ലാലിസം പണം തിരിച്ചു നല്കും; മോഹൻലാൽതിരുവഞ്ചൂരിന്നയച്ച കത്തിന്റെ പൂർണ്ണരൂപം

ഓരോ മലയാളിയുടേയും സ്‌നേഹവും കരുതലും പ്രാര്‍ത്ഥനയും വാല്‍സല്ല്യവുമാണ് കഴിഞ്ഞ 36 വര്‍ഷങ്ങളായി എന്നെ ഞാനായി നിലനിര്‍ത്തുന്നത് എന്ന ഉത്തമ ബോധ്യത്തിലാണ് ഈ കുറിപ്പ് എഴുതുന്നത്. വലിയൊരു ഇടവേളയ്ക്ക് ശേഷം കേരളം, ദേശിയ ഗെയിംസിന് ആതിഥ്യം അരുളുമ്പോള്‍ എന്റെ പൂര്‍ണ്ണമായ സഹകരണവും സാന്നിധ്യവും മഹത്തായ ഈ കായിക മാമാങ്കത്തിന് ഉണ്ടാവണമെന്ന് ബഹുമാന്യരായ മുഖ്യമന്ത്രിയും കായിക വകുപ്പുമന്ത്രിയും എന്നോടാവശ്യപ്പെട്ടു. അവസാന നിമിഷം, അതുവരെ ആസൂത്രണം ചെയ്ത വലിയൊരു സംഗീത വിരുന്ന് നടക്കാതെ പോകുമെന്ന് വന്നപ്പോള്‍, അധികാരികളെന്നെ സമീപിച്ച്, ഞാനേറെ താല്‍പര്യത്തോടെ തയ്യാറെടുത്തുവന്ന ‘ലാലിസം’ എന്ന ഷോ, ദേശിയ ഗെയിംസിന്റെ ഉത്ഘാടനവേദിയില്‍ അവതരിപ്പിക്കാനാവുമോ എന്നഭ്യര്‍ത്ഥിച്ചു.

സര്‍ക്കാരിന്റെ ഇത്തരം പരിപാടികളുമായി എന്നും സന്തോഷത്തോടെ സഹകരിച്ചിട്ടുള്ള ഞാന്‍, കെട്ടിലും മട്ടിലും, ഏറെ വിഭിന്നമായ ലാലിസം എന്ന പെര്‍ഫോമന്‍സ്, ഉള്ളടക്കത്തിലും അവതരണത്തിലും സാങ്കേതിക സങ്കീര്‍ണ്ണതകള്‍ ഒഴിവാക്കി ലളിതമായി അവതരിപ്പിക്കാമെന്നേറ്റു. ഒപ്പം, കുഞ്ഞാലിമരയ്ക്കാരെന്ന ധീര ദേശസ്‌നേഹിക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്ന ഷോയിലും പങ്കെടുക്കാമന്നേറ്റു. യാതൊരു പ്രതിഫലവും പറ്റാതെ ഈ രണ്ടു പരിപാടികളിലും പങ്കെടുത്ത്, കായിക കലയുടെ മഹാമേളയോടുള്ള എന്റെ വിനീതമായ പ്രതിബദ്ധത പ്രകാശിപ്പിക്കാനായിരുന്നു എന്റെ തീരുമാനം. എന്നാല്‍, ഈ പരിപാടികളില്‍ പങ്കെടുക്കുന്ന കലാകാരന്‍മാര്‍ക്കും, അണിയറയില്‍ അഹോരാത്രം പണിയെടുക്കുന്ന സാങ്കേതിസ പ്രവര്‍ത്തകര്‍ക്കും പ്രതിഫലം നല്‍കേണ്ടതുണ്ട്. കൃത്യമായി ഇനം തിരിച്ച് കണക്കാക്കി, ഈ കലാപരിപാടികളുടെ പ്രൊഡക്ഷന്‍ നിര്‍വ്വഹിച്ച ആളുകള്‍ പറഞ്ഞ തുക, ഒരു കോടി അറുപതുലക്ഷം രൂപ (സര്‍വ്വീസ് ടാക്‌സ് പുറമെ) സര്‍ക്കാരില്‍നിന്നും കൈപ്പറ്റി.

അതില്‍ ഇതുവരെ ചെലവാക്കിയ തുകയുടെ കണക്ക് ഈ കുറിപ്പിനൊപ്പം വയ്ക്കുന്നു. ‘ലാലിസം’ അവതരിപ്പിച്ച് തീര്‍ന്ന രാത്രി മുതല്‍, ഇതുവരെ ഉയരുന്ന വിവാദ കോലാഹലങ്ങളും വിമര്‍ശനങ്ങളും ഞാന്‍ കണ്ടും കേട്ടും, അറിഞ്ഞുകൊണ്ടേയിരിക്കുന്നു. കേരളത്തിലെ, എന്റെ പ്രിയപ്പെട്ട പ്രേക്ഷകരുടെ ഹര്‍ഷാരവങ്ങളിലൂടെ, അഭിനന്ദനങ്ങളിലൂടെ, സ്‌നേഹശാസനകളിലൂടെ നടനെന്ന നിലയില്‍ പരുവപ്പെട്ട ആളാണ് ഞാന്‍. അതില്‍ നിന്നെല്ലാം വിഭിന്നമായി നിങ്ങളില്‍ ചിലരെങ്കിലും എന്റെനേര്‍ക്ക് തൊടുത്ത ആരോപണ ശരങ്ങള്‍, എന്നെ ദുഖിപ്പിക്കുന്നു. ഏറ്റവും നല്ല ഉദ്ദേശത്തോടെ ചെയ്ത കര്‍മ്മത്തെ വളരെ നിസ്സാരമായി, നിരുത്തരവാദപരമായി കളങ്കപ്പെടുത്തിയത്, എന്നെ അഗാധമായി വ്യസനിപ്പിച്ചു. കഴിഞ്ഞ മൂന്ന് ആഴ്ചകളായി, രാവും പകലും, ഈ പരിപാടിക്കായി നിറഞ്ഞ മനസ്സോടെ ഞാന്‍ ചെലവിട്ട അദ്ധ്വാനത്തെയും എന്റെ ആത്മാര്‍ത്ഥതയെയും നിസ്സാരവത്കരിക്കുന്നവരോട്, ഞാന്‍ സര്‍ക്കാരിന്റെ പണം അവിഹിതമായി കൈപ്പറ്റിയെന്ന് ആരോപിക്കുന്നവരോട് എനിക്ക് പരിഭവമോ, പരാതിയോ ഇല്ല.

പക്ഷേ, എന്നെ എന്നും സ്‌നേഹവാല്‍സല്ല്യങ്ങള്‍ക്കൊണ്ട് മൂടിയിട്ടുള്ള എന്റെ പ്രിയപ്പെട്ട പ്രേക്ഷകര്‍ക്ക് എന്നെപ്പറ്റി പ്രേക്ഷകരുടെയുള്ളില്‍ സംശയത്തിന്റെ ലാഞ്ചനപോലും ഉണ്ടാവരുത് എന്നെനിക്ക് നിര്‍ബന്ധമുണ്ട്. ഒരു കലാകാരന്‍ എന്ന നിലയില്‍മാത്രം അസ്തിത്വമുള്ള എന്റെ പേര് വിവാദങ്ങളിലേക്കോ രാത്രി ചര്‍ച്ചകളിലേക്കോ ഇനി വലിച്ചിഴയ്‌ക്കേണ്ടതില്ല. സര്‍ക്കാരില്‍ നിന്നും ഞാന്‍ കൈപ്പറ്റിയ മുഴുവന്‍ തുകയും 1,63,77,600 (ഒരു കോടി അറുപത്തിമൂന്ന് ലക്ഷത്തി എഴുപത്തിയേഴായിരത്തി അറുന്നൂറ്) രൂപ ഞാന്‍ സര്‍ക്കാരിലേക്ക് തിരച്ചടയ്ക്കുന്നു. ഇതോടെ ഇതു സംബന്ധിക്കുന്ന എല്ലാ വിവാദങ്ങളും തീരട്ടെ. ദേശീയകായിമേളയ്ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

സ്‌നേഹപൂര്‍വ്വം നിങ്ങളുടെ മോഹന്‍ലാല്‍

Add a Comment

Your email address will not be published. Required fields are marked *