രൂക്ഷവിമര്‍ശനം
കൊല്ലം: സെക്രട്ടറിയേറ്റ് അംഗങ്ങളെ തീരുമാനിച്ചതുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന നേതൃത്വത്തിനെതിരെ കൊല്ലം ജില്ലാ കമ്മിറ്റി യോഗത്തില്‍ രൂക്ഷവിമര്‍ശനം.പി കെ ഗുരുദാസനെ ഒഴിവാക്കിയത് വഴി ജില്ലയ്ക്കുണ്ടായിരുന്ന പ്രാതിനിധ്യം നഷ്ടപ്പെട്ടെന്നായിരുന്നു വിമര്‍ശനം.സെക്രട്ടറിയേറ്റില്‍ മലബാറില്‍ നിന്നുളള അംഗങ്ങളുടെ അപ്രമാദിത്വമാണെന്നും യോഗത്തില്‍ കടുത്ത വിമര്‍ശനം ഉയര്‍ന്നു.
സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ഗുരുദാസന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം ഉണ്ടായത്. സംസ്ഥാന സെക്രട്ടറിയേറ്റില്‍ നിന്നും ഗുരുദാസനെ ഒഴിവാക്കിയത് അംഗീകരിക്കാനാകില്ലെന്ന് അഭിപ്രായമുയര്‍ന്നു. ഗുരുദാസനെ ഒഴിവാക്കിയതോടെ കണ്ണൂര്‍ കഴിഞ്ഞാല്‍ കുടുതല്‍ പാര്‍ടി അംഗങ്ങള്‍ ഉളള ജില്ലയ്ക്ക് സെക്രട്ടറിയേറ്റിലുണ്ടായിരുന്ന പ്രാതിനിധ്യം ഇല്ലാതായി.പരമ്പരാഗത തൊഴിലാളി മേഖലയായ കൊല്ലം, വ്യവസായ മേഖലയായ എറണാകുളം എന്നീ ജില്ലകള്‍ക്ക് സെക്രട്ടറിയേറ്റില്‍ പ്രാതിനിധ്യം നല്‍കാത്തതും വിമര്‍ശന വിധേയമായി.
15അംഗ സെക്രട്ടറിയേറ്റ് അംഗങ്ങളില്‍ പത്തുപേരും മലബാറില്‍ നിന്നുളളവരാണ്.സെക്രട്ടറിയേറ്റില്‍ മലബാറില്‍ നിന്നുളളവരുടെ അപ്രമാദിത്വമാണ്.മധ്യകേരളത്തില്‍ നിന്നും തെക്കന്‍ കേരളത്തില്‍ നിന്നുമുളള നേതാക്കളെ ബോധപൂര്‍വ്വം സെക്രട്ടറിയേറ്റില്‍ നിന്നും ഒഴിവാക്കുന്ന നടപടി നീതിയല്ലെന്നും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.