റോബോട്ടിക് സര്‍ജറിയിലെ അറിവുകള്‍പകര്‍ന്ന് ആസ്‌ട്രൊബോട്ട്

കൊച്ചി: ആതുരശുശ്രൂഷ രംഗത്തെ അത്യാധുനിക സംവിധാനമായ റോബോട്ടിക് സര്‍ജറിയെ സംബന്ധിച്ച അറിവുകള്‍ പകര്‍ന്ന് ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ തത്‌സമയ ശില്‍പ്പശാല നടന്നു. ആസ്‌ട്രൊബോട്ട് 2015 എന്ന പേരില്‍ നടന്ന ശില്‍പ്പശാലയില്‍ രാജ്യത്തിനകത്തും പുറത്തുമുള്ള വിദഗ്ധ ഡോക്ടര്‍മാര്‍ ക്ലാസുകള്‍ നയിച്ചു. ആസ്റ്റര്‍ വിമന്‍സ് ഹെല്‍ത്ത് സീനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ. മായാദേവി കുറുപ്പിന്റെ നേതൃത്വത്തിലായിരുന്നു 100 പേര്‍ പങ്കെടുത്ത ശില്‍പ്പശാല. ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ വിമന്‍സ് ഹെല്‍ത്ത്, നെഫ്രോളജി ആന്‍ഡ് യൂറോളജി, ഗ്യാസ്‌ട്രൊഎന്റെറോളജി ആന്‍ഡ് ഹെപറ്റോളജി വിഭാഗങ്ങള്‍ ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. കേരളത്തില്‍ ആദ്യമായാണ് റോബോട്ടിക് സര്‍ജറി അവതരിപ്പിക്കുന്നത്. ഇതുവരെ 35 റോബോട്ടിക് ശസ്ത്രക്രിയകള്‍ ആസ്റ്റര്‍ മെഡ്‌സിറ്റി പൂര്‍ത്തിയാക്കി.
പ്രൊസ്റ്റെയ്റ്റിക് സര്‍ജറി, ഹിസ്റ്റെരെക്റ്റമി, മയോമെക്റ്റമി, കോളറെക്റ്റല്‍ സര്‍ജറി, തൊറാസിക് സര്‍ജറി തുടങ്ങിയവയില്‍ വിദഗ്ധര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു. ന്യൂഡല്‍ഹി എസ്ജിആര്‍ ഹോസ്പിറ്റലിലെ ഡോ. അരവിന്ദ് കുമാര്‍, യുഎസിലെ മിഷിഗണ്‍ പിവിഡബ്ല്യൂ റോബോട്ടിക് സര്‍ജറി ഇന്‍സ്റ്റിറ്റിയൂട്ടിലെ ഡോ. വിജയലക്ഷ്മി ഗവിനി, മിഷിഗണ്‍ ഹെന്റി ഫോര്‍ഡ് ആശുപത്രിയിലെ ഡോ. സൂര്യ തുടങ്ങിയവര്‍ ശില്‍പ്പശാലയില്‍ ക്ലാസുകള്‍ നയിച്ചു.
അത്യാധുനിക ടെലി സര്‍ജിക്കല്‍ സംവിധാനമായ ഡാവിഞ്ചി സര്‍ജിക്കല്‍ സിസ്റ്റം (ഇന്റ്യൂറ്റിവ് സര്‍ജിക്കല്‍ ഇന്‍ക്.) ഉപയോഗിച്ചാണ് റോബോട്ടിക് അസിസ്റ്റഡ് അല്ലെങ്കില്‍ കംപ്യൂട്ടര്‍ അസിസ്റ്റഡ് ശസ്ത്രക്രിയകള്‍ നടത്തുന്നത്. മാസ്റ്റര്‍ കണ്‍ട്രോളില്‍ സര്‍ജന്‍ ചെയ്തുകാണിക്കുന്നത് എന്‍ഡൊ റിസ്റ്റ് സാങ്കേതിക ഉപയോഗിച്ച് രോഗിയുടെ ശരീരത്തില്‍ റോബോട്ടുകള്‍ അനുകരിക്കുന്നു. സര്‍ജറി ഉപകരണങ്ങള്‍ രോഗിയുടെ ശരീരത്തിനുള്ളില്‍ ഡോക്റ്റര്‍മാര്‍ കൈകാര്യം ചെയ്യുന്നതിനു പകരം വിദഗ്ധരായ റോബോട്ടുകളാണ് അവ പ്രവര്‍ത്തിപ്പിക്കുക. വേദന കുറവ്, പെട്ടെന്നുള്ള രോഗശമനം, കുറഞ്ഞ ആശുപത്രിവാസം, അണുബാധ കുറവ്, കുറഞ്ഞ രക്തനഷ്ടം, കുറഞ്ഞ പാടുകള്‍ എന്നിവ റോബോട്ടിക് സര്‍ജറിയുടെ മേന്‍മകളില്‍ ചിലതാണ്.

Add a Comment

Your email address will not be published. Required fields are marked *