റെയില്‍വേ ബജറ്റ് : നിരാശയില്ല

തിരുവനന്തപുരം ഹിന്ദുസ്ഥാന്‍ സമാചാര്‍: അഞ്ചു വര്‍ഷം നാല് ലക്‌ഷ്യം മുന്നില്‍ക്കണ്ട് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു അവതരിപ്പിച്ച കേന്ദ്ര റെയില്‍വേ ബജറ്റിനു കേരളത്തില്‍ സമ്മിശ്ര പ്രതികരണങ്ങള്‍. മുന്‍ റെയില്‍വേ മന്ത്രിമാര്‍ അവതരിപ്പിക്കാറുള്ള ബജറ്റില്‍ നിന്നും വ്യത്യസ്തമായി സുരേഷ് പ്രഭു അവതരിപ്പിച്ച ആദ്യ ബജറ്റില്‍ സുരക്ഷ, സുഖയാത്ര, നവീകരണം, സാമ്പത്തിക സ്വയം പര്യാപ്തത എന്നിവയ്ക്ക് പ്രാമുഖ്യം നല്കിയപ്പോള്‍ എങ്ങിനെ ബജറ്റിനെ വിമര്‍ശിക്കും എന്ന അവസ്ഥയിലായി രാഷ്ട്രീയ നേതാക്കളും, പാര്‍ട്ടികളും.

ഒരു സംസ്ഥാനത്തിനെ ഒഴിവാക്കി മറ്റൊരു സംസ്ഥാനത്തിന് പ്രാധാന്യം നല്‍കുന്ന സ്ഥിരം രീതികളും നിലവിലെ ബജറ്റില്‍ കണ്ടില്ല. യാത്രാക്കൂലി കൂട്ടാതെ, യാത്രക്കാരുടെ ക്ഷേമത്തിന് മുന്‍‌തൂക്കം നല്‍കിയുള്ള ബജറ്റിനെ തുറന്നെതിര്‍ക്കാന്‍ യാത്രക്കാര്‍ ഉള്‍പ്പെടയുള്ള ആര്‍ക്കും കഴിഞ്ഞതുമില്ല. ട്രെയിന്‍ ഇല്ല, പുതിയ പാതകള്‍ ഇല്ല എന്ന വിമര്‍ശനം ഉയര്‍ന്നപ്പോള്‍ ഈ സമ്മേളനകാലത്ത് തന്നെ പുതിയ പാതകളും, ട്രെയിനുകളും പ്രഖ്യാപിക്കും എന്ന് കൂടി റെയില്‍വേ മന്ത്രി സുരേഷ് പ്രഭു പ്രഖ്യാപിച്ചപ്പോള്‍ കടുത്ത വിമര്‍ശനത്തിനു സാധ്യതകള്‍ നിലനിന്നുമില്ല. “കഴിഞ്ഞ തവണത്തെ ബജറ്റില്‍ യാത്രക്കൂലി, ചരക്കുകൂലി എന്നിവ വര്‍ധിപ്പിച്ചിട്ടുണ്ട്.അപ്പോള്‍ ഇത്തവണത്തെ ബജറ്റില്‍ ഒരു വര്‍ധനവിന് സാധ്യത നിലനില്‍ക്കുന്നില്ല.

പുതിയ പാതകളും, ട്രെയിനുകളും പ്രഖ്യാപിച്ചിട്ടുമില്ല. പിന്നെങ്ങിനെ നമ്മള്‍ ബജറ്റിനെ വിലയിരുത്തും. ഇതൊരു ജനപ്രിയ ബജറ്റ് അല്ല എന്തായാലും. ജനപ്രിയ ബജറ്റ് എന്ന് പറയാവുന്ന പദ്ധതികള്‍ ഒന്നും തന്നെ ബജറ്റില്‍ ഇല്ല. എല്ലാം പിന്നീടു വരുമെന്ന് പറയുന്നു. വ്യവസ്ഥാപിത നടപടികള്‍ അട്ടിമറിക്കുന്ന ഒന്നായി ഇത്തവണത്തെ ബജറ്റ് അവതരണം മാറി. കാരണം എല്ലാ പദ്ധതികളും ബജറ്റില്‍ അല്ലെ പ്രഖ്യാപിക്കേണ്ടത്‌. രീതികള്‍ മാറ്റി തന്നിഷടപ്രകാരം പദ്ധതികള്‍ പ്രഖ്യാപിക്കുന്ന വിധത്തിലുള്ള സര്‍ക്കാരായി നരേന്ദ്രമോദി സര്‍ക്കാര്‍ മാറിയിട്ടുണ്ട്. ഈ ബജറ്റ് അതാണ്‌ തെളിയിക്കുന്നത്. ” കെപിസിസി ജനറല്‍ സെക്രട്ടറി കെ.പി.അനില്‍കുമാര്‍ പറയുന്നു. ” സുരേഷ് പ്രഭുവിന്റെ ബജറ്റില്‍ ഒട്ടനവധി പ്രഖ്യാപനങ്ങളാണ്. ഈ പ്രഖ്യാപനങ്ങള്‍ എല്ലാം ഇങ്ങിനെ നടപ്പിലാകും. മുന്‍പും പ്രഖ്യാപനങ്ങള്‍ അനവധിയുണ്ടായിട്ടുണ്ട്.മിക്കതും നടപ്പായിട്ടുമില്ല.നടപ്പായിട്ടുണ്ടെങ്കില്‍ ഇവിടം സ്വര്‍ഗമായേനെ. എന്തായാലും കേരളത്തിന്റെ പ്രതീക്ഷകളെ സാധൂകരിക്കുന്ന ബജറ്റ് അല്ല ഇത്. കേരളത്തിന്റെ പ്രതീക്ഷകളെ കെടുത്തുകയും ചെയ്തിട്ടുണ്ട്.

പുതിയ ട്രെയിന്കളും, റെയില്‍വേ നവീകരണമൊന്നും പ്രഖ്യാപിക്കപ്പെട്ടിട്ടുമില്ല. അതുകൊണ്ടുതന്നെ കേരളത്തിന്റെ പ്രതീക്ഷകള്‍ എല്ലാം അസ്ഥാനതാക്കിയ ഒരു ബജറ്റായി തോന്നുന്നു.” സിപിഎം നേതാവും മുന്‍ മന്ത്രിയുമായ എം.വിജയകുമാര്‍ പറയുന്നു. ” റെയില്‍വേയുടെ വികസനത്തിനും, ആധുനികവത്ക്കരണത്തിനും. സുരക്ഷിതത്വത്തിനും മുന്‍‌തൂക്കം നല്‍കിയിരിക്കുന്ന ഒരു പക്ഷെ ആദ്യത്തെ റെയില്‍വേ ബജറ്റ് തന്നെയാകും ഇത്. റെയില്‍വേയ്ക്ക് ഒരു ആധുനിക മുഖം നല്‍കുന്ന ബജറ്റ് ആണിത്.ബജറ്റ് പ്രസംഗത്തില്‍ തന്നെ ഇത്തവണ പുതുമകളുണ്ടായിരുന്നു. റെയില്‍വേയുടെ ഭാവി ശുഭസൂചകമാണെന്ന് വെളിവാക്കുന്ന ഒരു ബജറ്റ് പ്രസംഗം കൂടിയായിരുന്നു ഇത്തവണത്തെത്.

” ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട്‌ എം.ടി.രമേശ്‌ പറയുന്നു. തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ നിന്നുള്ള സ്ഥിരം യാത്രക്കാരില്‍ പലര്‍ക്കും ഈ ബജറ്റിനെക്കുറിച്ച് പരാതികളില്ല. ” പുതിയ ട്രെയിന്‍ പ്രഖ്യാപിക്കപ്പെട്ടിട്ടില്ലല്ലോ, പാതകളുമില്ല. മുഴുവന്‍ കാര്യങ്ങള്‍ അറിയട്ടെ. എന്തായാലും യാത്രാക്കൂലി കൂട്ടാത്തത് ആശ്വാസം.” യാത്രക്കാരില്‍ ഒരാളായ ചന്ദ്രശേഖരന്‍ പറയുന്നു. പുതിയ റെയില്‍വേ ബജറ്റ് പ്രതീക്ഷയ്‌ക്കോത്ത് ഉയര്‍ന്നോ എന്ന കാര്യത്തില്‍ പോലും ആര്‍ക്കും ഒന്നും പറയാന്‍ കഴിയുന്നില്ല. അതെ ഇതൊരു പ്രത്യേക റെയില്‍വേ ബജറ്റ് ആണ്. എതിര്‍പ്പുകളില്ലാത്ത ബജറ്റ്. കൂടുതല്‍ പ്രഖ്യാപനങ്ങള്‍ വരും എന്ന പ്രതീക്ഷയിലാണ് മറ്റു സംസ്ഥാനങ്ങളെപ്പോലെ കേരളവും. പക്ഷെ മറ്റു സംസ്ഥാനങ്ങളില്‍ സംഭവിക്കുന്ന പോലെ ധൃതഗതിയിലുള്ള ഒരു വികസനം സംഭവിക്കാത്ത സ്റ്റേറ്റ് ആണ് കേരളം. അതുകൊണ്ടുതന്നെ റെയില്‍വേ ബജറ്റിന്റെ കാര്യത്തില്‍ കേരളത്തിന്റെ പ്രതീക്ഷകള്‍ എപ്പോഴും വാനോളമുയരുന്നു. ഇത്തവണയും അതിനു മാറ്റം സംഭവിച്ചില്ല. എന്തായാലും കൂടുതല്‍ പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ത്തിരിക്കുകതന്നെയാണ് കേരളം ഇത്തവണയും

പ്രതീക്ഷകള്‍ക്ക് വിരാമമായി . റെയില്‍വേ ഒരിക്കല്‍ കൂടി കേരളമടക്കം എല്ലാ സംസ്ഥാനങ്ങളെയും കൂവി തോല്‍പ്പിച്ചു . നൂറിലധികം ട്രെയിനുകള്‍ പ്രഖ്യാപിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ കാറ്റില്‍ പറത്തിയാണ് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു തന്റെ കന്നി ബജറ്റ് അവസാനിപ്പിച്ചത് . യാത്രാ കൂലി വര്‍ദ്ധന ഇല്ല എന്നതാണ് ഒരു പ്രധാന ആശ്വാസം . ശുചിത്വത്തിന് മുൻഗണനയും സാങ്കേതിക വികസനത്തിനു ഊന്നലും നൽകുന്ന ബജറ്റ് അവതരിപ്പിച്ച് വിവേകാനന്ദ സൂക്തം ഉദ്ധരിച്ച് റയിൽ മന്ത്രി സുരേഷ് പ്രഭു ബജറ്റ് പ്രസംഗം അവസാനിപ്പിച്ചു. യാത്രക്കാരുടെ എണ്ണം പ്രതിവർഷം 21 ദശലക്ഷത്തിൽ നിന്ന് 30ദശലക്ഷമാക്കും. ലൈനുകളിലെ സൗകര്യവും ട്രെയിനുകളുടെ ആവശ്യവും യാത്രാത്തിരക്കും പരിഗണിച്ച് പാതകളും ട്രെയിനുകളും പിന്നീട് പ്രഖ്യാപിക്കുമെന്ന് മന്ത്രി.

എംപി ഫണ്ടിൽ നിന്നും റയിൽവേയ്ക്ക് ധനസഹായം അഭ്യർഥിച്ച് റയിൽവേ മന്ത്രി

സുരേഷ് പ്രഭു .  ബഹുഭാഷാ ഇ-ടിക്കറ്റിങ് പോർട്ടൽ വരും,ട്രെയിനുകൾ എത്തിച്ചേരുന്ന വിവരം അറിയിക്കാൻ എസ്എംഎസ് സംവിധാനം രൂപപ്പെടുത്തും . വനിതാ കംപാർട്മെന്റുകളിൽ സുരക്ഷ ഉറപ്പാക്കാൻ നിരീക്ഷണക്യാമറ ഉൾപ്പെടുത്തും. ട്രെയിനുകളിൽ പരിസ്ഥിതി സൗഹൃദ വാക്വം സങ്കേതം ഉൾപ്പെടുന്ന ടോയ്ലെറ്റ് സൌകര്യങ്ങള്‍ ഉണ്ടാക്കുന്നു . ടിക്കറ്റ് ബുക്കിങ്ങിനൊപ്പം ഭക്ഷണവും ബുക്ക് ചെയ്യാൻ ഐആർടിസി വഴി പദ്ധതി നടപ്പാക്കും.

Add a Comment

Your email address will not be published. Required fields are marked *