ലാവ്‌ലിന്‍ കേസ്: പിണറായിക്കെതിരേ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: എസ്.എന്‍.സി. ലാവ്‌ലിന്‍ കേസില്‍ മുന്‍വൈദ്യുതി മന്ത്രിയും സി.പി.എം. പോളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയനെതിരേ സര്‍ക്കാര്‍ ഹൈക്കോടതിയില്‍. പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ നടപടി ശരിയല്ലെന്നും തെളിവുകള്‍ പലതും കീഴ്‌ക്കോടതി പരിഗണിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണു സര്‍ക്കാര്‍ കേസില്‍ ഉപഹര്‍ജി നല്‍കിയത്. പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി. ആസിഫലിയാണ് ഉപഹര്‍ജി നല്‍കിയത്. കേസ് വേഗത്തില്‍ പരിഗണിക്കണമെന്നാണു സര്‍ക്കാരിന്റെ ആവശ്യം.
റിവിഷന്‍ ഹര്‍ജിയില്‍ എത്രയും വേഗം വാദം കേള്‍ക്കണമെന്നും ആവശ്യപ്പെട്ടു. സര്‍ക്കാരിനുണ്ടായ സാമ്പത്തിക നഷ്ടവും കോടതിയില്‍ ഉന്നയിച്ചു. പിണറായിയെ വെറുതെവിട്ടതിനെതിരേ നല്‍കിയ അപ്പീല്‍ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചത്. നേരത്തേ ഈ കേസില്‍ സി.ബി.ഐ. അന്വേഷണം ഉള്‍പ്പെടെയുള്ളവ നടന്നിരുന്നു.
പന്നിയാര്‍, പള്ളിവാസല്‍, ചെങ്കുളം ജലവൈദ്യുത പദ്ധതികളുടെ നവീകരണവുമായി ബന്ധപ്പെട്ട ലാവ്‌ലിന്‍ കരാറില്‍ സര്‍ക്കാരിന് 86.25 കോടിയുടെ നഷ്ടമുണ്ടായി എന്നായിരുന്നു സി.ബി.ഐ. കേസ്. ഇടപാടില്‍ പിണറായി സാമ്പത്തികനേട്ടമുണ്ടാക്കിയില്ലെങ്കിലും ഗൂഢാലോചനയില്‍ പങ്കാളിയാണെന്നായിരുന്നു ആരോപണം. എന്നാല്‍, ഈ ഗൂഢാലോചന തെളിയിക്കാന്‍ സി.ബി.ഐക്കു കഴിഞ്ഞില്ലെന്നു കുറ്റവിമുക്തനാക്കികൊണ്ടുള്ള വിധിയില്‍ കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
2009 ജനുവരിയിലാണ് പിണറായിയെ പ്രതിയാക്കിയത്. അദ്ദേഹത്തിനു പുറമെ, മുന്‍ ഊര്‍ജ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. മോഹനചന്ദ്രന്‍, മൂന്‍ ഊര്‍ജ ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ്, വൈദ്യുതി ബോര്‍ഡ് മുന്‍ ചെയര്‍മാന്‍മാരായ പി.എ. സിദ്ധാര്‍ഥ മേനോന്‍, ആര്‍. ശിവദാസന്‍, ബോര്‍ഡ് മുന്‍ ചീഫ് എന്‍ജിനീയര്‍ കസ്തൂരിരംഗ അയ്ര്!, ചീഫ് അയക്കൗണ്ട്‌സ് ഓഫീസറായിരുന്ന കെ.ജി. രാജശേഖരന്‍ നായര്‍ എന്നിവരെയും പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
വെറും ഇടനിലക്കാര്‍ മാത്രമായ ലാവ്‌ലിന്‍ കമ്പനിക്ക് മൂന്ന് ഇരട്ടിവരെ വര്‍ധിപ്പിച്ച തുകയ്ക്കാണ് പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കരാര്‍ നല്‍കിയത്. ഇതിലൂടെ 266.25 കോടി രൂപയുടെ നഷ്ടമാണ് സര്‍ക്കാരിന് ഉണ്ടായത്.
ജലവൈദ്യുതി പദ്ധതിയുടെ നവീകരണ കരാര്‍ ലാവ്‌ലിന്‍ കമ്പനിയെ ഏര്‍പ്പിച്ചതിലൂടെ സര്‍ക്കാരിന് നഷ്ടമുണ്ടായെന്ന സി.എ.ജി. റിപ്പോര്‍ട്ടിലൂടെയാണ് അഴിമതി പുറത്തായത്. കരാര്‍ പ്രാബല്യത്തിലാക്കാന്‍ അന്ന് വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയനും മറ്റു പ്രതികളും ഗൂഢാലോചന നടത്തി സര്‍ക്കാരിന് കോടികളുടെ നഷ്ടമുണ്ടാക്കുകയാണ് ചെയ്തതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. 243.98 കോടിക്കാണ് കരാര്‍ നല്‍കിയതെങ്കിലും പദ്ധതി പൂര്‍ത്തിയായപ്പോള്‍ ഇത് 389.98 കോടിയായി മാറി.
കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് മുഖേന പദ്ധതി നടപ്പാക്കിയിരുന്നെങ്കില്‍ 123.73 കോടി മാത്രമേ ചെലവ് വരൂവെന്ന് ഇ. ബാലാനന്ദന്‍ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെങ്കിലും ആഗോള ടെന്‍ഡര്‍ കൂടാതെ ലാവ്‌ലിന്‍ കമ്പനിക്ക് നവീകരണ കരാര്‍ നല്‍കിയതിലും മലബാര്‍ ക്യാന്‍സര്‍ സെന്ററിന് സാമ്പത്തിക സഹായം ഉറപ്പാക്കാന്‍ പ്രത്യേക കരാറില്‍ ഏര്‍പ്പെടാതിരുന്നതും ഗൂഢാലോചനയുടെ ഫലമായിരുന്നുവെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ലാവ്‌ലിന്‍ കേസിലെ പ്രതികളെ കുറ്റവിമുക്തരാക്കിയ സി.ബി.ഐ. പ്രത്യേക കോടതി വിധി തെളിവുകളും സാക്ഷിമൊഴികളും മറ്റും സൂക്ഷ്മമായി വിശകലനം ചെയ്യാതെയാണു കുറ്റവിചാരണ ചെയ്യാന്‍ പര്യാപ്തമായ തെളിവുകള്‍ പ്രതികള്‍ക്കെതിരേ സി.ബി.ഐ. സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടിലുണ്ടെന്നും കുറ്റാരോപണങ്ങള്‍ ഗൗരവമാണെന്നും ഇത് ലഘുവായി കാണാനാകില്ലെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു.
പ്രതികളെ കുറ്റവിമുക്തരാക്കാന്‍ വിചാരണക്കോടതി അനാവശ്യ തിടുക്കം കാട്ടിയതായും വിടുതല്‍ ഹര്‍ജി നല്‍കാത്ത പ്രതികളെയും വിചാരണക്കോടതി കുറ്റവിമുക്തരാക്കിയെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. വിചാരണക്കോടതിവിധിക്കെതിരേ റിവിഷന്‍ ഹര്‍ജികളില്‍ കാലതാമസം കൂടാതെ തീര്‍പ്പുകല്‍പ്പിക്കണമെന്നും കേസ് നീട്ടിക്കൊണ്ടുപോകാനാണു പ്രതികളുടെ ശ്രമമെന്നും സര്‍ക്കാര്‍ ആരോപിച്ചു.

Add a Comment

Your email address will not be published. Required fields are marked *