റായ്‌ബറേലിയില്‍ ട്രെയിന്‍ അപകടം മരണം 30

ലക്‌നൗ : ഉത്തര്‍പ്രദേശിലെ റായ്‌ബറേലിയില്‍ ട്രെയിന്‍ പാളം തെറ്റി മരിച്ചവരുടെ എണ്ണം മുപ്പതായി. ഡെറാഡൂണ്‍-വാരണാസി ജനതാ എക്‌സ്‌പ്രസിന്റെ (1422) എഞ്ചിനും രണ്ടു കോച്ചുകളുമാണ്‌ പാളം തെറ്റിയത്‌. രാവിലെ 9.30 ഓടെയാണ്‌ സംഭവം. 150 ലധികം പേര്‍ക്ക്‌ പരുക്കേറ്റു. ബച്ച്‌റവാന്‍ റയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്താന്‍ വരുമ്പോഴാണ്‌ പാളംതെറ്റിയത്‌.

 

ബ്രേക്ക്‌ തകരാറാണ്‌ അപകട കാരണമെന്നാണ്‌ പ്രാഥമിക നിഗമനം. പാളംതെറ്റിയ കോച്ചുകളില്‍ ഒന്ന്‌ ജനറല്‍ കംപാര്‍ട്ട്‌മെന്റും മറ്റേത്‌ ഗാര്‍ഡ്‌ കംപാര്‍ട്ട്‌മെന്റുമാണ്‌. ദുരന്തനിവാരണ സേനയും റയില്‍വേയുടെ സംഘവും സംഭവസ്‌ഥലത്ത്‌ എത്തിയിട്ടുണ്ട്‌. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്‌. മരണ നിരക്ക്‌ ഉയര്‍ന്നേക്കുമെന്ന്‌ റയില്‍വേ ഉദ്യോഗസ്‌ഥര്‍ അറിയിച്ചു.

ഡോക്‌ടര്‍മാരുടെ സംഘത്തെയും 40 ആംബുലന്‍സുകളും സംഭവസ്‌ഥലത്തേക്കയച്ചിട്ടുണ്ടെന്ന്‌ ലക്‌നൗ ചീഫ്‌ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.

അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക്‌ യുപി സര്‍ക്കാര്‍ രണ്ടു ലക്ഷം രൂപാ വീതം ധനസഹായം പ്രഖ്യാപിച്ചു. പരുക്കേറ്റവര്‍ക്ക്‌50,000രൂപാ വീതം നല്‍കും. സംഭവത്തെക്കുറിച്ച്‌ റയില്‍വേ അന്വേഷണം ആരംഭിച്ചു.

Add a Comment

Your email address will not be published. Required fields are marked *