും മാറിടം ദൃഡമാക്കാനും സമയം നീട്ടാനും കിടപ്പറയില്‍ തീ പിടിച്ച കുതിരയാകാനും എന്തിനു ലിംഗ വലിപ്പം കൂടാനും ഒക്കെയുള്ള ഉട്ടോപ്യന്‍ ആശയങ്ങളുടെ മഹാ പ്രവാഹമാണ് . വ്യാജന്മാരുടെ ലൈംഗിക രോഗ ചികിത്സാ ക്ലിനിക്കുകള്‍ കൂണ്‍ പോലെ മുളച്ചു പൊന്തുകയാണ് . ഒരു പ്രശ്നവും കൂടാതെ കഴിഞ്ഞിരുന്ന മലയാളിയുടെ ജീവിതത്തില്‍ ഇവരാണ് വില്ലന്മാരായത് . എന്റെ സ്തനവും അരക്കെട്ടും സൗന്ദര്യവും മറ്റുള്ളവനെ തൃപ്തിപ്പെടുത്താന്‍ മാത്രമുള്ളതാണെന്ന് പെണ്‍കുട്ടികളും ധരിച്ചു . സ്വയം അറിഞ്ഞും അറിയാതെയും അവര്‍ ഉഭാഭോഗ സംസ്കാരത്തിന്റെ അംബാസഡര്‍മാരാകുകയാണ് .

അധ്യാപകനും വിദ്യാര്‍ഥിയും , അച്ഛനും മകളും , സഹപ്രവര്ത്തകയും സഹപ്രവര്‍ത്തകനും , ഒന്നും ഇന്നില്ല ! ഗുരുവിനെ ദൈവത്തിനും മീതെ കാണുന്ന സംസ്കാരം ഇപ്പോള്‍ ഇല്ലാതായതു എങ്ങനെയാണ് ?  കാമുകീകാമുകന്മാര്‍ എന്നതിനപ്പുറമൊരു സ്ത്രീപുരുഷബന്ധം ഉണ്ടാകുന്നില്ല എന്നത് തന്നെ കാരണം . കേരളത്തില്‍ അരങ്ങേറുന്ന പീഡനക്കെസുകളില്‍ മിക്കതിലും പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് അച്ഛനോ അമ്മാവനോ ആകാന്‍ പ്രായമുള്ളവരാണ് . വറ്റി പോകുന്ന പ്രണയങ്ങളും ഇല്ലാതാകുന്ന സൌഹൃദങ്ങളും ദരിദ്രമാകുന്ന, വെറും ചടങ്ങാകുന്ന ദാമ്പത്യ ബന്ധങ്ങളും കെട്ട ബന്ധങ്ങള്‍ കെട്ടിപ്പടുക്കുകയാണ് .

ഒരുമിച്ചു പുറത്തു പോയാലോ കാറില്‍ യാത്ര ചെയ്താലോ എന്തിനു കെട്ടിപ്പിടിചാലോ ഉമ്മവചാലോ എന്താണ് കുഴപ്പം എന്ന് ഇന്നത്തെ തലമുറ ചോദിച്ചു തുടങ്ങിയിരിക്കുന്നു . സദാചാര പോലീസ് ചമയുന്ന വീട്ടു കാര്‍ക്കും നാട്ടുകാര്‍ക്കും തലയ്ക്കു മേലെ സീസറുടെ വാള് പോലെ ആണ് ഈ ചോദ്യങ്ങള്‍ . പുതു തലമുറ ഇത്തരം അനാവശ്യ അതിര്‍വരമ്പുകളെ വെറുത്ത് പോയി . എന്നാല്‍ ഇവര്‍ക്ക് പക്വതയില്ലെന്നോ അതിര്‍വരമ്പുകള്‍ അറിയില്ലെന്നോ ധരിക്കരുത് . ലൈംഗികത എന്നതിനെ കുറിച്ച് പാകമായ ബോധവും നല്ല ഉള്‍ക്കാഴ്ചയും വരും വരായ്കകളും ബന്ധങ്ങളുടെ മൂല്യവും ഇവര്‍ക്ക് നന്നായറിയാം . ആരെ എവിടെ നിര്‍ത്തണം എന്ന് പുതു തലമുറ പറഞ്ഞു തരും . അടുത്ത ദിവസം കൊച്ചിയില്‍ അരങ്ങേറാന്‍ പോകുന്ന ‘കിസ് ഓഫ ലൌവ്‌’ ഇത്തരം അനാവശ്യ അതിര്‍വരമ്പുകളോടുള്ള ശക്തവും പരസ്യവുമായ പ്രതിഷേധമാണ് . കുടുംബ ബന്ധങ്ങള്‍ അനുദിനം വഷളാകുന്ന ഇക്കാലത്ത് സൌഹൃദങ്ങളുടെ ബലം, അവയുടെ മൂല്യങ്ങള്‍, അവ നല്‍കുന്ന സുരക്ഷിതത്വം എല്ലാം പുതിയ തലമുറയ്ക്ക് വലുതാണ്‌ . ഒരു പക്ഷെ സ്വന്തം അച്ഛനെക്കാള്‍ ആണ്‍ സുഹൃത്തിനെ വിശ്വാസവും അവനില്‍ സുരക്ഷിതത്വവും തോന്നുന്ന അവസ്ഥ മകള്‍ക്ക് ഉണ്ടാകുമ്പോഴും ഭാര്താവിനെക്കാള്‍ ആശ്രയിക്കാവുന്ന നല്ല ആണ്‍ സുഹൃത്ത്‌ ഭാര്യക്കുണ്ടാകുംപോഴും ഒക്കെ അവനില്‍ ഉണ്ടാകുന്ന ഈഗോ…. തനിക് ഇല്ലാത്തത് മറ്റാര്‍ക്കും വേണ്ടെന്നും തന്നെ കൊണ്ടാകാത്തത് അവനു വേണ്ടെന്നും ഒക്കെയുള്ള വൃത്തികെട്ട മാനസികാവസ്ഥയില്‍ നിന്ന് ഉടലെടുക്കുന്നതാണ് സദാചാര പോലീസെന്ന ആശയം . ഇവിടെ പിഴച്ചത് തനിക്കു തന്നെ ആണെന്ന് പുരുഷന്‍ തിരിച്ചറിയേണ്ടത് ആവശ്യമാണ്‌ . താന്‍ ഒരു നല്ല അച്ഛനോ ഭര്‍ത്താവോ ആണെങ്കില്‍ മകളും ഭര്യയും തന്നെകാള്‍ മറ്റൊരാളെ ആശ്രയിക്കില്ല എന്നാ ബോധം സ്വയം ആണ് ഉണ്ടാകേണ്ടത് .

പെരുകി വരുന്ന പുരുഷ മനസിന്റെ ഈ ഇഗോ പുറത്തു വരുനത്‌ മറ്റൊരു രൂപത്തില്‍ ആണ് . ഓഫീസിലും ആണുങ്ങളും പെണ്ണുങ്ങളും തമ്മില്‍ സൗഹൃദം അനുവദിക്കില്ല. ഉണ്ടായാല്‍ രണ്ടാളുകളുടെയും കുടുംബം അതോടെ തകര്‍ന്നു തരിപണമാകും . സ്ത്രീ ആയാലും പുരുഷനായാലും മജ്ജയും മാംസവും ചോരയും നീരുമുണ്ടെന്നു മനസിലാക്കുകയാണ് ആദ്യം വേണ്ടത് . മറയില്ലാതെ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആഗാഹിക്കാത്ത മനുഷ്യര്‍ ഉണ്ടാകില്ല . ഭാര്യയും കാമുകിയും സുഹൃത്തും ഒക്കെ ഒരാള്‍ക്ക്‌ ഉണ്ടായിരിക്കാം . അപൂര്‍വ്വം ചിലര്‍ക് മാത്രമാണ് ഇവയെല്ലാം ഒന്നായ ബന്ധങ്ങള്‍ കാണൂ . ഭാര്യയും ഭര്‍ത്താവും തമ്മിലുള്ളതൊഴിച്ചുള്ള എല്ലാ ബന്ധങ്ങളേയും അനാശാസ്യമായി കാണുകയാണ് നാം.

കേരളത്തിന്റെ ചരിത്രത്തില്‍ സംബന്ധങ്ങളും വിവാഹേതര ബന്ധങ്ങളും പ്രണയങ്ങളും ഒക്കെ ഉണ്ടായിരുന്നു . എന്നാല്‍ അന്നൊന്നും ഇല്ലാത്ത എന്തോ ഒന്ന് എല്ലാ ബന്ധങ്ങളെയും അതിന്റെ വഴിയില്‍ നിന്ന് അകറ്റി. ഇവക്കു മറ്റൊരു നിറവും ഭാവവും നല്‍കാന്‍ കെല്‍പ്പുള്ള എന്തോ ഒന്ന് നമ്മെ വഷളാക്കി .

ആള്‍ക്കൂട്ടത്തിനു ഭാന്തു പടിച്ചു സദാചാരപോലിസിന്റെ കുപ്പായം അണിയുന്നവരോട് പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന് പറഞ്ഞാല്‍ ആരെങ്കിലും ബാക്കി കാണുമോ ? ഇന്നും പുരുഷ മേധാവിത്തത്തില്‍ അധിഷ്ട്ടിതമായ ഈ സമൂഹത്തില്‍ അവനു എവിടെയും കയറി എന്തുമാകാം  എന്നാ അലിഖിത നിയമം ഉണ്ട് . ഒരു സ്ത്രീ തന്റെ ആഗ്രഹങ്ങളെ തുറന്നു പറഞ്ഞാല്‍ , പ്രകടിപ്പിച്ചാല്‍ അതിലും വലിയൊരു അപരാധം വേറെയില്ല . എന്തിനു ഒരു വിഭാര്യന് എളുപ്പം കേരളത്തില്‍ പെണ്ണ് കിട്ടും പക്ഷെ ഒരു വിധവ പുനര്‍ വിവാഹം ചെയ്യുമ്പോള്‍ ഇവള്ക്കെന്തിന്റെ സൂക്കെടാണ് എന്നാണു മലയാളി പറയുക . ഇന്ന് കേരളത്തില്‍ സഹിക്ക വയ്യാതെ വിവാഹമോചനം തേടി കോടതികളില്‍ ആദ്യമെത്തുന്നത് പെണ്‍കുട്ടികള്‍ ആണ് . അവരെ സമൂഹം ഇത്രകണ്ട് വെറുക്കുന്നില്ല എന്ന് തോന്നുന്നു . അതവന്റെ കുറ്റം കൊണ്ടാണ് അവള്‍ക്കും കാണില്ലേ …. അതുകൊണ്ട് പുനര്‍ വിവാഹം വിഷയമല്ല . പക്ഷെ ഇപ്പോഴും വിധവകളെ എന്ത് കൊണ്ടോ മലയാളിക്ക് കണ്ടുകൂടാ  , എല്ലാം അവളുടെ കുഴപ്പമാണ് !

പ്രണയം രണ്ടു വ്യക്തികളുടെയും വിവാഹം രണ്ടു കുടുംബങ്ങളുടെയും കാര്യമായിരുന്ന അവസ്ഥയില്‍ നിന്ന് അത് സമൂഹത്തിന്റെയും അതിലുപരി സമുദായത്തിന്റെയും പ്രശ്നമായി മാറുമ്പോള്‍ പരസ്പരം സ്നേഹിക്കാനും ഒന്ന് ചെരാനുമുള്ള വ്യക്ത്കളുടെ അവകാശത്തെ ഇല്ലാതാക്കുകയാണ് . ഇവിടെ ഉദയം ചെയ്ത ലോ‌ ജിഹാദുകള്‍ ഇത്രയും രൂക്ഷമായതും ഹിന്ദു ഹിന്ദുവിനെയും മുസ്ലീം മുസ്ലീമിനെയും മാത്രം വിവാഹം കഴിക്കുക എന്നതും സ്നേഹിക്കുന്നവരോടുള്ള ക്രൂരത മാത്രമാണ് .

കേരളത്തിലെ പെണ്‍കുട്ടികള്‍ക്ക് അവരുടെ ഭാവിയെക്കുറിച്ച്, കുഞ്ഞുങ്ങളെക്കുറിച്ച്, മാനാഭിമാനത്തെക്കുറിച്ച് വേവലാതിയില്ലാതെ സ്വയം ഒരു തീരുമാനമെടുക്കാന്‍ കഴിയുകയാണെങ്കില്‍ കേരളത്തിലെ ദാമ്പത്യങ്ങളില്‍ 90 ശതമാനവും 48 മണിക്കൂറിനുള്ളില്‍ തകര്‍ന്നുപോകുമെന്നായിരുന്നു എന്ന് നിത്യ ചൈതന്യ യതി പറഞ്ഞത് ഇവിടെ പ്രസക്തമാണ് .

ഫെമിനിസം ഉറവു പൊട്ടിയത് പുരുഷന്റെ കൊള്ളരുതായ്മയില്‍ നിന്നാണ് . എങ്ങനെ മകളോടും സഹോദരിയോടും കാമുകിയോടും ഭാര്യയോടും പെരുമാറണം എന്ന് ഉള്ള അവന്റെ അറിവില്ലായ്മയില്‍ നിന്ന് ആണ് സ്ത്രീകള്‍ സഹനത്തിന്റെ നെല്ലിപ്പലക പൊട്ടിച്ചു പുറത്തു ചാടിയത് . അവന്റെ ഈഗോ , അജ്ഞാത , അഹന്ത എല്ലാമാണു സദാചാര പോലിസാകാന്‍ , എന്തിനെയും സംശയിക്കാന്‍ അവനെ പ്രേരിപ്പിക്കുന്നത് . ഫെമിനിസം സ്ത്രീകളെ മൂല്യത്തിലേക്ക് ഉയര്‍ത്തിയത്‌ പോലെ നമ്മുടെ സമൂഹത്തില്‍ പുരുഷന്മാര്‍ക്ക് ഒരു പ്രസ്ഥാനം ഉണ്ടായാല്‍ ഈ പ്രശ്നങ്ങള്‍ അവിടം കൊണ്ടാവസാനിക്കും . നമുക്ക് നഷ്ടമായ സൌഹൃദവും സ്നേഹവും വാത്സല്യവും മൂല്യവും ഒക്കെ തിരികെ എടുക്കാം . എന്തിനെയും അതിന്റേതായ അര്‍ത്ഥത്തില്‍ മലയാളി സ്വീകരിക്കെണ്ടിയിരിക്കുന്നു . സ്നേഹം എല്ലാവരും ആഗ്രഹിക്കുന്നുണ്ട് . അതിനെ നിഷേധിക്കുമ്പോള്‍ ആണ് മാനസികമായി നാം വികലമാകുന്നതു . എന്നാല്‍സ്നേഹിക്കാന്‍ എവിടെ വരെയും പോകാം എന്തും ആകാം എന്നല്ല . എന്തിനും പരിധികള്‍ ഉണ്ട്. ആരോഗ്യകരമായ ബന്ധങ്ങള്‍ എങ്ങനെ ഉണ്ടാക്കാം എന്നും നമുക്ക് ഒരു ശരീരം ഉണ്ടെന്നും മനസുന്ടെന്നും വികാര വിചാരങ്ങള്‍ ഉണ്ടെന്നും അവ ആര്‍ക്കൊപ്പം എവിടെയെല്ലാം ഏതെല്ലാം തരത്തില്‍ ഉപയോഗിക്കണം എന്നും ഇണയുമായി പെരുമാറുമ്പോള്‍ എടുക്കേണ്ട ജാഗ്രതകള്‍ എന്തൊക്കെയാണ് എന്നും കുട്ടികള്‍ക്ക് മനസിലാക്കി കൊടുക്കാന്‍ അടിയന്തിരമായി എന്തെങ്കിലും ചെയ്യേണ്ടതുണ്ട് . ഒരു പെണ്‍കുട്ടിയെ കാണുമ്പോള്‍ അവളുടെ മുഖത്തും കണ്ണിലും നോക്കി സംസാരിക്കാനും നിവര്‍ന്നു നിന്ന് ആവശ്യങ്ങള്‍ പറയാനും ആണ്‍കുട്ടികളെ പഠിപ്പിക്കേണ്ടതുണ്ട് . ഇന്നവന്‍ ശ്രദ്ധിക്കുന്നതും നോക്കുന്നതും സ്ത്രീയുടെ ശരീരത്തിലേക്ക് മാത്രമാണ് . അവളുടെ മുഖം ഓര്‍ത്തെടുക്കാന്‍ വിഷമിക്കുന്ന ഒരാന്കുട്ടിക്കു എല്ലാ പെണ്‍കുട്ടികളും മാംസ നിര്‍മിത ഉപകരണങ്ങള്‍ മാത്രമാണ് . കേരളത്തെ അപേക്ഷിച്ച് കല്‍ക്കത്തയും ചില വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും സ്ഥിതി എല്ലാം ഏറെ വ്യത്യസ്തമാണ് . അവിടെ കുട്ടികള്‍ അവരുടെ ലോകത്താണ് . സദാചാര ടോര്‍ച്ചുമായി ആരും അവരുടെ പിറകെ നടക്കാറില്ല . ഇഷ്ട്ടം പോലെ സംസാരിക്കാനും അടുത്തിടപഴകാനും ഒക്കെ അവസരമുണ്ട് . എന്നാല്‍ ഈ ചെറുപ്പമെന്ന പട്ടത്തിന്റെ നൂലുകള്‍ എപ്പോഴും രക്ഷിതാക്കളുടെ കൈവശം തന്നെ ആണ് . വീടിനു പുറത്തുള്ള ബന്ധങ്ങള്‍ മികവെരിയതിനാല്‍ ഇവിടെ വീടിനകത്തെ ബന്ധങ്ങളും ദാമ്പത്യ ബന്ധങ്ങളും ഉറപ്പുള്ളതാണ് . വിവാഹ മോചനങ്ങളും മറ്റും കേരളത്തേക്കാള്‍ ഏറെ കുറവാണിവിടെ . മലയാളി കെട്ടി നിര്‍ത്തിയ ലൈംഗിക ദാരിദ്ര്യവും കാലത്തിനു യോജിക്കാത്ത സദാചാര മൂല്യങ്ങലുമാണ് സംഗതികളെ ഇത്രകണ്ട് വഷളാക്കിയത് . എത്ര അസന്മാര്‍ഗികത കൊട്ടി ഘോഷിചാലും സ്വവര്‍ഗ രതിയെ അംഗീകരിക്കാന്‍ കോടതി വിധി വന്നു . അടുത്തിടെ കത്തോലിക്കാ സഭയിലെ വിശുദ്ധ പോപ്പ് സ്വവര്‍ഗ രതിയെ അംഗീകരിക്കണം എന്നും സ്വവര്‍ഗ വിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കണം എന്നും ആവശ്യപ്പെട്ടത് ശ്രദ്ധിക്കുക  – സ്വവര്‍ഗാനുയായികളെ അംഗീകരിക്കാനുള്ള ഫ്രാന്‍സിസ്‌ പാപ്പായുടെ നിര്‍ദേശം തള്ളിക്കളഞ്ഞ ബിഷപ്പുമാരുടെ നടപടി നിരാശപ്പെടുത്തുന്നതായി സ്വര്‍ഗാനുയായികളുടെ സംഘടനകള്‍. വത്തിക്കാനില്‍ നടക്കുന്ന അസാധാരണ സിനഡില്‍ സ്വവര്‍ഗാനുരാഗികളെ അംഗീകരിക്കല്‍, വിവാഹമോചനം നേടി പുനര്‍വിവാഹം ചെയ്‌ത കത്തോലിക്ക വിശ്വാസികളെ അംഗീകരിക്കല്‍ തുടങ്ങിയവയെക്കുറിച്ചുള്ള കരട്‌ അവതരിപ്പിച്ചതാണ്‌ മൂന്നില്‍ രണ്ട്‌ ഭൂരിപക്ഷം നേടാതെ തള്ളിപ്പോയത്‌.

അടുത്ത വര്‍ഷം നടക്കുന്ന സാധാരണ സിനഡില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്ന്‌ യുഎസിലെ കത്തോലിക്ക സ്വവര്‍ഗാനുരാഗികളുടെ സംഘടനയായ ദി ന്യൂ വേസ്‌ മിനിസ്‌ട്രി പറഞ്ഞു. എന്നാല്‍ തുറന്ന ചര്‍ച്ച നടന്നത്‌ വിഷയം ഇനിയും ചര്‍ച്ച ചെയ്യാനും തീരുമാനം ഉണ്ടാകാനുമുള്ള സാധ്യത മുന്‍നിര്‍ത്തുന്ന കാര്യവും സംഘടന അംഗീകരിച്ചു.

ഫ്രാന്‍സിസ്‌ പാപ്പായുടെ നിര്‍ദേശങ്ങള്‍ തള്ളിക്കളഞ്ഞെങ്കിലും അവയ്‌ക്ക്‌ 50 ശതമാനത്തിലേറെ വോട്ടു നേടാനായി. യാഥാസ്‌ഥിതികരാണ്‌ ഈ നിര്‍ദേശത്തെ ഏറ്റവും അധികം എതിര്‍ത്തത്‌. ഇതുള്‍പ്പടെ സമര്‍പ്പിച്ച കരടിന്റെ ബാക്കിയുള്ള ഭാഗങ്ങള്‍ സിനഡ്‌ അംഗീകരിച്ചു. എന്നായിരുന്നു വാര്‍ത്ത .

നമ്മുടെ അസാന്മാര്‍ഗികപ്രവൃത്തി നിയമം (ഇമ്മോറല്‍ ട്രാഫിക് ആക്ട്) അടിസ്ഥാനപരമായി പൊളിച്ചെഴുത്തേണ്ടതും എന്താണ് ലൈംഗികത എന്ന് ആരോഗ്യകരമായ രീതിയില്‍ പുതു തലമുറയ്ക്ക് പറഞ്ഞു കൊടുക്കേണ്ടതും അത്യാവശ്യമാണ്  .സ്‌നേഹിക്കലും സ്‌നേഹിക്കപ്പെടലും അവകാശമാണ് എന്ന സദാചാരമാണ് മലയാളി അംഗീകരിക്കേണ്ടത്.

Add a Comment

Your email address will not be published. Required fields are marked *