ലീ ക്വാൻ യൂവിന് സിംഗപ്പൂര്‍ യാത്രാമൊഴി നല്കി
സിംഗപ്പൂർ: സിംഗപ്പൂരിന്റെ മുൻ പ്രധാനമന്ത്രി ലീ ക്വാന്‍ യൂവിന് രാജ്യം പൂർണ ഔദ്യോഗിക ബഹുമതികളോടെ യാത്രാമൊഴി നൽകി. കനത്ത മഴയെ വകവയ്ക്കാതെ ആയിരക്കണക്കിന് ജനങ്ങളാണ് അന്തിമ ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാനായി എത്തിയത്. പാർലമെന്റ് ഹൗസില്‍ നിന്നും പ്രത്യേക വാഹനത്തിലാണ് അദ്ദേഹത്തിന്റെ ഭൗതികശരീരം സംസ്കാരം നടക്കുന്ന കൾച്ചറൽ സെന്ററിലേക്ക് എത്തിച്ചത്.രണ്ട് ഡസനിലധികം രാജ്യങ്ങളിൽ നിന്നുള്ള നേതാക്കളും വിശിഷ്ട വ്യക്തികളും ചടങ്ങിൽ പങ്കെടുക്കാനായി എത്തിയിരുന്നു. ചടങ്ങില്‍ പങ്കെടുത്ത ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നത്തെ കാലത്തിലെ സമുന്നതനായ നേതാവാണ് ലീയെന്ന് പറഞ്ഞു. ഒരു കാലഘട്ടത്തിന്റെ അവസാനമാണ് അദ്ദേഹത്തിന്റെ നിര്യാണം അടയാളപ്പെടുത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. യു.എസിൽ നിന്നുള്ള പ്രതിനിധി സംഘത്തെ നയിച്ചത് മുൻ പ്രസിഡന്റായ ബിൽ ക്ലിന്റണായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ലീ ക്വാൻ യൂ മരിച്ചത്. 91കാരനായ ലീയുടെ നിര്യാണത്തെ തുടർന്ന് രാജ്യം ഒരാഴ്ചയായി ദുഃഖാചരണത്തിലാണ്.( രാജി രാമന്‍കുട്ടി )