ലീ കുവാന്‍ യൂവ് അന്തരിച്ചു
സിംഗപൂര്‍: ആധുനിക സിംഗപ്പൂരിന്റെ ശില്പിയും മുന്‍ പ്രധാനമന്ത്രിയും ആയ ലീ കുവാന്‍ യൂവ് അന്തരിച്ചു . 91വയസായിരുന്നു. നീണ്ട 31 വര്‍ഷം അദ്ദേഹം പ്രധാനമന്ത്രി പദവി അലങ്കരിച്ചിരുന്നു. 2011 വരെ അദ്ദേഹം ഭരണകാര്യങ്ങളില്‍ സജീവമായിരുന്നു. ബ്രിട്ടീഷ് ഭരണം അവസാനിച്ച ശേഷം സിംഗപൂരിന്റെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്നു ലീ കുവാന്‍ യൂവ്.
സിംഗപൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രാദേശിക സമയം 03.18-നായിരുന്നു യൂവിന്റെ അന്ത്യം. സിംഗപൂരിന്റെ നിലവിലെ പ്രധാനമന്ത്രിയും യൂവിന്റെ മകനുമായ ലീ ഹിസിയന് ലൂംഗിന്റെ മാധ്യമ സെക്രട്ടറിയാണ് വാര്‍ത്ത പുറത്തുവിട്ടത്.
യൂവ് ഭരണത്തില്‍ ഇരുന്നപ്പോള്‍ നിരവധി വിമര്‍ശനങ്ങളും ഏറ്റുവാങ്ങിയിട്ടുണ്ട്. ഭരണകാര്യങ്ങളില്‍ അദ്ദേഹം വച്ചു പുലര്‍ത്തിയിരുന്ന കടുംപിടുത്തങ്ങളും അധികാരത്തില്‍ തുടരുവാനുള്ള ആഗ്രഹവും ചില കോണുകളില്‍ നിന്നും വിമര്‍ശനങ്ങള്‍ ക്ഷണിച്ചു വരുത്തി. പീപ്പിള്‍സ് ആക്ഷന്‍ പാര്‍ട്ടിയെന്നാണ് അദ്ദേഹം രൂപം നല്കിയ രാഷ്ട്രീയ പാര്‍ട്ടിയുടെ പേര്.1959-ല്‍ ആണ് ലീ കുവാന്‍ യൂവ് സിംഗപൂരിന്റെ അധികാരം ഏറ്റെടുക്കുന്നത്.