ലാവ്‌ലിന്‍ കേസിന്റെ കാലം കഴിഞ്ഞെന്ന് പിണറായി

കാസര്‍ഗോഡ്: ലാവ്‌ലിന്‍ കേസിന്റെ കാലം കഴിഞ്ഞെന്ന് സി.പി.എം പോളിറ്റ് ബ്യുറോ അംഗം പിണറായി വിജയന്‍. തനിക്കെതിരായ ആരോപണങ്ങളെല്ലാം ചീറ്റിപ്പോയി. ആരുവിചാരിച്ചാലും കേസ് ഇനി കത്തിക്കാന്‍ കഴിയില്ലെന്നും പിണറായി പറഞ്ഞു. ‘കേരള കൗമുദി’ക്ക് ദിനപ്പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് പിണറായി സര്‍ക്കാരിന്റെ നീക്കത്തെ തള്ളിക്കളഞ്ഞത്.
തിരഞ്ഞെടുപ്പ് വരുമ്പോള്‍ ഏതെങ്കിലും തരത്തിലുള്ള ഒരു പ്രചാരണം അഴിച്ചുവിടാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നതിന്റെ ഭാഗമായിട്ടേ ഇതിനെ കാണാന്‍ കഴിയു. 2006 മുതല്‍ ഇതിന്റെ നീക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ അതിന്റെയെല്ലാം കാലം കഴിഞ്ഞുപോയി. കോടതിയുടെ പരിശോധനയും തീരുമാനവും വന്ന കാര്യമാണ്. കേസിനെ രാഷ്ട്രീയമായി നേരിടാനൊന്നുമില്ല. ജനങ്ങള്‍ അങ്ങനെ അതിനെ കാണുന്നുമില്ലെന്നും പിണറായി പറയുന്നു.
വരുന്ന തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിനെ ആരു നയിക്കുമെന്ന വിവാദത്തിന് ഒരു പ്രസക്തിയുമില്ല. തിരഞ്ഞെടുപ്പില്‍ ആരൊക്കെ മത്സരിക്കുമെന്നുപോലും തീരുമാനമായിട്ടില്ല. വി.എസ് പാര്‍ട്ടിയുടെ സമുന്നത നേതാവാണ്. ഈ പ്രായമുള്ള ഒരു രാഷ്ട്രീയ നേതാവ് പൊതുപ്രവര്‍ത്തനത്തില്‍ സജീവമായി ഇടപെടുന്നത് സന്തോമുള്ള കാര്യമാണ്. അതുകൊണ്ടുതന്നെയാണ് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അദ്ദേഹത്തെ പ്രകീര്‍ത്തിക്കുന്നതെന്നും പിണറായി ചൂണ്ടിക്കാട്ടി.
കടുത്ത പ്രതിസന്ധിയിലായ യു.ഡി.എഫ് ശിഥിലമാകാന്‍ എല്ലാ സാധ്യതയുമുണ്ട്. യു.ഡി.എഫില്‍ നിന്ന് ചില കക്ഷികള്‍ എല്‍.ഡി.എഫിലേക്ക് വരാന്‍ ആഗ്രഹമുള്ളവരാണ്. ഈ കക്ഷികള്‍ ആദ്യം തീരുമാനമെടുക്കട്ടെ. അതിനു ശേഷമേ എല്‍.ഡി.എഫ് വികസനത്തില്‍ സി.പി.എമ്മിന്റെ നിലപാട് എടുക്കേണ്ട സാഹചബര്യമുള്ളൂ. ബാലകൃഷ്ണപിള്ളയോടും പി.സി ജോര്‍ജിനോടുമുള്ള ആഭിമുഖ്യത്തില്‍ ഒരു തീരുമാനവുമെടുത്തിട്ടില്ലെന്നും കെ.എം മാണിയോടുള്ള സമീപനത്തില്‍ മാറ്റം വരുത്തിയിട്ടില്ലെന്നും പിണറായി അഭിമുഖത്തില്‍ പറയുന്നു.

Add a Comment

Your email address will not be published. Required fields are marked *